Enter your Email Address to subscribe to our newsletters

Thiruvananthapuram , 26 മെയ് (H.S.)
നവകേരളയാത്രയ്ക്കിടെ പ്രതിഷേധിച്ച കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെ അഞ്ചുപേർക്ക് സസ്പെൻഷൻ. പൊലീസ് ആസ്ഥാനത്തുനിന്ന് ഇവരെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങി. പിണറായി വിജയന്റെ ഗൺമാനായിരുന്ന അനിൽ കുമാർ, അകമ്പടിസേനയിലെ അംഗങ്ങളായിരുന്ന സന്ദീപ്, അരുൺ, വിപിൻ, ഷൈജു എന്നിവർക്കെതിരെയാണ് നടപടി. 2023 ഡിസംബർ അഞ്ചിന് ആലപ്പുഴയിൽ നടന്ന സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് പൊലീസ് ആസ്ഥാനത്തിന് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
പ്രതിഷേധക്കാരെ നേരിടാൻ ഗൺമാൻമാർ ഇടപെടേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും പ്രവർത്തകരെ മർദിച്ചത് കുറ്റകൃത്യമായി കണക്കാക്കി ഇവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തണമെന്നും എസ്ഐടിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. നവകേരള സദസ് പരിപാടിക്കു വന്ന മുഖ്യമന്ത്രിയുടെ ബസിനു മുന്നിൽ ആലപ്പുഴ ജനറൽ ആശുപത്രി ജംങ്ഷനു സമീപം പ്രതിഷേധിച്ച കെഎസ്യു ജില്ലാ പ്രസിഡന്റ് എ ഡി തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ് എന്നിവരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽനിന്നു ചാടിയിറങ്ങിയ ഗൺമാനും സംഘവും ചേർന്ന് മർദ്ദിക്കുകയായിരുന്നു. എ.ഡി.തോമസ് ഇപ്പോൾ ആലപ്പുഴ മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ്.
മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, സുരക്ഷാ ജീവനക്കാരൻ സന്ദീപ് എന്നിവരെ കുറ്റവിമുക്തരാക്കിയ ക്രൈംബ്രാഞ്ച് നടപടി തള്ളിയ കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ പിണറായി സർക്കാർ തുടർനടപടികൾ സ്വീകരിച്ചിരുന്നില്ല. മർദ്ദനത്തെ 'രക്ഷാപ്രവർത്തനം' എന്നു മുഖ്യമന്ത്രി ഉൾപ്പെടെ ന്യായീകരിച്ചതും വിവാദമായിരുന്നു. അനിൽകുമാറിനും സന്ദീപിനും എതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്.
സംഭവത്തിൽ പുനരന്വേഷണം നടത്താൻ യുഡിഎഫ് സർക്കാർ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് അന്വേഷണം നടത്തിയത്. ഡിവൈഎസ്പി ബൈജു പൗലോസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. സിഐ ടോൾസൺ, എസ്ഐമാരായ ജയകൃഷ്ണൻ, ദീനദയാൽ മല്ലൻ, എസ്ആർ.അമൃതരാജ്, എഎസ്ഐ രാജേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. എഡിജിപി എംആർ അജിത് കുമാറിനോട് വിശദീകരണം തേടാനും എസ്ഐടി തീരുമാനിച്ചിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടി സ്വീകരിക്കാനാണ് നീക്കം.
അതേസമയം, ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. കേസിനു പിന്നിൽ രാഷ്ട്രീയ- വ്യക്തി വിരോധമാണ്. കേസ് കെട്ടിച്ചമച്ചതും വ്യാജവുമാണെന്നും അറസ്റ്റ് ചെയ്താൽ വിട്ടയക്കണമെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. കേസിന്റെ അന്വേഷണ റിപ്പോർട്ട് തിരുത്തിയെന്ന ആരോപണം എഡിജിപി എംആർ അജിത്ത് കുമാർ തള്ളി. അജിത്കുമാറിന്റെ നിർദേശപ്രകാരം ഓഫീസിലെ രണ്ട് ഗ്രേഡ് എസ്ഐമാർ കേസ് ഡയറിയും കേസ് അവസാനിപ്പിക്കാനുള്ള റിപ്പോർട്ടും തിരുത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ഇതിനോടകം എസ്ഐടിയ്ക്ക് നൽകിയ മൊഴി. കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയതിന്റെ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR