ഏഷ്യൻ ഗെയിംസ് ഗുസ്തിക്കുള്ള സെലക്ഷൻ ട്രയൽസ് നടക്കാനിരിക്കേ വീണ്ടും വിനേഷ് ഫോഗട്ടിനെതിരേ റസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) രംഗത്ത്
Newdelhi , 28 മെയ് (H.S.) ഏഷ്യൻ ഗെയിംസ് ഗുസ്തിക്കുള്ള സെലക്ഷൻ ട്രയൽസ് നടക്കാനിരിക്കേ വീണ്ടും വിനേഷ് ഫോഗട്ടിനെതിരേ റസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) രംഗത്ത്. ഇന്ത്യയുടെ റസ്ലിങ് ഇതിഹാസം വിനേഷ് ഫോഗട്ടിനെ 2026 ഏഷ്യൻ ഗെയിംസിൻ്റെ സെലക്ഷൻ ട്രയല്സി
VINESH PHOGAT


Newdelhi , 28 മെയ് (H.S.)

ഏഷ്യൻ ഗെയിംസ് ഗുസ്തിക്കുള്ള സെലക്ഷൻ ട്രയൽസ് നടക്കാനിരിക്കേ വീണ്ടും വിനേഷ് ഫോഗട്ടിനെതിരേ റസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) രംഗത്ത്. ഇന്ത്യയുടെ റസ്ലിങ് ഇതിഹാസം വിനേഷ് ഫോഗട്ടിനെ 2026 ഏഷ്യൻ ഗെയിംസിൻ്റെ സെലക്ഷൻ ട്രയല്സില് പങ്കെടുപ്പിക്കണമെന്നുള്ള ഡല്ഹി ഹൈക്കോടതി ഉത്തരവിനെതിരെ ഫെഡറേഷൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

പ്രസവാവധി കഴിഞ്ഞ് തിരിച്ചെത്തുന്ന വിനേഷ് ഫോഗട്ടിനെപ്പോലുള്ള ഒരു താരത്തെ മാതൃത്വത്തിൻ്റെ പേരിൽ ട്രയൽസിൽ നിന്ന് ഒഴിവാക്കരുതെന്ന് മെയ് 22ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മാതൃത്വം കായികരംഗത്ത് ഒരു പ്രൊഫഷണൽ തടസമോ വിവേചനത്തിനുള്ള കാരണമോ ആകരുതെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

മെയ് 30, 31 തീയതികളിൽ നടക്കുന്ന സെലക്ഷൻ ട്രയൽസ് പൂർണമായും വീഡിയോ റെക്കോർഡ് ചെയ്യണമെന്നും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI), ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) എന്നിവയിൽ നിന്നുള്ള സ്വതന്ത്ര നിരീക്ഷകർ ഇതിൽ പങ്കെടുക്കണമെന്നും ഹൈക്കോടതി നിർദേശമുണ്ട്.

ചില ടൂർണമെന്റുകളിലെ മെഡൽ ജേതാക്കൾക്ക് മാത്രമേ ട്രയൽസിൽ പങ്കെടുക്കാൻ യോഗ്യതയുള്ളൂ എന്ന ഫെഡറേഷൻ്റെ നയത്തെ വിനേഷ് കോടതിയിൽ ചോദ്യം ചെയ്തിരുന്നു. തൻ്റെ ഗർഭധാരണവും പ്രസവാനന്തര വിശ്രമകാലവും ഫെഡറേഷൻ നിശ്ചയിച്ച 'യോഗ്യതാ മാനദണ്ഡവുമായി' ഒത്തുപോയെന്നും, തന്നെ പുറത്താക്കാൻ ഫെഡറേഷൻ ബോധപൂർവം നിയമങ്ങൾ ഉണ്ടാക്കുകയാണെന്നും വിനേഷ് വാദിച്ചു.

അതേസമയം മെയ് 22ലെ ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിനേഷിന് അനുകൂലമായി വിധി പ്രഖ്യപിക്കുന്നതിനു മുൻപ് തങ്ങളുടെ ഭാഗം വിശദമാക്കാൻ മതിയായ അവസരം നൽകിയില്ലെന്ന വാദവുമായാണ് ഫെഡറേഷൻ സുപ്രീം കോടതിക്ക് മുൻപിലെത്തിയത്. മാത്രമല്ല ഫെഡറേഷൻ പ്രസിദ്ധീകരിച്ച സെലക്ഷൻ മാനദണ്ഡ പ്രകാരം വിനേഷിന് പങ്കെടുക്കാൻ യോഗ്യതയില്ലാതിരുന്നിട്ടും ട്രയല്സില് പങ്കെടുക്കാൻ ഹൈക്കോടതി വിനേഷിനെ അനുവദിച്ചെന്നും ഫെഡറേഷൻ മേല്ക്കോടതിയില് വാദിച്ചു.

കൂടാതെ അന്താരാഷ്ട്ര മൾട്ടി-സ്പോർട്സ് ഇവൻ്റുകളിലേക്കുള്ള അത്ലറ്റുകളുടെ തിരഞ്ഞെടുപ്പ് നാഷണൽ സ്പോർട്സ് ഫെഡറേഷന്റെ പരിധിയിൽ വരുന്നതാണെന്നും ഇക്കാര്യത്തില് ഹൈക്കോടതി നടപടി അതിരുവിട്ടെന്നും ഫെഡറേഷൻ കുറ്റപ്പെടുത്തി. 2024 ഡിസംബറിൽ വിനേഷ് സ്വമേധയാ ഗുസ്തിയിൽ നിന്ന് വിരമിച്ചതായി ഇൻ്റർനാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ (ITA) അറിയിച്ചിരുന്നതായും ഫെഡറേഷൻ പറഞ്ഞു.

യുണൈറ്റഡ് വേൾഡ് റെസ്ലിങ് (UWW) ഉത്തേജക വിരുദ്ധ നിയമങ്ങൾ പ്രകാരം വിരമിക്കലിൽ നിന്ന് മടങ്ങിയെത്തുന്ന അത്ലറ്റ് മത്സരിക്കാൻ യോഗ്യത നേടുന്നതിന് മുമ്പ് ആറ് മാസത്തെ നിർബന്ധിത സ്ഥല പരിശോധനയും ഉത്തേജക പരിശോധനയും നടത്തണമെന്നും ഹർജിയിൽ പറയുന്നു.

2023-ൽ അന്നത്തെ ഡബ്ല്യുഎഫ്ഐ പ്രസിഡൻ്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള ലൈംഗിക പീഡന വിരുദ്ധ പ്രതിഷേധങ്ങളിൽ വിനേഷ് മുൻപന്തിയിലുണ്ടായിരുന്നു. വിരമിക്കലിന് ശേഷമുള്ള ആറ് മാസത്തെ നിർബന്ധിത അറിയിപ്പ് കാലയളവ് ചൂണ്ടിക്കാട്ടി ജൂൺ 26 വരെ വിനേഷിന് വിലക്കുണ്ടെന്ന് ഫെഡറേഷൻ പ്രഖ്യാപിച്ചിരുന്നെങ്കിലും, അത് മറികടന്ന് അവർ ഗോണ്ടയിൽ നടന്ന ദേശീയ ഓപ്പൺ റാങ്കിംഗ് ടൂർണമെൻ്റില് പങ്കെടുത്തിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News