Enter your Email Address to subscribe to our newsletters

Kozhikode , 30 മെയ് (H.S.)
നിർദിഷ്ട കേരള ഹൈ സ്പീഡ് റെയിൽവേ (കെഎച്ച്എസ്ആർ) പദ്ധതി പ്രാവർത്തികമാകുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനുമായി ഇ ശ്രീധരൻ കൂടിക്കാഴ്ച നടത്തിയിരുന്നു. പദ്ധതി അവലോകനത്തിൽ മുഖ്യമന്ത്രി തൃപ്തനാണെന്നും അടുത്ത സംസ്ഥാന ബജറ്റിൽ പദ്ധതി പ്രഖ്യാപനം ഉണ്ടാകുമെന്നും ശ്രീധരൻ പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വലിയ ഉത്സാഹമാണ് കാണിച്ചത്. കെ റെയിൽ പോലെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന പദ്ധതി ആയിരിക്കില്ല ഇതെന്ന ഉറപ്പ് അദ്ദേഹത്തിന് നൽകി' ശ്രീധരൻ പറഞ്ഞു. അതിനിടെ പാതയുടെ ഇടക്കാല റിപ്പോർട്ട് ഡിഎംആർസി കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനും സംസ്ഥാന സർക്കാരിനും സമർപ്പിച്ചിട്ടുണ്ട്.
കേരള ഹൈ സ്പീഡ് റെയിൽവേ പദ്ധതി
തിരുവനന്തപുരം സിറ്റി (പൂജപ്പുര) മുതൽ കണ്ണൂർ (മുണ്ടയാട്) വരെ 473.20 കിലോമീറ്റർ നീളമുള്ള കെഎച്ച്എസ്ആർ ഒരു ഇരട്ട പാതയാണ്. 23 സ്റ്റേഷനുകളാണ് ഇതിനുള്ളത്. തിരുവനന്തപുരം നഗരത്തിലെ 6.5 കിലോമീറ്റർ തുരങ്കങ്ങളിലൂടെയായിരിക്കും കടന്ന് പോകുക. ബാക്കിയുള്ള പാത പൂർണമായും തൂണിലായിരിക്കും. കണ്ണൂർ ഒഴികെയുള്ള കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളെയും ഈ പാത സ്പർശിക്കുന്നുണ്ട്. പാത നേരിട്ട് കടന്നുപോകാത്ത കണ്ണൂർ വിമാനത്താവളത്തിലേക്ക് മാത്രമായി 10 കിലോമീറ്റർ നീളമുള്ള പ്രത്യേക റോഡ് നിർമ്മിക്കും.
തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള ആകെ യാത്രാ സമയം 3 മണിക്കൂറും 30 മിനിറ്റും ആയിരിക്കും. 21.5 കിലോമീറ്ററായിരിക്കും ശരാശരി സ്റ്റേഷനുകൾക്കിടയിലുള്ള ദൂരം, ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറിൽ 200 കിലോമീറ്റർ ആയിരിക്കും. ശരാശരി കൊമേഴ്സ്യൽ വേഗത മണിക്കൂറിൽ 140 കിലോമീറ്റർ ആയിരിക്കും. ഇതിനാവശ്യമായ റോളിംഗ് സ്റ്റോക്ക്, സിഗ്നലിംഗ്, ട്രാക്ക്, ട്രാക്ഷൻ സംവിധാനങ്ങൾ നിലവിൽ ഇന്ത്യയിൽ ലഭ്യമായതും പരീക്ഷിച്ച് വിജയിച്ചതുമാണ്.
ട്രെയിനുകളിൽ 12 കോച്ചുകളും ആകെ 800 സീറ്റിങ് ശേഷിയുമുണ്ടാകും. ആവശ്യമെങ്കിൽ ട്രെയിനുകളുടെ നീളം പിന്നീട് 16 കോച്ചുകളായി ഉയർത്തും. പ്ലാറ്റ്ഫോമുകൾ 16 കോച്ചുകളുള്ള ട്രെയിനുകളെ ഉൾക്കൊള്ളാൻ തക്കവണ്ണമാണ് ആസൂത്രണം ചെയ്യുന്നത്.
ആദ്യം, തിരക്കേറിയ സമയങ്ങളിൽ (രാവിലെ 6 മുതൽ 11 വരെയും വൈകുന്നേരം 4 മുതൽ രാത്രി 8 വരെയും) ഓരോ 20 മിനിറ്റിലും തിരക്കില്ലാത്ത സമയങ്ങളിൽ ഓരോ നാൽപ്പത് മിനിറ്റിലും ട്രെയിനുകൾ ഓടിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. പ്രതിദിനം 54,400 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയാണുള്ളത് ട്രെയിനിനുള്ളത്. ഭാവിയില് തിരക്കുള്ള സമയങ്ങളിൽ ട്രെയിനുകളുടെ ഇടവേള 5 മിനിറ്റായും, തിരക്കില്ലാത്ത സമയങ്ങളിൽ 10 മിനിറ്റായും കുറയ്ക്കാൻ സാധിക്കും. അങ്ങനെ വരുമ്പോൾ പ്രതിദിന യാത്രാശേഷി 2.28 ലക്ഷമായി ഉയരും. യാത്രക്കാരെ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ല. മുൻകൂർ റിസർവേഷനുകളെ അടിസ്ഥാനമാക്കിയായിരിക്കും ഇരിപ്പിടങ്ങൾ ക്രമീകരിക്കുക.
നിർമാണത്തിനായി വെറും 20 മീറ്റർ വീതിയിലുള്ള ഭൂമി മാത്രമാണ് ഏറ്റെടുക്കേണ്ടി വരുന്നത്. നിർമാണം പൂർത്തിയായ ശേഷം, കൃഷിക്കോ കന്നുകാലി മേയ്ക്കലിനോ ആയി ചില നിബന്ധനകളോടെ ഈ ഭൂമി യഥാർഥ ഉടമകൾക്ക് തന്നെ പാട്ട വ്യവസ്ഥയിൽ തിരികെ നൽകാവുന്നതാണ്.
പദ്ധതിക്കാവശ്യമായ മുഴുവൻ ഊർജ്ജവും സ്വന്തം സോളാർ സിസ്റ്റത്തിൽ നിന്നാണ് കണ്ടെത്തുന്നത്. ഇതിൽ നിന്നുള്ള അധിക വൈദ്യുതി കെഎസ്ഇബിക്ക് വിൽക്കുകയും ചെയ്യും.
പദ്ധതിയുടെ പൂർത്തീകരണ ചെലവ്
പദ്ധതിക്ക് വേണ്ട പൂർത്തീകരണ ചെലവ് 60,000 കോടി രൂപയായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. അതിൽ 36,000 കോടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 51:49 അടിസ്ഥാനത്തിൽ ഇക്വിറ്റി വഴി കണ്ടെത്തും. ബാക്കി 24,000 കോടി ക്രൗഡ് ഫണ്ടിങ് വഴി സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു കിലോമീറ്ററിന് ശരാശരി 127 കോടി രൂപ മാത്രമാണ് നിർമാണ ചെലവ് വരുന്നത്. അനുമതി ലഭിച്ചാൽ അഞ്ച് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
രണ്ടാം ഘട്ടപദ്ധതി
രണ്ടാം ഘട്ടത്തിൽ, കണ്ണൂരിൽ നിന്ന് കാസർകോട്ടേക്കും തുടർന്നുള്ള ഘട്ടങ്ങളിൽ കോഴിക്കോട് നിന്ന് കൽപ്പറ്റയിലേക്കും, പട്ടാമ്പിയിൽ നിന്ന് പാലക്കാട് വരെയും, തൃശൂർ മുതൽ പാലക്കാട് വരെയും ലൈൻ നീട്ടാൻ കഴിയും. ഭാവിയിലെ ഈ വികസനങ്ങൾ കണക്കിലെടുത്ത്, ജംഗ്ഷൻ സ്റ്റേഷനുകൾ പ്രാരംഭ ഘട്ടത്തിൽ തന്നെ ആസൂത്രണം ചെയ്തിട്ടുണ്ട്.
സ്റ്റേഷനുകൾ
- തിരുവനന്തപുരം സിറ്റി (പൂജപ്പുര)
- തിരുവനന്തപുരം വിമാനത്താവളം
- വർക്കല
- കൊല്ലം
- കൊട്ടാരക്കര
- പത്തനംതിട്ട ജംഗ്ഷൻ
- തിരുവല്ല
- കോട്ടയം
- വൈക്കം
- തൃപ്പൂണിത്തുറ
- എറണാകുളം (പാലാരിവട്ടം)
- ആലുവ
- കൊച്ചിൻ എയർപോർട്ട്
- ചാലക്കുടി
- തൃശൂർ ജംഗ്ഷൻ
- പട്ടാമ്പി ജംഗ്ഷൻ
- മലപ്പുറം
- കോഴിക്കോട് വിമാനത്താവളം
- കോഴിക്കോട് ജങ്ഷൻ
- ബാലുശ്ശേരി
- നാദാപുരം
- കൂത്തുപറമ്പ്
- കണ്ണൂർ (മുണ്ടയാട്)
സ്റ്റേഷനുകൾ തമ്മിലുള്ള ശരാശരി ദൂരം: 21.5 കി.മീ
---------------
Hindusthan Samachar / CHANDHU CHANDRASEKHAR