Enter your Email Address to subscribe to our newsletters

Karnataka , 29 മെയ് (H.S.)
കർണാടകയിലെ വിജയപുരയിൽ ഭൂമി തർക്കത്തെ തുടർന്ന് ആറ് പേരെ വെട്ടിക്കൊന്നു. ചഡ്പൻ താലൂക്കിലെ ഗോവിന്ദപുര ഗ്രാമത്തിലെ ഭീമ തീരപ്രദേശത്താണ് ആക്രമണം നടന്നത്. ഭൂമി തർക്കത്തിനിടെ നാട്ടുകാർ തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയിലേക്കും കൊലപാതകത്തിലേക്കും നയിക്കുകയായിരുന്നു. വെടിവെച്ചതിനുശേഷം മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമികൾ ഇരകളെ വെട്ടിക്കൊന്നതായാണ് റിപ്പോർട്ടുകള്.
പ്രദേശത്തെ രണ്ട് വിഭാഗങ്ങള് തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രദേശത്തെ നിരാലെ കുടുംബവും അപ്പുഗൗഡ പാട്ടീൽ വിഭാഗവും തമ്മിൽ ഏറെ നാളായി ഭൂമിയുമായി ബന്ധപ്പെട്ട തർക്കം നിലനിന്നിരുന്നു. പ്രശ്ന പരിഹാരത്തിനായി ഏതാനും ദിവസങ്ങൾക്ക് മുൻപ് ഗ്രാമപഞ്ചായത്ത് തലത്തിൽ ചർച്ചകളും നടത്തിയിരുന്നു. അതിൻ്റെ തുടർച്ചയായി വെള്ളിയാഴ്ച വീണ്ടും പഞ്ചായത്ത് ചർച്ചയ്ക്കായി നിരാലെ കുടുംബാംഗങ്ങളും അനുയായികളും എത്തിയപ്പോഴാണ് ആക്രമണം നടന്നത്.
ആക്രമികൾ മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇവർ സ്ഥലത്തെത്തി ആദ്യം വെടിയുതിർക്കുകയും തുടർന്ന് വാളുകളും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമണം നടത്തുകയും ചെയ്തുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
നിരാലെ വിഭാഗത്തിൽപ്പെട്ട ആറ് പേരാണ് കൊല്ലപ്പെട്ടത്. ദുണ്ടപ്പ നിരാലെ, ശിവപുത്ര നിരാലെ, രാഹുൽ നിരാലെ, സമർത് നിരാലെ, ശബ്ബീർ നദാഫ്, ചന്ദു നിരാലെ എന്നിവരാണ് അതിക്രൂരമായ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു.
സംഭവത്തിൽ ഗോവിന്ദപുരയിലും സമീപ പ്രദേശങ്ങളിലുമെല്ലാം വലിയ സംഘർഷാവസ്ഥയാണ് രൂപപ്പെട്ടിരിക്കുന്നത്. കർണാടക പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ചഡ്പൻ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനുള്ള സാധ്യതയും പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്.
സാക്ഷികളുടെ മൊഴിപ്രകാരം ആക്രമികൾ ആദ്യം ഇരകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് മൂർച്ചയേറിയ വാളുകളും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമണം തുടർന്നു. ആക്രമണം അതിവേഗത്തിലും ആസൂത്രിതമായും നടത്തിയതായാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ജനങ്ങൾ ഭീതിയിലായതിനാൽ പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കർണാടക പൊലീസിൻ്റെ പ്രത്യേക സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്താൻ തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR