ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി
Thiruvananthapuram , 29 മെയ് (H.S.) പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന പൂർത്തിയാക്കി മടങ്ങിയ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ED) ഉദ്യോഗസ്ഥരെയും സുരക്ഷാ ജീവനക്കാരെയും ആക്രമിച്ച് ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ കേസിൽ പ്രതികളുടെ
ED OFFICIALS ATTACK CASE


Thiruvananthapuram , 29 മെയ് (H.S.)

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന പൂർത്തിയാക്കി മടങ്ങിയ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ED) ഉദ്യോഗസ്ഥരെയും സുരക്ഷാ ജീവനക്കാരെയും ആക്രമിച്ച് ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം പൂർത്തിയായി. റിമാൻഡിൽ കഴിയുന്ന ഒന്നു മുതൽ അഞ്ച് വരെയുള്ള പ്രതികളായ നിധിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷഹീൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. പ്രോസിക്യൂഷൻ്റെയും പ്രതിഭാഗത്തിൻ്റെയും വിശദമായ വാദപ്രതിവാദങ്ങൾ രേഖപ്പെടുത്തിയ കോടതി, ജാമ്യാപേക്ഷയിൽ ശനിയാഴ്ച വിധി പ്രസ്താവിക്കും.

പിണറായി വിജയൻ്റെ ബേക്കറി ജംഗ്ഷനിലെ വീടിന് മുന്നിൽ വെച്ചാണ് ഇഡി സംഘത്തിന് നേരെ കടുത്ത ആക്രമണവും സംഘർഷവും അരങ്ങേറിയത്. പ്രതികൾക്കെതിരെ വധശ്രമം, കലാപശ്രമം, നിയമവിരുദ്ധമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ എന്നിവയ്ക്ക് പുറമെ പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമത്തിലെ (PDPP Act) എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

ഇഡി കാറുകൾ സർക്കാർ വകയല്ല; വധശ്രമം നിലനിൽക്കില്ലെന്ന് പ്രതിഭാഗം

അറസ്റ്റ് നടപടികൾ കൃത്യമായി പാലിക്കാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ കെട്ടിച്ചമച്ച ഒരു നാടകമാണ് ഈ കേസെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. പ്രതികൾ ഇഡി ഉദ്യോഗസ്ഥരെയോ അവരുടെ വാഹനങ്ങളെയോ ആക്രമിച്ചിട്ടില്ലെന്നും ജനാധിപത്യപരമായ പ്രതിഷേധം മാത്രമാണ് നടത്തിയതെന്നും പ്രതിഭാഗം വക്കീൽ ചൂണ്ടിക്കാട്ടി.

പ്രതിഭാഗത്തിൻ്റെ പ്രധാന വാദങ്ങൾ:

- ഉദ്യോഗസ്ഥർക്ക് മാരകമായ പരിക്കുകളൊന്നുമില്ല, ചെറിയ മുറിവ് മാത്രമാണുള്ളത്. അതിനാൽ വധശ്രമത്തിനുള്ള വകുപ്പ് നിലനിൽക്കില്ല.

- ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ സർക്കാർ വകയല്ല, സ്വകാര്യ വ്യക്തികളിൽ നിന്ന് വാടകയ്ക്കെടുത്തവയാണ്. അതുകൊണ്ട് പൊതുമുതൽ നശിപ്പിച്ചതിനായുള്ള PDPP വകുപ്പ് ഇവിടെ ബാധകമാകില്ല.

- പരിശോധന കഴിഞ്ഞ് മടങ്ങുന്ന സമയത്താണ് പ്രതിഷേധം ഉണ്ടായത്. ഡ്യൂട്ടി സമയത്തല്ലാത്തതിനാൽ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി എന്ന് പറയാൻ കഴിയില്ല.

