ബിരിയാണി, കോഴിയിറച്ചി... ആഘോഷം പ്ലാന് ചെയ്ത് പിസി ജോര്ജ്; ബിജെപിയില് ഭാവി നിര്ണയം
Kottayam , 03 മെയ് (H.S.) നിയമസഭാ തിരഞ്ഞെടുപ്പില് മികച്ച വിജയം മാത്രം സ്വപ്നം കാണുന്ന പിസി ജോര്ജ് ഫലം വന്നാല് ആഘോഷം എങ്ങനെ നടത്തണം എന്ന പദ്ധതി തയ്യാറാക്കി. ബിരിയാണിയും കോഴിയിറച്ചിയും ഊണുമെല്ലാം ആഘോഷത്തിനുണ്ടാകും. ബൂത്ത് ഏജന്റുമാര്, പത്രക്കാര്, ബ
P C Geroge


Kottayam , 03 മെയ് (H.S.)

നിയമസഭാ തിരഞ്ഞെടുപ്പില് മികച്ച വിജയം മാത്രം സ്വപ്നം കാണുന്ന പിസി ജോര്ജ് ഫലം വന്നാല് ആഘോഷം എങ്ങനെ നടത്തണം എന്ന പദ്ധതി തയ്യാറാക്കി.

ബിരിയാണിയും കോഴിയിറച്ചിയും ഊണുമെല്ലാം ആഘോഷത്തിനുണ്ടാകും. ബൂത്ത് ഏജന്റുമാര്, പത്രക്കാര്, ബിജെപി നേതാക്കള് എന്നിവരെല്ലാം പങ്കെടുക്കുന്ന ഗ്രാന്റ് പരിപാടിയാണ് ആലോചനയില്.

ചരിത്ര നിമിഷങ്ങള്ക്കാണ് കേരള രാഷ്ട്രീയം ഇത്തവണ കാത്തിരിക്കുന്നത്. അച്ഛനും മകനും മല്സരിച്ച തിരഞ്ഞെടുപ്പാണിത്. അതും തൊട്ടടുത്ത മണ്ഡലങ്ങളില്. രണ്ടു പേരും ജയിച്ചാലും രണ്ടുപേരും തോറ്റാലും അത് ചരിത്രമാകും. തിരഞ്ഞെടുപ്പ് ഫലം പിസി ജോര്ജിന്റെയും ഷോണ് ജോര്ജിന്റെയും ബിജെപിയിലെ ഭാവി കൂടി നിര്ണയിക്കുമെന്ന് ഉറപ്പാണ്.

ഈ തിരഞ്ഞെടുപ്പില് പിസി ജോര്ജ് മല്സരിക്കാന് സാധ്യതയില്ല എന്നായിരുന്നു ആദ്യ വിവരം. ഇക്കാര്യം അദ്ദേഹം ബിജെപി നേതൃത്വത്തെ അറിയിച്ചുവെന്നും വാര്ത്തകള് വന്നിരുന്നു. പാലായില് മകന് ഷോണ് ജോര്ജ് നേരത്തെ കുപ്പായമിട്ടിരുന്നു. പ്രചാരണം തുടങ്ങുകയും ചെയ്തു. അവസാന നിമിഷമാണ് പിസി ജോര്ജിന് വീണ്ടും പൂതിയുദിച്ചത്. പൂഞ്ഞാറില് പിസി ജോര്ജിനെ മാറ്റി മറ്റൊരാളെ മല്സരിപ്പിക്കാന് ബിജെപിക്ക് ഇല്ലതാനും.

ഇതെല്ലാം പിസി ജോര്ജും ഷോണ് ജോര്ജും മല്സരിക്കട്ടെ എന്ന തീരുമാനത്തിലേക്ക് ബിജെപിയെ എത്തിച്ചു. ക്രിസ്ത്യന് സമുദായത്തെ ബിജെപിയുമായി അടുപ്പിക്കാന് സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര് നടത്തുന്ന നീക്കങ്ങളും ഇവര്ക്ക് അനുകൂലമായി. ഒടുവില് രണ്ടുപേരും ജനവിധി കാത്തിരിക്കുമ്പോള് വലിയ ആത്മവിശ്വാസത്തിലാണ് പിസി ജോര്ജ്.

ആഘോഷം അടിപൊളിയാക്കുമെന്ന് പിസി ജോര്ജ്

218 ബൂത്തുകളാണ് പൂഞ്ഞാര് മണ്ഡലത്തില്. 9 ഇടങ്ങളില് ബിജെപിക്ക് ബൂത്ത് കമ്മിറ്റിയില്ല. 209 ബൂത്ത് കണ്വീനര്മാര്, ഏജന്റുമാര് എന്നിവരടക്കം 418 പേര്, പഞ്ചായത്ത് ഭാരവാഹികള്, ബിജെപി നേതാക്കള്, പത്രക്കാര് എന്നിവരെല്ലാം ചേര്ന്നുള്ള ആഘോഷമാണ് പിസി ജോര്ജ് പദ്ധതിയിട്ടിരിക്കുന്നത്. ബിരിയാണി വേണ്ടവര്ക്ക് ബിരിയാണി, കോഴിയിറച്ചി, ഊണ് ആവശ്യമുള്ളവര്ക്ക് അത്, എല്ലാം വിളമ്പിയുള്ള ആഘോഷം നടത്തുമെന്ന് പിസി ജോര്ജ് പറയുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച വേളയിലാണ് കേന്ദ്ര സര്ക്കാര് എഫ്സിആര്എ ഭേദഗതി ചെയ്ത് പുതിയ നിയമം കൊണ്ടുവരാന് ശ്രമിച്ചത്. ഇത് ക്രിസ്ത്യന് സമുദായത്തെ കുടുക്കാനാണ് എന്ന് പ്രചാരണമുണ്ടായി. മതമേലധ്യക്ഷന്മാര് ഇക്കാര്യത്തില് ശക്തമായ നിലപാടെടുത്തു. ഇത് ബിജെപിക്ക് തിരിച്ചടിയായി. ചില മതനേതാക്കള് പരസ്യമായി ബിജെപിക്കെതിരെ പ്രതികരിച്ചു. ഇതോടെ പിസി ജോര്ജിന്റെയും ഷോണ് ജോര്ജിന്റെയും പ്രചാരണത്തിന് മങ്ങലേറ്റു.

എങ്കിലും ജയിക്കുമെന്ന പ്രതീക്ഷയിലാണ് അച്ഛനും മകനും. ജയിച്ചാല് ബിജെപിയില് നിര്ണായക സ്വാധീനമുള്ള നേതാക്കളായി ഇവര് മാറും. തോറ്റാല് പദവി നഷ്ടമാകാനും ഒരുപക്ഷേ ബിജെപി വിടാനുള്ള സാധ്യത വരെയുണ്ടെന്നും മധ്യകേരളത്തിലെ രാഷ്ട്രീയം നിരീക്ഷിക്കുന്നവര് വിലയിരുത്തുന്നു. എല്ലാ പാര്ട്ടികളുമായും ചേര്ന്ന് പ്രവര്ത്തിച്ച് പരിചയമുള്ള വ്യക്തിയാണ് പിസി ജോര്ജ്. ഫലം വന്നാല് അദ്ദേഹം എന്തു തീരുമാനമെടുക്കുമെന്നതും നിര്ണായകമാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News