'ഫ്രൂട്ട് ട്രീ മിഷൻ' പ്രൊജക്റ്റ് : നാടിന് മാതൃകയായി കോഴിക്കോട് കൂളിമാട് സമൂഹ ഫല ഭോജനം
Kozhikode , 03 മെയ് (H.S.) വേനൽ ചൂടിൽ കുളിർമയുള്ള കൂളിമാടിനായി കൈകോർത്ത് നാട്ടുകാർ. പണ്ടൊക്കെ ഓരോ നാട്ടിൻപുറങ്ങളിലും നാട്ടുതക്കാരങ്ങൾ പതിവായിരുന്നു. ഗ്രാമീണ സംസ്കാരത്തിൻ്റെ ഭാഗമായിരുന്നു ഇത്തരം കൂടിച്ചേരലുകൾ. കാലം മാറിയതോടെ നാട്ടുതക്കാരങ്ങളും വിസ്
Fruit the mission project


Kozhikode , 03 മെയ് (H.S.)

വേനൽ ചൂടിൽ കുളിർമയുള്ള കൂളിമാടിനായി കൈകോർത്ത് നാട്ടുകാർ. പണ്ടൊക്കെ ഓരോ നാട്ടിൻപുറങ്ങളിലും നാട്ടുതക്കാരങ്ങൾ പതിവായിരുന്നു. ഗ്രാമീണ സംസ്കാരത്തിൻ്റെ ഭാഗമായിരുന്നു ഇത്തരം കൂടിച്ചേരലുകൾ. കാലം മാറിയതോടെ നാട്ടുതക്കാരങ്ങളും വിസ്മൃതിയിൽ ലയിച്ചു. എന്നാൽ പഴയകാല ഓർമ്മകളെ വീണ്ടും പൊടിതട്ടിയെടുക്കുകയാണ് ചാത്തമംഗലത്തെ കൂളിമാട്. അതിൻ്റെ ഭാഗമായി സമൂഹ ഫല ഭോജനത്തോടെയുള്ള നാട്ടുതക്കാരം ഗ്രാമത്തിൽ സംഘടിപ്പിച്ചു.

'കൊടും ചൂടുകാലത്തെ മറികടക്കാൻ കുളിർമയുള്ള കൂളിമാടിനായി കൈകോർക്കാം' എന്ന പേരിലാണ് സമൂഹ ഫല ഭോജനം സംഘടിപ്പിച്ചത്. കൂളിമാട് മഹൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹൽ മുസ്ലീം ജമാഅത്തിൻ്റെ ശാക്തീകരണ സംവിധാനത്തിന് കീഴിൽ 'ഫ്രൂട്ട് ട്രീ മിഷൻ' എന്ന പ്രോജക്റ്റിന് കീഴിലാണ് പരിപാടി സംഘടിപ്പിച്ചത്. അഞ്ച് വർഷം മുൻപാണ് പദ്ധതി രൂപീകരിച്ചതെന്ന് സംഘാടകനായ നാസർ ഏറെക്കോടൻ പറഞ്ഞു. ഇതിൻ്റെ ഭാഗമായി ഈ നാട്ടിലെ എല്ലാ വീടുകളിലും വൃക്ഷ തൈ വിതരണം ചെയ്തു. കൂളിമാട് സ്ഥിതി ചെയ്യുന്ന എല്ലാ വീടുകളിലും ചുരുങ്ങിയത് ഒരു ഫല വൃക്ഷം എങ്കിലും ഉണ്ടാകണമെന്നതാണ് തൈ വിതരണ ലക്ഷ്യം, - നാസർ ഏറെക്കോടൻ പറഞ്ഞു.

സമൂഹ കൂട്ടായ്മയുടെ ഉദ്ഘാടനവും വേറിട്ട രീതിയിലായിരുന്നു. നല്ല മുഴുത്ത വരിക്ക ചക്ക മുറിച്ചു കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. ചക്കപ്പഴം, വാഴപ്പഴം, മാമ്പഴം, അമ്പഴങ്ങ, ഞാവൽ പഴം തുടങ്ങി വിവിധതരം ഫല വർഗങ്ങൾ തക്കാരവിരുന്ന് മേശയിൽ നിരന്നു. കൂളിമാട് മഹൽ പരിസരത്ത് സമൂഹ ഫലഭോജനം നടന്നു. അഞ്ചുവർഷം മുൻപ് കൂളിമാട് മഹൽ കമ്മിറ്റി വിതരണം ചെയ്ത വൃക്ഷതൈകളിൽ കായ്ച്ച ഫലങ്ങളാണ് സമൂഹ ഫലഭോജനത്തിൽ ഒരുക്കിയത്. നാട്ടുകാർ കൊണ്ടുവന്ന ഫലവർഗങ്ങൾ എല്ലാവരും ഒത്തു ചേർന്ന് മുറിച്ച് പാകമാക്കിയ ശേഷം ജാതിമതഭേദമന്യേ ഒന്നിച്ചു പങ്കിട്ടു.

തുടർച്ചയായ മൂന്നാം വർഷമാണ് നാട്ടുതക്കാരവും ഫലഭോജനവും നടത്തിവരുന്നത്. പ്രദേശത്തെ വീട്ടുകാരാണ് അവരുടെ വീട്ടുമുറ്റത്തും പറമ്പിലും കൃഷിയിടങ്ങളിലും വിളഞ്ഞ ഫലമൂലാദികൾ തക്കാരത്തിനായി കൊണ്ടുവന്നത്. വിവിധതരത്തിലുള്ള മാമ്പഴങ്ങളും പേരക്ക, പപ്പായ, അമ്പഴങ്ങ, വിവിധതരം വാഴപ്പഴങ്ങൾ തുടങ്ങി വിവിധതരം ചക്കകൾ എന്നിവയാലുള്ള പലവിധ വിഭവങ്ങൾ നാട്ടുതക്കാരത്തിൽ ഓരോ കുടുംബങ്ങളും കൊണ്ടുവന്നു, - കെ എ ഖാദർ പറഞ്ഞു. മുമ്പോട്ടും ഇത് തുടരാൻ കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ജൈവകൃഷിയിലൂടെ നട്ടു വളർത്തിയ ഇവ ഫലഭോജനത്തെ കൂടുതൽ ആഘോഷകരമാക്കി. എല്ലാ ഫലങ്ങളും വീടുകളിൽ അവരരവരുടെ പരിചരണയിൽ നട്ടുവളർത്തിയവയാണെന്നും ഫലഭോജനത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ വളരെ സന്തോഷമെന്നും നാട്ടുതക്കാരത്തിൽ പങ്കെടുത്ത സ്മിജ പറഞ്ഞു. കാലം മാറും തോറും ഭക്ഷണ സംസ്കാരത്തിൽ ഉണ്ടായ മാറ്റത്തിലൂടെ പലവിധ രോഗങ്ങൾ ഉണ്ടാവുന്ന കാലത്ത് മെച്ചപ്പെട്ട ആരോഗ്യം സൃഷ്ടിക്കാൻ ഇത്തരത്തിലുള്ള ഭക്ഷണ രീതികൾ പരിചയപ്പെടുത്തുന്ന കൂളിമാട് ജനത നാടിന് മാതൃകയാകുകയാണ്. കൂളിമാടും പരിസരത്തുമുള്ള നിരവധി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സമൂഹ ഫലഭോജനത്തിൽ പങ്കുചേർന്ന എല്ലാവർക്കും ഈ നാട്ടുതക്കാരം വേറിട്ട അനുഭവമായി മാറി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News