Enter your Email Address to subscribe to our newsletters

Pathanamthitta , 29 മെയ് (H.S.)
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിൻ്റെ മരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നവീൻ ബാബുവിൻ്റെ കുടുംബം മുഖ്യമന്ത്രി വി ഡി സതീശനെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും നേരില്ക്കണ്ട് നിവേദനം നൽകി. നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയും മക്കളും ബന്ധുക്കളും ചേർന്നാണ് നിവേദനം നൽകിയത്.
റാന്നി എം എൽ എ അഡ്വ പഴകുളം മധുവിനോപ്പം എത്തിയാണ് കുടുംബം മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയത്. കണ്ണൂർ എം എൽ എ ടി ഒ മോഹനനും ഒപ്പമുണ്ടായിരുന്നു. നവീൻ ബാബുവിൻ്റെ കുടുംബത്തിലെ ഒരംഗത്തിന് ആശ്രിത നിയമനത്തിനുള്ള ഫയൽ തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടും നിവേദനം നൽകി. രണ്ട് കാര്യങ്ങളിലും അനുഭാവപൂർവ്വമായി പ്രതികരിച്ച മുഖ്യമന്ത്രി തീരുമാനം ഉടൻ ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയതായും പഴകുളം മധു അറിയിച്ചു.
കേരള സമൂഹവും തങ്ങളും ഏറെ നാളായി കാത്തിരിക്കുന്നതാണ് നവീൻ ബാബുവിനും കൂടുംബത്തിനുമുള്ള നീതി. നിക്ഷ്പക്ഷവും നീതിയുക്തവും ശാസ്ത്രീയവുമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണം. അന്വേഷണത്തിന് വേണ്ട നടപടികളെല്ലാം ചെയ്യാമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തങ്ങള്ക്ക് ഉറപ്പ് നല്കിയതായും ബന്ധു പ്രവീൺ ബാബു മാധ്യമങ്ങളോട് പറഞ്ഞു
നേരത്തേ പ്രത്യേക അന്വേഷണ സംഘമാണ് നവീൻ ബാബുവിൻ്റെ കേസ് അന്വേഷിച്ചിരുന്നത്. ഈ അന്വേഷണത്തിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. 2024 ഒക്ടോബർ 15നു പുലർച്ചെയാണ് നവീൻ ബാബുവിനെ കണ്ണൂർ നഗരത്തിലെ ക്വാർട്ടേഴ്സില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്.
നവീൻ ബാബുവിൻ്റെ മരണം
2024 ഒക്ടോബർ 14 ന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടിയ നവീൻ ബാബുവിന് കണ്ണൂർ കലക്ടറേറ്റില് യാത്രയയപ്പ് നൽകിയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പി പി ദിവ്യ യാത്രയയപ്പ് യോഗത്തില് ക്ഷണിക്കാതെയെത്തി നവീൻ ബാബുവിനെ അധിക്ഷേപിക്കുന്ന രീതിയില് പ്രസംഗിച്ചിരുന്നു. യോഗത്തിലുണ്ടായിരുന്ന നവീൻ ബാബു മാനസിക വിഷമത്തോടെ ഇരിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരിന്നു.
പിറ്റേ ദിവസം രാവിലെ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സില് നവീൻ ബാബുവിനെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തുകയയൊരുന്നു. തലേന്ന് രാത്രി മലബാർ എക്സ്പ്രസിന് ചെങ്ങന്നൂരിലേക്ക് പോകേണ്ടിയിരുന്ന അദ്ദേഹത്തെ കുടുംബം കാത്തുനിന്നെങ്കിലും അദ്ദേഹം ആത്മഹത്യ ചെയ്തെന്ന ഞെട്ടിക്കുന്ന വാർത്തയാണ് എത്തിയത്. സംഭവത്തെ തുടർന്ന് പി പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
നവീൻ ബാബുവിന്റെ മരണം കൊലപാതകമാണെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. എന്നാല് കുടുംബത്തിന്റെ ഈ ആവശ്യം ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കൊലപാതകമാണെന്ന് സംശയിക്കാൻ പ്രത്യേക കാരണമില്ലെന്നുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെയും സർക്കാരിന്റെയും നിലപാടുകള് കോടതികള് അംഗീകരിക്കുകയായിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR