Enter your Email Address to subscribe to our newsletters

Newdelhi, 26 മെയ് (H.S.)
ന്യൂഡൽഹി: കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള സ്വപ്ന പദ്ധതികൾക്ക് കേന്ദ്ര സർക്കാരിന്റെ എല്ലാവിധ സഹായങ്ങളും ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിയോടും ധനകാര്യ മന്ത്രിയോടും അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ധനമന്ത്രിയെയും നേരിൽ കണ്ട് ചർച്ച നടത്തിയ ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തിന്റെ പ്രത്യേക വികസന പദ്ധതികൾക്കായി പ്രത്യേക സാമ്പത്തിക പാക്കേജും സഹായവും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന് അവകാശപ്പെട്ട കേന്ദ്ര സഹായങ്ങളും നികുതി വിഹിതവും കൃത്യമായി ലഭ്യമാക്കാനായി കേന്ദ്ര സർക്കാർ തലത്തിൽ ശക്തമായ ഇടപെടൽ നടത്തും. കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും വികസന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനായി കേന്ദ്രവുമായി സൗഹാർദ്ദപരമായ ബന്ധം പുലർത്തുമെന്നും സംസ്ഥാനത്തിന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെ കൂട്ടിച്ചേർത്തു.
കേരളത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി ജനങ്ങൾക്ക് മുന്നിൽ സുതാര്യമായി അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ജൂൺ ആദ്യവാരം തന്നെ സംസ്ഥാനത്തിന്റെ സന്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട വിശദമായ ധവളപത്രം സർക്കാർ പുറത്തിറക്കും. കഴിഞ്ഞ കാലങ്ങളിലെ സാമ്പത്തിക മാനേജ്മെന്റിലെ വീഴ്ചകളും, നിലവിലെ കടബാധ്യതകളും, വരും വർഷങ്ങളിൽ വരുമാനം വർദ്ധിപ്പിക്കാനുള്ള കൃത്യമായ റോഡ് മാപ്പും ഈ ധവളപത്രത്തിൽ ഉൾക്കൊള്ളിക്കുമെന്നാണ് സൂചന.
സംസ്ഥാനത്തിന്റെ വികസന കാര്യത്തിൽ രാഷ്ട്രീയം നോക്കാതെ ഒന്നിച്ച് മുന്നോട്ട് പോകാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. വലിയ നിക്ഷേപങ്ങൾ ആവശ്യമുള്ള സ്വപ്ന പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ കേന്ദ്രത്തിന്റെ പിന്തുണ അനിവാര്യമാണ്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച തികച്ചും ഹാർദ്ദവവും പോസിറ്റീവുമായിരുന്നു. അതേസമയം തന്നെ, കേരളത്തിന്റെ നിലവിലെ ധനസ്ഥിതി എന്താണെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ ജൂൺ ആദ്യവാരം തന്നെ ധവളപത്രം പ്രസിദ്ധീകരിക്കും. - മുഖ്യമന്ത്രി വി.ഡി. സതീശൻ
അധികാരമേറ്റതിന് ശേഷം സംസ്ഥാനത്തിന്റെ വികസന മുരടിപ്പ് മാറ്റാൻ വലിയ പദ്ധതികൾക്കാണ് പുതിയ സർക്കാർ രൂപം നൽകുന്നത്. എന്നാൽ ഖജനാവിലെ പ്രതിസന്ധി ഈ പദ്ധതികൾക്ക് തിരിച്ചടിയാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സഹായം ഉറപ്പാക്കാനുള്ള മുഖ്യമന്ത്രിയുടെ ഡൽഹി യാത്രയും, സുതാര്യത ഉറപ്പാക്കാനായുള്ള ധവളപത്ര പ്രഖ്യാപനവും രാഷ്ട്രീയ-സാമൂഹിക കേന്ദ്രങ്ങളിൽ വലിയ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടുന്നത്. പുതിയ സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ ദിശാസൂചകമായിരിക്കും ജൂണിൽ പുറത്തിറങ്ങാനിരിക്കുന്ന ധവളപത്രം.
---------------
Hindusthan Samachar / Roshith K