Enter your Email Address to subscribe to our newsletters

Thiruvananthapuram , 03 മെയ് (H.S.)
വോട്ടെണ്ണലിന് മണിക്കൂറുകള് മാത്രം ശേഷിക്കെ സംസ്ഥാനത്തെ മൂന്ന് മുന്നണികളും അവസാനവട്ട വിശകലനത്തിലും കണക്ക് കൂട്ടലുകളിലുമാണ്.
ജയം തന്നെയാണ് മൂന്ന് കൂട്ടരും ലക്ഷ്യമിടുന്നത്. അതില് ഇടത് ക്യാമ്പില് എക്സിറ്റ് പോളുകള് വന്ന ശേഷം ചില ആശങ്കകള് ഉയർന്നിട്ടുണ്ടെങ്കിലും യുഡിഎഫ് ഭരണം ഉറപ്പിച്ച മട്ടിലാണ്. ബിജെപി ആവട്ടെ ചില അപ്രതീക്ഷിത ഫലങ്ങളും പ്രതീക്ഷിക്കുന്നു.
എല്ഡിഎഫില് മറ്റ് പല നേതാക്കളും പ്രതികരിക്കാതെ നില്ക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കുറി ആത്മവിശ്വാസത്തിലാണ്. അധികം ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും സംസ്ഥാനത്ത് ഭരണ തുടർച്ച ഉണ്ടാവുമെന്നാണ് അദ്ദേഹം കണക്ക് കൂട്ടുന്നത്. 72 മുതല് 75 വരെ സീറ്റുകള് ഇടത് മുന്നണിക്ക് ലഭിക്കുമെന്നും അദ്ദേഹം പറയുന്നു. അവസാന ക്യാബിനറ്റ് യോഗത്തില് എല്ലാ മന്ത്രിമാർക്കും അദ്ദേഹം വിജയാശംസകള് നേരുകയും ചെയ്തിരുന്നു.
ക്ഷേമപദ്ധതികളും പൊതുസേവന പരിഷ്കാരങ്ങളുമാണ് എല്ഡിഎഫ് പ്രധാനമായും തിരഞ്ഞെടുപ്പില് ഉയർത്തിക്കാട്ടിയത്. പെൻഷനുകള്, ആരോഗ്യം, തൊഴിലാളി ക്ഷേമം എന്നിവയിലെ പദ്ധതികള് അവർക്ക് ആത്മവിശ്വാസം നല്കുന്നു. പ്രളയം, നിപ, കോവിഡ് കാലത്തെ സർക്കാർ ഇടപെടലുകളും എടുത്തുപറഞ്ഞെങ്കിലും കഴിഞ്ഞ തവണത്തേത് പോലെ ഒരു ഉറപ്പ് എവിടെയും അവർക്ക് ഇല്ലെന്നാണ് മുന്നണിക്കുള്ളില് നിന്ന് തന്നെയുള്ള സംസാരം.
സ്കൂളുകളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും വികസനത്തിനും എല്ഡിഎഫ് പ്രാധാന്യം നല്കിയിരുന്നു, അതില് ഊന്നിയും അവർ പ്രചാരണം നടത്തി. ഡിജിറ്റല് ക്ലാസ് മുറികള്, നവീകരിച്ച ആശുപത്രികള്, സാമൂഹിക സുരക്ഷാ പദ്ധതികള് എന്നിവ സുസ്ഥിര ഭരണത്തെ വരച്ചുകാട്ടുന്നു. ഈ നേട്ടങ്ങള് വോട്ടർമാരുടെ മനസിലുണ്ടാകുമെന്നും അവർ പ്രതീക്ഷിക്കുന്നു.
വ്യക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ട് യുഡിഎഫ്
യുഡിഎഫിന് വോട്ടെണ്ണല് അവരുടെ തിരിച്ചുവരവിന്റെ പ്രതീക്ഷയാണ്. 2016-ലും 2021-ലും സംസ്ഥാന ഭരണം നഷ്ടമായെങ്കിലും, ലോക്സഭാ തിരഞ്ഞെടുപ്പുകളില് മുന്നണിക്ക് ശക്തമായ സ്വാധീനമുണ്ട്. ഈ ജനസ്വാധീനം നിയമസഭാ സീറ്റുകളിലേക്കും മാറാൻ കഴിയുമെന്ന് യുഡിഎഫ് വിശ്വസിക്കുന്നു. അതിലാണ് അവരുടെ പ്രതീക്ഷയും.
ഭരണവിരുദ്ധ വികാരവും സർക്കാരിനോടുള്ള മടുപ്പും യുഡിഎഫ് വോട്ടാവുമെന്നാണ് പ്രതീക്ഷ. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയുടെ പേരില് സർക്കാരിനെ കടന്നാക്രമിച്ച തിരഞ്ഞെടുപ്പ് കൂടിയാണിത്. അഴിമതി ആരോപണങ്ങളും വൻകിട പദ്ധതി വിവാദങ്ങളും അവർ ഉയർത്തി കാട്ടി. എങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് വരുമെന്നത് അടക്കമുള്ള തർക്കം അവരെ പിന്നിലേക്ക് വലിക്കുന്നുണ്ട്.
ബിജെപിക്ക് അപ്രതീക്ഷിത നേട്ടം ലഭിക്കുമോ?
14 വരെ സീറ്റുകള് കിട്ടുമെന്നാണ് ഇത്തവണ ചില എക്സിറ്റ് പോളുകള് പ്രവചിക്കുന്നത്. എന്നാല് ഇടയ്ക്ക് പ്രതീക്ഷകള് കൈവിട്ടിരുന്ന ബിജെപി ഇപ്പോള് വീണ്ടും ഉണർന്നത് എക്സിറ്റ് പോളുകള്ക്ക് ശേഷമാണ്. നേമം, കഴക്കൂട്ടം, തൃശൂർ, നാട്ടിക, കാട്ടാക്കട അടക്കം പലയിടത്തും അട്ടിമറി പ്രതീക്ഷിക്കുന്ന അവർ ചെറിയ വ്യത്യാസം മാത്രം ഇരു മുന്നണികള്ക്കും ഇടയില് വന്നാല് കറുത്ത കുതിരകളാകാം എന്നാണ് പ്രതീക്ഷിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR