എല്പിജിക്ക് പകരക്കാരനാകാന് ഡിഎംഇ,വിദേശ്യനാണ്യത്തില് കോടികള് ലാഭം
Newdelhi , 26 മെയ് (H.S.) പശ്ചിമേഷ്യന് സംഘര്ഷത്തിന്റെ പശ്ചാത്തലത്തില് ആഗോളതലത്തില് ഊര്ജ്ജ പ്രതിസന്ധി വര്ദ്ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഊര്ജ്ജ സ്വയം പര്യാപ്തതയ്ക്കായി ബദല് മാര്ഗങ്ങളിലേക്ക് തിരിഞ്ഞിരിക്കുന്നത്. നമുക്ക് ഏറ്റവും അനുയോജ്യമായ ബ
DME FACILITY


Newdelhi , 26 മെയ് (H.S.)

പശ്ചിമേഷ്യന് സംഘര്ഷത്തിന്റെ പശ്ചാത്തലത്തില് ആഗോളതലത്തില് ഊര്ജ്ജ പ്രതിസന്ധി വര്ദ്ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഊര്ജ്ജ സ്വയം പര്യാപ്തതയ്ക്കായി ബദല് മാര്ഗങ്ങളിലേക്ക് തിരിഞ്ഞിരിക്കുന്നത്. നമുക്ക് ഏറ്റവും അനുയോജ്യമായ ബദല് ഇന്ധനം ഡിമെത്തയില് ഈഥറാണെന്നാണ് മുതിര്ന്ന ശാസ്ത്രജ്ഞനായ വി കെ സാരസ്വത് അടക്കമുള്ളവര് പറയുന്നത്.

അതേസമയം ഇത്തരത്തില് ഒരു ഊര്ജ്ജ സ്വയം പര്യാപ്ത സംവിധാനത്തിലേക്ക് തദ്ദേശീയമായി നാം പൂര്ണമായും മാറണമെങ്കില് മൂന്ന് മുതല് അഞ്ച് വര്ഷം വരെയെങ്കിലും സമയം വേണ്ടി വരുമെന്നാണ് നിതി ആയോഗിന്റെ മെഥനോള് കോര്കമ്മിറ്റി അംഗവും എംഇഒഎച്ച് ടെക് ആന്ഡ് ആപ്ലിക്കേഷന്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപക മേധാവിയുമായ പ്രശാന്ത് ശ്രീനിവാസ് ചൂണ്ടിക്കാട്ടുന്നത്. എന്നാല് അത് വരെ മെഥനോള് നാം ഇറക്കുമതി ചെയ്താലും അസംസ്കൃത എണ്ണകളില് നിന്നുള്ള ഇന്ധനങ്ങളെക്കാള് മുപ്പത് മുതല് നാല്പ്പ് ശതമാനം വരെ ലാഭകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഡിഎംഇ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് എത്തിക്കുന്നത് എല്പിജിയെക്കാള് സുരക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത് ദ്രാവക രൂപത്തില് കൊണ്ടുപോകാനാകും. ഉപയോഗ കേന്ദ്രത്തിന് തൊട്ടടുത്ത് വച്ച് ഇതിനെ വാതകമാക്കി മാറ്റാനും സാധിക്കുമെന്നും അദ്ദേഹം പറയുന്നു. കുറഞ്ഞ മര്ദ്ദത്തില് പ്രവര്ത്തിക്കുമെന്നത് കൊണ്ട് തന്നെ ഇതിന്റെ സംഭരണവും കൈകാര്യം ചെയ്യലും വിതരണ ചെലവും എല്ലാം കുറയും. വാണിജ്യ ഉപഭോഗത്തിനും സുരക്ഷിതമാണ്.

വഴിയോര ഭക്ഷണ കേന്ദ്രങ്ങള്ക്കും റസ്റ്റോറന്റുകള്ക്കും കേറ്ററിങുകാര്ക്കും വാണിജ്യ അടുക്കളകള്ക്കും ഗുണകരമാണെന്നും ശ്രീനിവാസ് പറയുന്നു. കുറഞ്ഞ ചെലവില് തടസങ്ങളില്ലാതെ ഇന്ധന വിതരണവും നടക്കുന്നു. അത് കൊണ്ട് തന്നെ വാണിജ്യ എല്പിജിക്ക് നൂറ് ശതമാനവും മികച്ച ബദലാണ് ഇതെന്നും അദ്ദേഹം പറയുന്നു.

രാജ്യത്തെ 50000 കോടി രൂപയുടെ വാണിജ്യ പാചക ഇന്ധന വിപണിയില് മുപ്പത് ശതമാന ലാഭിക്കാനായാല് തന്നെ നമുക്ക് പ്രതിവര്ഷം 200 കോടി ഡോളര് മിച്ചം പിടിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്ക്കുന്നു.

ഇതിലേക്കുള്ള ആദ്യ ചുവട് വയ്പായി മഹാരാഷ്ട്രയിലെ സോലാപ്പൂരില് ബാലാജി അമിന്സ് ലിമിറ്റഡിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഡിമെത്തയില് ഈഥര്(ഡിഎംഇ)ഉത്പാദന പ്ലാന്റ് പ്രവര്ത്തനം തുടങ്ങിയിരിക്കുന്നു. രാജ്യത്തെ ആദ്യ ഡിഎംഇ വാണിജ്യോത്പാദന പ്ലാന്റ് ആണ് ഇത്.

ഈ മാസം ഇരുപതിനാണ് ഈ പ്ലാന്റില് ഉത്പാദനം ആരംഭിച്ചിരിക്കുന്നത്. ചിന്ചോളിയിലുള്ള മഹാരാഷ്ട്ര വാണിജ്യ വികസന കോര്പ്പറേഷന് മേഖലയിലുള്ള ഈ പ്ലാന്റില് പ്രതിവര്ഷം ഒരു ലക്ഷം മെട്രിക് ടണ് ഡിഎംഇ ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആഗോള ഭൗമരാഷ്ട്രീയ അസ്ഥിരതകളും അസ്ഥിരമായ ഊര്ജ്ജ വിപണിയുടെയും പശ്ചാത്തലത്തില് ഇറക്കുമതി ചെയ്യുന്ന പാചകവാതകത്തിനോടുള്ള അമിത ആശ്രിതത്വം കുറയ്ക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഹരിത പാചക വാതകമായ ഡിഎംഇക്ക് പൂര്ണമായും എല്പിജിക്ക് പകരക്കാരനാകാനോ അല്ലെങ്കില് അതിനോട് കലര്ത്താനോ സാധിക്കുമെന്നാണ് വിലയിരുത്തല്. യൂറോപ്പിലെയും ഏഷ്യയിലെയും നിരവധി രാജ്യങ്ങള് ഇതിനകം തന്നെ ഡിഎംഇയെ എല്പിജിക്കൊപ്പം ഇരുപത് ശതമാനം വരെയെന്ന തോതില് കലര്ത്തി ഉപയോഗിക്കാന് തുടങ്ങിക്കഴിഞ്ഞു. അടുത്തിടെ ബ്യൂറോ ഓഫ് ഇന്ത്യന് സ്റ്റാന്ഡേര്ഡ് ഡിഎംഇയെ എല്പിജിയുമായി എട്ട് ശതമാനം വരെ കലര്ത്താന് അനുവദിച്ചു. ക്രമേണ ഗാര്ഹിക ഇന്ധന സംവിധാനത്തിലേക്ക് ഡിഎംഇയ്ക്ക് ഇതിലൂടെ വാതില് തുറന്ന് നല്കിയിരിക്കുകയാണ്.

നമ്മുടെ ആവശ്യത്തിന്റെ നാലിലൊന്ന് എല്പിജിയും ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തിലാണ് ഈ പുതിയ നീക്കങ്ങള്. പശ്ചിമേഷ്യയിലും മറ്റ് ഊര്ജ്ജ ഉത്പാദന മേഖലകളിലും ഉണ്ടായ സംഘര്ഷങ്ങള് ആഗോള വിതരണ ശൃംഖലയെ തടസപ്പെടുത്തിയതോടെ നാം വലിയ വിലയാണ് നല്കേണ്ടി വരുന്നത്.

ഇന്ത്യയ്ക്ക് എല്പിജി ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കാന് ഡിഎംഇ ഒരു മികച്ച ബദലാണെന്ന് നിതി ആയോഗ് മുന് അംഗവും മുതിര്ന്ന ശാസ്ത്രജ്ഞനുമായ വി കെ സാരസ്വത് ഇടിവി ഭാരതിനോട് പറഞ്ഞു. ഇതിലൂടെ നമുക്ക് പൂര്ണമായും എല്പിജി ഒഴിവാക്കാനോ അതല്ലെങ്കില് എല്പിജിയില് കലര്ത്തി ഡിഎംഇ ഉപയോഗിക്കാനോ സാധിക്കും. ഏതായാലും എല്പിയുടെ ഇറക്കുമതിയോടുള്ള അമിതാശ്രയത്വം നമുക്ക് കുറയ്ക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

പ്രാദേശിക വിഭവങ്ങളുപയോഗിച്ച് തദ്ദേശീയമായ സാങ്കേതികതകളിലൂടെ ഡിഎംഇ ആഭ്യന്തരമായി ഉത്പാദിപ്പിക്കുകയാണ് നമ്മുടെ ദീര്ഘകാലാടിസ്ഥാനത്തിലുള്ള ലക്ഷ്യം. ഡിഎംഇയുടെ ഉത്പാദനത്തിന് വേണ്ട സുപ്രധാന അസംസ്കൃത വസ്തുവായ മെഥനോള് കല്ക്കരി അടിസ്ഥാനമായുള്ള പ്രക്രിയകളടക്കം വിവിധ വഴികളിലൂടെ നമുക്ക് ഉത്പാദിപ്പിക്കാനാകും.

തദ്ദേശീയമായ ഡിഎംഇ സാങ്കേതികത ഇതിനകം തന്നെ പൂനയിലെ ദേശീയ കെമിക്കല് ലാബില് ഉള്പ്രേരക സാങ്കേതികതയ്ക്കൊപ്പം വികസിപ്പിച്ച് കഴിഞ്ഞുവെന്നും സാരസ്വത് ചൂണ്ടിക്കാട്ടി. പരീക്ഷണാടിസ്ഥാനത്തിലുള്ള പ്ലാന്റ് ഇതിനകം തന്നെ പ്രവര്ത്തനം തുടങ്ങിക്കഴിഞ്ഞു. ചില സ്വകാര്യ കമ്പനികള് ഇറക്കുമതി ചെയ്ത മെഥനോള് ഉപയോഗിച്ച് വന്തോതില് ഉത്പാദനം തുടങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

പൂര്ണതോതില് പ്രവര്ത്തനം തുടങ്ങിയാല് ബാലാജി അമിന്സിന് ഒരു ലക്ഷം ടണ് മെഥനോള് പ്രതിവര്ഷം വേണ്ടി വരും. നിലവിലുള്ള വിപണി അസ്ഥിരതകള് തുടരുന്നതിനാല് മെഥനോളിന്റെ വിലയിലും ചാഞ്ചാട്ടമുണ്ടാകുമെന്നാണ് വ്യവസായ രംഗത്ത് നിന്നുള്ള വിലയിരുത്തല്. ഇന്ത്യയുടെ ഊര്ജ്ജ സുരക്ഷാ ലക്ഷ്യങ്ങളില് തന്ത്രപരമായ ഒരു നാഴികക്കല്ലാകും ഈ പദ്ധതിയെന്ന് ബാലാജി അമിന്സിന്റെ മാനേജിങ് ഡയറക്ടര് റാം റെഡ്ഡി ഇടിവി പറഞ്ഞു. ഇന്ത്യയുടെ ഊര്ജ്ജ സുരക്ഷയെ ശാക്തീകരിക്കാനുള്ള നിര്ണായകമായ ഒരു ചുവട് വയ്പാണിതെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു. നിലവില് നമ്മള് വന്തോതില് വിദേശത്ത് നിന്ന് എല്പിജി വാങ്ങുകയാണ്. ലോകമെമ്പാടും ഇപ്പോഴുള്ള ഭൗമരാഷ്ട്രീയ സംഘര്ഷങ്ങളുടെ പശ്ചാത്തലത്തില് -ആഗോള സാഹചര്യങ്ങള് എങ്ങനെയാണ് ഇന്ത്യയുടെ ഊര്ജ്ജ വിതരണ ശൃംഖലയെ ബാധിക്കുന്നതെന്ന് നാം കണ്ടു കൊണ്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ ഊര്ജ്ജമേഖലയില് നാം സ്വയംപര്യാപ്തരാകാനുള്ള യഥാര്ത്ഥ സമയമിത് തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹോട്ടലുകള്, റസ്റ്റോറന്റുകള്, ബേക്കറികള്, ബിസ്ക്കറ്റ് നിര്മ്മാണമേഖല, എയറോസോള് ആപ്ലിക്കേഷനുകള്, സെറാമിക്സ്, ബള്ബ് നിര്മ്മാണ മേഖല, പാചകവാതകം വന്തോതില് ഉപയോഗിക്കുന്ന മറ്റ് വ്യവസായങ്ങള് എന്നിവയ്ക്ക് ഡിഎഇ വലിയ വാണിജ്യ സാധ്യതകളാണ് തുറന്ന് നല്കുന്നതെന്ന് കമ്പനി കരുതുന്നു. ഡിഎംഇ എല്പിജിയുമായി കലര്ത്താന് സാധിക്കുന്നത് കൊണ്ട് തന്നെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളിലൂടെ തന്നെ ഇത് ഉപയോഗിക്കാനാകും. നമ്മുടെ രാജ്യത്തിന് വരും കാലത്ത് സാമ്പത്തികമായും പ്രായോഗികമായുമുള്ള ഒരു മികച്ച ബദല് തന്നെയാണ് ഇതെന്നും റെഡ്ഡി പറഞ്ഞു.

ഇപ്പോള് നമുക്ക് എല്പിജിയും ഡിഎംഇയും തമ്മിലുള്ള വില താരതമ്യം സാധ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാരണം പശ്ചിമേഷ്യന് സംഘര്ഷങ്ങളുടെയും ആഗോള വിപണിയിലെ അസ്ഥിരതകളുടെയും പശ്ചാത്തലത്തില് അസംസ്കൃത സാധനങ്ങളുടെ വില ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.

കാര്യങ്ങള് ഇങ്ങനെയൊക്കെ ആണെങ്കിലും ഇന്ത്യയുടെ ആഭ്യന്തര മെഥനോള് ഉത്പാദന ശേഷി പരിമിതമാണെന്ന് ഈ രംഗത്ത് നിന്നുള്ള വിദഗ്ദ്ധര് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ മിക്ക മെഥനോള് ഉത്പാദകരും നിലവില് പ്രകൃതി വാതക വിതരണത്തെയാണ് ആശ്രയിക്കുന്നത്. ഇത് മറ്റൊരു ഇറക്കുമതി ആശ്രിതത്വമാണ്.

ഭാവിയില് ഇത്തരം ആശ്രിതത്വം കുറയ്ക്കാനായി മെഥനോളിനായി നാം കല്ക്കരി വാതകവത്ക്കരണത്തിന് ഊന്നല് നല്കണം എന്നും സാരസ്വത് പറയുന്നു. കേന്ദ്രം ഇതിനകം തന്നെ 37500 കോടി കല്ക്കരി വാതക വത്ക്കരണ ദൗത്യത്തിനായി അനുവദിച്ച് കഴിഞ്ഞു. നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ആഭ്യന്തര ഉത്പാദന ശേഷി വര്ദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണിത്.

രാജ്യത്ത് നിലവിലുള്ള എല്പിജി വിതരണ ശൃംഖലയ്ക്ക് അനുരൂപമാണെന്നതാണ് ഡിഎഇയുടെ ഏറ്റവും വലിയ സവിശേഷത. സംഭരണം, ഗതാഗതം, അടിസ്ഥന സൗകര്യങ്ങള്, സിലിണ്ടറുകള് ബര്ണറുകള് തുടങ്ങിയവയില് ചെറിയ മാറ്റങ്ങളേ ഡിഎംഇയ്ക്കായി വേണ്ടി വരൂ എന്നും സാരസ്വത് വിശദീകരിക്കുന്നു. എല്പിജിയെക്കാള് ചെലവ് കുറവാണ് ഡിഎംഇയ്ക്ക് പ്രതീക്ഷിക്കുന്നത്. ഇത് വീടുകള്ക്കും ഹോട്ടലുക്ക്കും മറ്റ് ചെറുകിട വ്യവസായങ്ങള്ക്കും ഗുണകരമാകുമെന്നും അദ്ദേഹം പറയുന്നു.

ഡിഎംഇ കലര്ത്തലും ഇത് വ്യാപകമാക്കലും സംബന്ധിച്ച് മന്ത്രാലയങ്ങളും വിപണന കമ്പനികളുമായി ഇതിനകം തന്നെ ചര്ച്ച തുടങ്ങിക്കഴിഞ്ഞതായും കമ്പനി വെളിപ്പെടുത്തി. എന്നാല് ഇതിന് അംഗീകാരം നേടിയെടുക്കുന്നതിന് ഏറെ കടമ്പകളുണ്ട്. റോഡുകളിലെ ഇത് ടാങ്കറുകളില് കൊണ്ടു പോകുന്നതിനും സംഭരണ സംവിധാനങ്ങള്ക്കും സിലിണ്ടറുകള്ക്കും എല്ലാം പെട്രോളിയം ആന്ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്ഗനൈസേഷനില് നിന്ന് സുരക്ഷ അനുമതി നേടുന്നതിന് ബാലാജി അമിന്സ് നിരവധി വെല്ലുവിളികള് നേരിട്ടതായി റെഡ്ഡി വ്യക്തമാക്കി. കാരണം ഇത്തരമൊരു സംഗതി ഇന്ത്യയെ സംബന്ധിച്ച് തികച്ചും പുതിയതാണ്. നിയന്ത്രണ പ്രശ്നങ്ങള് പരിഹരിക്കുന്നതിന് മുന്ഗണന നല്കണമെന്ന് തങ്ങള് പെസോ അധികൃതരോടും നിര്ദ്ദിഷ്ട മന്ത്രാലയങ്ങളോടും അഭ്യര്ത്ഥിച്ചിട്ടുണ്ട്. എന്നാല് മാത്രമേ ഡിഎംഇ രാജ്യത്ത് മികച്ച രീതിയില് മുന്നോട്ട് കൊണ്ടു പോകാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. എല്പിജി കൊണ്ടു പോകുന്ന ടാങ്കറുകള് ഡിഎംഇ കൊണ്ടുപോകാനും ഉപയോഗിക്കാമെന്ന നിര്ദ്ദേശം കമ്പനി മുന്നോട്ട് വച്ചിട്ടുണ്ട്.ഡിഎംഇ എല്പിജയെക്കാള് കുറഞ്ഞ സമ്മര്ദ്ദം മാത്രമേ ഉണ്ടാക്കുന്നുള്ളൂ. പ്രകൃത വാതക പൈപ്പ് ലൈന് ശൃംഖലയിലേക്ക് മാറിയ നഗരങ്ങളില് ഉപയോഗിക്കാതെ കിടക്കുന്ന ഇത്തരം വാഹനങ്ങളെ ഉപയോഗിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ബദല് ഇന്ധനത്തിന് പുറമെ ബാലാജി അമിന്സ് വൈദ്യുതി വാഹന ബാറ്ററി കെമിക്കല്സ് മേഖലയിലേക്കും കടന്നിട്ടുണ്ട്. നേരത്തെ ഇലക്ട്രോണിക് ഗ്രേഡ് ഡൈമെത്തയില് കാര്ബണേറ്റ് ഉത്പാദിപ്പിച്ചിരുന്ന പ്ലാന്റുകള് ബാറ്ററി ഗ്രേഡ് കെമിക്കല് ഉത്പാദിപ്പിക്കാനായി മാറ്റുകയാണ്. ഇവി ബാറ്ററി ഇലക്ട്രോലൈറ്റ് സംയുക്തത്തിന്റെ ഒരു സുപ്രധാന ഘടകമാണിത്. 15000 എംടിപിഎ ശേഷിയുള്ളവയാണിത്.

ഇവി ബാറ്ററി നിര്മ്മാണത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന സോള്വന്റ് ആയ ഇലക്ട്രോണിക് ഗ്രേഡ് എന് മെഥയില് പിറോലിഡനും ഉത്പാദിപ്പിക്കുന്നുണ്ട്.

