Enter your Email Address to subscribe to our newsletters

Thiruvanathapuram, 29 മെയ് (H.S.)
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇഡി പരിശോധനയില്‍ മൗനംവെടിഞ്ഞ് മുഖ്യമന്ത്രി വിഡി സതീശന്‍. കേന്ദ്ര ഏജന്‍സി റജിസ്റ്റര്‍ ചെയ്ത കേസില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം ഇങ്ങനെ വേണം എന്ന് സംസ്ഥാന സര്‍ക്കാരിനു പറയാന്‍ കഴിയില്ല. അതിനുള്ള അധികാരമില്ല. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗുരുതരമായ കുറ്റമാണ്. ക്രമസമാധാനപ്രശ്‌നം ഉണ്ടായാല്‍ പൊലീസ് ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ കേന്ദ്ര ഏജന്‍സിയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായാണ് അവര്‍ നടപടി സ്വീകരിക്കുന്നത്. സംസ്ഥാനത്തിന് അതില്‍ പങ്കില്ല. റെയ്ഡ് വിവരം ഇ.ഡി പൊലീസിനെ അറിയിച്ചിട്ടില്ല. ആള്‍കൂട്ടം കണ്ട് ആഭ്യന്തര മന്ത്രിയാണ് പൊലീസിനെ വിട്ടത്. അദ്ദേഹത്തെ അഭിനന്ദിക്കുന്നു. കുറേ സംഘര്‍ഷം ലഘൂകരിക്കാന്‍ പൊലീസിനു കഴിഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ഇ.ഡി ഉദ്യോഗസ്ഥരെ ക്രിമിനലുകള്‍ മര്‍ദിച്ചു. കാര്‍ തല്ലി തകര്‍ത്തു. ആ സമീപനം ശരിയല്ല. ക്രമസമാധാന ലംഘനമാണ്. അത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല.
സ്വന്തം വസതിയിലെ റെയ്ഡിനുശേഷം പിണറായി വിജയന്‍ രാഹുല്‍ ഗാന്ധിയെ മാത്രമാണ് കുറ്റപ്പെടുത്തിയതെന്നു മുഖ്യമന്ത്രി പറഞ്ഞു. രാഹുല്‍ഗാന്ധിയാണോ ഇ.ഡി റെയ്ഡിന് ആളെ അയച്ചത്? തനിക്കെതിരെ ഇ.ഡി കേസ് വന്നപ്പോള്‍ രാഹുല്‍ഗാന്ധി കോണ്‍ഗ്രസുകാരെ വിട്ട് ഇ.ഡിയുടെ വാഹനം തല്ലിതകര്‍ത്തോ? രാഹുല്‍ഗാന്ധി രാഷ്ട്രീയമായാണ് കേസിനെ നേരിട്ടത്. 56 മണിക്കൂര്‍ അദ്ദേഹം ചോദ്യം ചെയ്യലിന് വിധേയനായി. പിണറായിയുടെ മകള്‍ക്കെതിരെ കേസെടുത്തത് രാഷ്ട്രീയമായാണെങ്കില്‍ സിപിഎമ്മിന് രാഷ്ട്രീയമായി പ്രതിഷേധിക്കാം. ഹൈക്കോടതി നിര്‍ദേശപ്രകാരം നടക്കുന്ന പരിശോധനയെ വിമര്‍ശിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇ.ഡി റെയ്ഡില്‍ പ്രതികരണം വൈകിയതില്‍ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ: ഒരു കാര്യത്തില്‍ എപ്പോഴാണ് മറുപടി പറയേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കു നല്‍കണം. ഒളിച്ചോടുന്ന ആളല്ല താന്‍. ചോദ്യം ചോദിക്കാനുള്ള അവകാശം പോലെ തന്നെ ഉത്തരം പറയാനുള്ള അവകാശം തനിക്കു നല്‍കണം. കാര്യങ്ങള്‍ പഠിച്ചു മാത്രമേ മറുപടി പറയാന്‍ കഴിയൂ. അത് എപ്പോള്‍ പറയുമെന്നു താന്‍ തീരുമാനിക്കും.
പിണറായി വിജയന്റെ നയമല്ല യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. പുതിയ നയങ്ങള്‍ നടപ്പാക്കുമെന്ന് പറഞ്ഞാണ് ജനങ്ങളെ സമീപിച്ച് അധികാരത്തിലെത്തിയത്. കിഫ്ബിയുടെ കാര്യത്തില്‍ വിശദമായ പഠനം നടത്തി തീരുമാനമെടുക്കും. യുഡിഎഫ് പ്രഖ്യാപിച്ച 5 ഇന്ദിരാ ഗാരന്റികളും നടപ്പിലാക്കും. രണ്ട് ഗാരന്റികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മറ്റുള്ളവ സാമ്പത്തിക കാര്യങ്ങള്‍ പരിശോധിച്ച് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S