Enter your Email Address to subscribe to our newsletters

Thiruvanathapuram, 29 മെയ് (H.S.)
സൗജന്യ കെഎസ്ആര്‍ടിസി യാത്രയ്ക്കു പുറമേ സ്ത്രീകളെ ചേര്‍ത്തുനിര്‍ത്തുന്ന സര്‍ക്കാര്‍ നയങ്ങളാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഉടനീളം പ്രതിഫലിച്ചത്. സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് മാസത്തില്‍ 3 ദിവസം വരെ ആര്‍ത്തവ അവധിക്കൊപ്പം അവര്‍ പഠനത്തില്‍ പിന്നിലാകാതിരിക്കാന്‍ വാരാന്ത്യത്തില്‍ ക്യാച്ച് അപ്പ് ക്ലാസുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 'മെന്‍സ്ട്രല്‍ ഡിഗ്‌നിറ്റി' പദ്ധതിയിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സൗഹൃദപരമായ രീതിയിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കു തുല്യവേതനം നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ പ്രധാന പട്ടണങ്ങളിലും പൊതുവിശ്രമമുറികള്‍ ഒരുക്കും. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ആറു മാസത്തെ പ്രസവവാധിയും പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കു സാനിറ്ററി നാപ്കിനുകള്‍, പാദരക്ഷകള്‍, മറ്റ് അവശ്യ സാധനങ്ങള്‍ എന്നിവ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഓരോ പഞ്ചായത്തിലും വനിതാ കര്‍ഷകരെ കണ്ടെത്തി അവര്‍ക്കു പ്രോത്സാഹനം നല്‍കാന്‍ വനിതാ കര്‍ഷക കണ്‍സോര്‍ഷ്യം ആരംഭിക്കും.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നയപ്രഖ്യാപന പ്രസംഗങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നുവെങ്കില്‍ ഇക്കുറി കേന്ദ്രവിമര്‍ശനം ഒഴിവാക്കിയിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്റുവിന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് പ്രസംഗം തുടങ്ങിയതും അവസാനിപ്പിച്ചതും. 'ഒറ്റയ്ക്കു പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതാണ് നല്ലത്, പൊതുനന്മയ്ക്കായി ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതാണ് ഏറ്റവും നല്ലത്' എന്ന നെഹ്റുവിന്റെ വാക്കുകളില്‍ തുടങ്ങി 'ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാകുമ്പോഴാണ് ഒരു സര്‍ക്കാര്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നത്' എന്ന വാക്കുകളോടെയാണ് പ്രസംഗം അവസാനിച്ചത്.
സംസ്ഥാനം ഗുരുതരമായ സാമ്പത്തിക വെല്ലുവിളികള്‍ നേരിടുകയാണെന്നും നിലവിലെ ബാധ്യതകളും സാമ്പത്തിക ഞെരുക്കങ്ങളും പൊതുധനകാര്യത്തില്‍ കടുത്ത സമ്മര്‍ദം സൃഷ്ടിച്ചിട്ടുണ്ടെന്നും മുന്‍ സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് പ്രസംഗത്തില്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കു പൂര്‍ണ വ്യക്തത വരുത്താന്‍ ധവളപത്രം പുറത്തിറക്കും. കേന്ദ്രസര്‍ക്കാരില്‍നിന്ന് അവാശപ്പെട്ട സാമ്പത്തിക വിഹിതവും പരിഗണനയും ലഭിക്കുമെന്ന പ്രതീക്ഷയും സര്‍ക്കാര്‍ പങ്കുവയ്ക്കുന്നു. പ്രചാരണ സമയത്തു പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റികള്‍ നടപ്പാക്കുമെന്ന് പറഞ്ഞെങ്കിലും കെഎസ്ആര്‍ടിസി സൗജന്യ യാത്രയുടെ വിശദാംശങ്ങള്‍ അറിയിച്ചിട്ടില്ല. സംസ്ഥാനത്തുടനീളമുള്ള കെഎസ്ആര്‍ടിസി ബസുകളില്‍ കേരളത്തിലെ സ്ത്രീകള്‍ക്കു സൗജന്യ യാത്ര സ്ഥിരമായ അവകാശമാക്കുമെന്നാണ് പ്രസംഗത്തില്‍ പറയുന്നു.
കോളജ് വിദ്യാര്‍ഥിനികള്‍ക്കു പ്രതിമാസം 1000 രൂപ വീതം വിദ്യാഭ്യാസ സഹായം നല്‍കും. ക്ഷേമപെന്‍ഷന്‍ പ്രതിമാസം 3000 രൂപയായി ഉയര്‍ത്തും. കേരളത്തിലെ ഓരോ കുടുംബത്തിനും പ്രതിവര്‍ഷം 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് 5 ലക്ഷം രൂപ പലിശരഹിത വായ്പ നല്‍കും എന്നീ പ്രഖ്യാപനങ്ങളാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്.
സംസ്ഥാനത്തെ സംയോജിത തുറമുഖ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സഹകരണ വകുപ്പില്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വിജിലന്‍സ് സംവിധാനം ഊര്‍ജിതമാക്കി പ്രവര്‍ത്തനങ്ങള്‍ അഴിമതിരഹിതമാക്കും. തട്ടിപ്പു നടന്ന സഹകരണ സംഘങ്ങളിലെ നിക്ഷേപം തിരികെ നല്‍കാന്‍ നടപടി സ്വീകരിക്കുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു.
ക്ഷേത്രങ്ങളെ ഏകീകൃത തീര്‍ഥാടന സര്‍ക്യൂട്ടായി ബന്ധപ്പിക്കുന്ന മലബാര്‍ ടെംപില്‍ പില്‍ഗ്രിം പദ്ധതി സര്‍ക്കര്‍ നടപ്പാക്കും. എല്ലാ ജില്ലകളിലും പ്ലസ് ടു സീറ്റുകളുടെ എണ്ണം ആവശ്യകതയുടെ അടിസ്ഥാനത്തില്‍ വര്‍ധിപ്പിക്കും. തിരഞ്ഞെടുത്ത സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആധുനികവല്‍ക്കരിക്കുമെന്നും സഞ്ചരിക്കുന്ന മാവേലി, റേഷന്‍ കടകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. ലഹരിവ്യാപനം തടയാന്‍ പ്രത്യേക സ്റ്റേറ്റ് നര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് ബ്യൂറോ സ്ഥാപിക്കും. ഐടി വകുപ്പിനെ 'കേരള ടെക്ക്' എന്ന പുതിയ ബ്രാന്‍ഡോടു കൂടി 'ഐടി, ഫ്യൂച്ചര്‍ ടെക്നോളജീസ് ആന്‍ഡ് സ്റ്റാര്‍ട് അപ് വകുപ്പ്' എന്ന് പുനര്‍നാമകരണം ചെയ്യും. കേരള ഐടി മിഷനെ 'ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ മിഷന്‍' എന്നു മാറ്റും. സംസ്ഥാനത്തെ എല്ലാ റോഡുകളും ബിഎം, ബിസി റോഡുകളാക്കി ഉയര്‍ത്തുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S