- കൂടാതെ, ഒന്നാം പ്രതി മുതൽ അഞ്ചാം പ്രതി വരെയുള്ളവരെ റിമാൻഡ് ചെയ്യുന്നതിന് മുൻപ് അറസ്റ്റ് വിവരങ്ങളോ കാരണങ്ങളോ കൃത്യമായി ബോധ്യപ്പെടുത്തിയിട്ടില്ലെന്നും പ്രതിഭാഗം ആരോപിച്ചു

കേന്ദ്ര ഏജൻസിയെ ആക്രമിച്ചത് അതീവ ഗൗരവതരം

പ്രതികളുടെ ജാമ്യാപേക്ഷയെ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ (APP) മനു കല്ലമ്പള്ളി കോടതിയിൽ ശക്തമായി എതിർത്തു. കേന്ദ്ര അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥരെ ക്രൂരമായി ആക്രമിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്ന് പ്രോസിക്യൂഷൻ ബോധിപ്പിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് മുൻപ് പാലിക്കേണ്ട എല്ലാ നിയമപരമായ നോട്ടീസുകളും നടപടിക്രമങ്ങളും ബന്ധുക്കൾക്കും പ്രതികൾക്കും കൃത്യമായി നൽകിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങൾ

ആക്രമണത്തിൽ ഇഡി ഉദ്യോഗസ്ഥർക്കും ഡ്രൈവർക്കും കടുത്ത പരിക്കേറ്റിട്ടുണ്ട്. ഇഡി സംഘ സഞ്ചരിച്ച വാഹനങ്ങൾ തകർത്ത വകയിൽ മൂന്ന് ലക്ഷം രൂപയുടെ വൻ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്.കണ്ടാലറിയാവുന്ന 300 ഓളം പ്രതികൾ ഉൾപ്പെട്ട വലിയൊരു അക്രമ സംഭവമാണിത്. പ്രതികളെ തിരിച്ചറിയുന്നതിനായി 'ടെസ്റ്റ് ഐഡന്റിഫിക്കേഷൻ പരേഡ്' (Test Identification Parade) നടത്തേണ്ടതുണ്ട്.കേസിൻ്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിൽ നിൽക്കുന്ന ഈ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ അത് സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണത്തെ അട്ടിമറിക്കാനും കാരണമാകുമെന്ന് എപിപി മനു കല്ലമ്പള്ളി വാദിച്ചു.

റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ:

2026 മേയ് 27-ാം തീയതി രാവിലെ 07:15 മണിയോടെയാണ് ഇഡി ഉദ്യോഗസ്ഥർ പ്രതിപക്ഷ നേതാവിൻ്റെ മകളുടെ വാടകവീട്ടിൽ പരിശോധനയ്ക്കായി എത്തിയത്. ഉച്ചയ്ക്ക് 02:40-ഓടെ നടപടികൾ പൂർത്തിയാക്കി ഇവർ തങ്ങളുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന KL-22-S-8016, KL-01-DA-2969, KL-01-DF-6096 എന്നീ നമ്പറുകളിലുള്ള വാഹനങ്ങളിൽ കയറി കോമ്പൗണ്ടിൽ നിന്നും ഗേറ്റുകടന്ന് റോഡിലേക്ക് ഇറങ്ങി.

ഈ സമയം അവിടെ വടി, കല്ല്, ഇഷ്ടിക തുടങ്ങിയ മാരകായുധങ്ങളുമായി തടിച്ചുകൂടിയ കണ്ടാലറിയാവുന്ന 300 ഓളം വരുന്ന ആളുകൾ അക്രമാസക്തരായി തെറിവിളികളോടെ ഇഡി വാഹനങ്ങൾ തടഞ്ഞു. ഇവന്മാരെ കൊല്ലടാ എന്ന് ആക്രോശിച്ചുകൊണ്ട് മൂന്ന് കാറുകളും വളഞ്ഞ് വടികൊണ്ട് അടിച്ച് ഉദ്യോഗസ്ഥരെ പരിക്കേൽപ്പിച്ചു. കല്ലേറിൽ KL-22-S-8016 നംബർ കാറിൻ്റെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. അക്രമികളെ തടയാൻ ശ്രമിച്ച സ്ഥലത്തുണ്ടായിരുന്ന കേരള പോലീസിലെയും സിആർപിഎഫിലെയും (CRPF) ഉദ്യോഗസ്ഥരെയും പ്രതികൾ വടികളും കല്ലും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്ത അക്രമികൾ മൂന്ന് ലക്ഷം രൂപയുടെ പൊതുനഷ്ടം വരുത്തിവെച്ചതായും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇരുഭാഗത്തിൻ്റെയും വാദങ്ങൾ പൂർണ്ണമായി കേട്ട കോടതി കേസ് വിധി പറയാനായി ശനിയാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News