ഇത് ആഭ്യന്തര ബദല് ഇന്ധന ഉത്പാദന മേഖലയിലേക്കുള്ള ഒരു സുപ്രധാന ചുവട് വയ്പാണിതെന്ന് പൂനെയിലെ സിഎസ്ഐആര് നാഷണല് കെമിക്കല് ലബോറട്ടറിയിലെ മുതിര്ന്ന ശാസ്ത്രജ്ഞന് ഡോ.തിരുമലൈസ്വാമി രാജ പറഞ്ഞു. എല്പിജി ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാന് ഇത് സഹായകമാകും. ഒപ്പം ഊര്ജ്ജ സുരക്ഷയ്ക്ക് കരുത്തേകും. തദ്ദേശീയ ഗവേഷണങ്ങളും ഉത്പാദനവും വാണിജ്യനവീകരണവുമെല്ലാം ഇതിലൂടെ പ്രോത്സാഹിപ്പിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഡിഎഇ എല്പിജിക്കുള്ള ഒരു മികച്ച ബദല് തന്നെയാണ്. കാരണം ഇത് ഹരിത ഊര്ജ്ജമാണ്. കാര്യമായ കാര്ബണ് പുറന്തള്ളല് ഇല്ല. ബയോമാസ്, മാലിന്യം തുടങ്ങിയ ബഹുവിധ ആഭ്യന്തര വിഭവങ്ങളില് നിന്ന് ഇത് നിര്മ്മിക്കാനാകും. ഒപ്പം നമ്മുടെ ദീര്ഘകാല ഹരിതോര്ജ്ജ- കാര്ബണ് കുറയ്ക്കല് ലക്ഷ്യങ്ങള്ക്ക് തുണയാകാനും

നിലവില് നമ്മുടെ രാജ്യത്തുള്ള എല്പിജി അടിസ്ഥാന സൗകര്യങ്ങള് ഹൈഡ്രജന് പോലുള്ള ഇന്ധനങ്ങളെക്കാള് ഡിഎംഇയ്ക്ക് ഏറെ ഗുണകരമാണ്. ഇവയ്ക്ക് ചെറു മാറ്റങ്ങള് മാത്രമേ ആവശ്യമുള്ളൂ എന്നത് കൊണ്ട് തന്നെ വേഗത്തിലും ചെലവ് കുറഞ്ഞതുമായ വലിയ തോതിലുള്ള ഉത്പാദനത്തിന് ഇത് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. വിഭവങ്ങളുടെ ലഭ്യത, ബര്ണറുകള് നവീകരിക്കല്, സുരക്ഷ മാനദണ്ഡങ്ങള് പുതുക്കല്,ഒപ്പം ചെലവ് കുറഞ്ഞ തദ്ദേശ ഉത്പാദന സാങ്കേതികതകള് ഉറപ്പാക്കല് എന്നിവയാണ് ഡിഎംഇ രാജ്യവ്യാപകമായി കലര്ത്തുന്നതില് നേരിടുന്ന വെല്ലുവിളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്പിജി ഇറക്കുമതി കുറച്ച് കൊണ്ട് ഇന്ത്യയുടെ ദീര്ഘകാല ഊര്ജ്ജ മാറ്റത്തിന് ഡിഎംഇയ്ക്ക് സുപ്രധാന പങ്ക് വഹിക്കാനാകും.ഇത് ഊര്ജ്ജ സുരക്ഷ വര്ദ്ധിപ്പിക്കും. വിദേശ നാണ്യചെലവ് കുറയ്ക്കും. പുനരുപയോഗിക്കാവുന്ന ഊര്ജ്ജവിഭവങ്ങളിലൂടെയും ഹരിതഹൈഡ്രജനിലൂടെയും ഹരിത ഇന്ധന വഴികള്ക്ക് തുണയാകും.

രാജ്യത്തെ ആദ്യ വാണിജ്യ ഡിഎംഇ പദ്ധതി വിജയകരമായാല് ഇന്ത്യയുടെ ഹരിത-ബദല് ഇന്ധന, ആഭ്യന്തര മെഥനോല് ഉത്പാദനം, ദീര്ഘകാല ഊര്ജവൈവിധ്യവത്ക്കരിക്കല് തന്ത്രങ്ങള് തുടങ്ങിയ നയതീരുമാനങ്ങള് ഇത് നിര്ണയിക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News