Enter your Email Address to subscribe to our newsletters

Thiruvananthapuram , 30 മെയ് (H.S.)
ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ, ക്രിക്കറ്റ് കോച്ച് ആയ പ്രതി വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം (40) നെ 16 വർഷം കഠിനതടവിനും 24,000 രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള വിധിച്ചു. പിഴ ഒടുക്കാത്ത പക്ഷം രണ്ടര വർഷം തടവ് കൂടുതലായി അനുഭവിക്കണം. വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷകൾ ഉണ്ടെങ്കിലും അഞ്ച് വർഷം അനുഭവിച്ചാൽ മതിയെന്നും കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും വിധിയിലുണ്ട്
ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് പെൺകുട്ടി തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിങ്ങ് സെൻ്ററിൽ കോച്ചിങ്ങിനായി എത്തുന്നത്. ആദ്യ കുറച്ച് നാളുകൾക്ക് ശേഷം കുട്ടിയെ പരിശീലനത്തിന് എന്ന് പറഞ്ഞ് അവിടുത്തെ ജിമ്മിലേയ്ക്ക് കൊണ്ടുപോയാണ് പ്രതി പീഡിപ്പിച്ചത്. ഇത് കൂടാതെ കുട്ടിയുടെ നഗ്നദൃശ്യങ്ങളും എടുത്ത് നൽകാൻ പ്രതിപലതവണ പെൺകുട്ടിയെ നിർബന്ധിച്ചിരുന്നു. എന്നാൽ പെൺകുട്ടി ഇതിന് വഴങ്ങിയില്ല. മാത്രമല്ല പ്രതിയുടെ ഇഷ്ടത്തിന് വഴങ്ങാതിരുന്ന പെൺകുട്ടിക്ക് പിന്നീട് പ്രതി ശരിയായ കോച്ചിങ്ങും കൊടുക്കാതെയായി. ഇതിനാൽ 2021 ൽ പെൺകുട്ടി കോച്ചിങ്ങിനായി മറ്റൊരു സ്ഥലത്തേക്ക് പോയി.
പീഡനം പുറത്ത് പറഞ്ഞാൽ ക്രിക്കറ്റ് ഭാവി തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി ഭയന്ന് വിവരം വെളിയിൽ പറഞ്ഞില്ല. ഈ പെൺകുട്ടിക്ക് പിന്നാലെ കോച്ചിങ്ങിന് എത്തിയ മറ്റ് അഞ്ച് കുട്ടികളെയും പ്രതി പീഡിപ്പിച്ചിട്ടുണ്ട്. പീഡനത്തിൽ മനംനൊന്ത് ഇവരും മറ്റ് സ്ഥലങ്ങളിലേക്ക് കോച്ചിങ്ങിനായി പോയി. ഇവരും പ്രതിയെ ഭയന്ന് സംഭവം പുറത്ത് പറഞ്ഞില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
കേസിൻ്റെ പശ്ചാത്തലം
2024 ൽ തിരുവനന്തപുരത്ത് വെച്ച് നടന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെൻ്റിൽ പങ്കെടുക്കാൻ എത്തിയ പീഡനത്തിന് ഇരയായ ഒരു പെൺകുട്ടി, വർഷങ്ങൾക്ക് ശേഷം പ്രതിയെ കണ്ടതിനെ തുടർന്ന് ഭയന്ന് ബഹളം വെച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഈ കുട്ടിയുടെ പരാതി പുറത്തറിഞ്ഞതോടെയാണ് മറ്റ് കുട്ടികൾക്കും കേസ് നൽകാനുള്ള ധൈര്യം ലഭിച്ചത്. തുടർന്ന് പ്രതിക്കെതിരെ ആറ് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. ഇതിൽ നാല് കേസുകളുടെ വിചാരണ പൂർത്തിയായി.
പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ. ആർ എസ് വിജയ് മോഹൻ, അഡ്വ. സുരഭി പി, അഡ്വ. രവിശങ്കർ തമ്പി എച്ച് എ എന്നിവർ ഹാജരായി. കൻ്റോൺമെൻ്റ് പൊലീസ് എസ്ഐമാരായ ഷെഫിൻ എസ്, നിതിൻ നളൻ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ച് 25 രേഖകളും ഹാജരാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR