Enter your Email Address to subscribe to our newsletters

Idukki , 30 മെയ് (H.S.)
മൂന്നാറിലെ കാട്ടുകൊമ്പൻ 'പടയപ്പ' ഇപ്പോൾ ജനവാസ മേഖല വിട്ട് മറ്റൊരു താവളം കണ്ടെത്തിയിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി മൂന്നാർ കല്ലാറിലെ മാലിന്യ സംസ്കരണ പ്ലാൻ്റിലെ സ്ഥിരം സന്ദർശകനാണ് പടയപ്പ. പ്ലാൻ്റിലേക്ക് ദിവസേന എത്തിക്കുന്ന പച്ചക്കറി അവശിഷ്ടങ്ങൾ ലക്ഷ്യം വെച്ചാണ് പടയപ്പയുടെ വരവ്. പടയപ്പയുടെ ഈ പുതിയ 'ഭക്ഷണരീതി' തോട്ടം മേഖലയിലെ ജനങ്ങൾക്ക് താൽക്കാലിക ആശ്വാസമായി മാറിയിരിക്കുകയാണ്. പ്ലാൻ്റിലെത്തിയാൽ പടയപ്പയ്ക്ക് 'ഫുൾ ടൈം' ഭക്ഷണമാണെന്ന് നാട്ടുകാർ പറയുന്നു.
മൂന്നാർ ടൗണിൽ നിന്നും പരിസരങ്ങളിൽ നിന്നും ശേഖരിച്ച് കല്ലാർ പ്ലാൻ്റിലേക്ക് എത്തിക്കുന്ന മാലിന്യങ്ങളിൽ വലിയൊരു പങ്ക് പച്ചക്കറി അവശിഷ്ടങ്ങളാണ്. ഓരോ ദിവസവും വണ്ടികളിൽ പച്ചക്കറി മാലിന്യങ്ങൾ പ്ലാൻ്റിലേക്ക് തള്ളുന്ന കൃത്യസമയത്ത് തന്നെ പടയപ്പയും അവിടെ ഹാജരാകും. തനിക്കിഷ്ടപ്പെട്ട പച്ചക്കറികൾ വയറുനിറയെ അകത്താക്കിയ ശേഷമാണ് കൊമ്പൻ മടങ്ങുന്നത്. പച്ചക്കറി അവശിഷ്ടങ്ങൾ യഥേഷ്ടം ലഭിക്കാൻ തുടങ്ങിയതോടെ മൂന്നാറിലെ മറ്റു തോട്ടം മേഖലകളിലേക്കുള്ള പടയപ്പയുടെ കറക്കം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
ശാന്തനാണ്... എങ്കിലും പേടിയുണ്ടെന്ന് ജീവനക്കാർ
മാലിന്യ പ്ലാൻ്റിലെ പതിവ് സന്ദർശകനാണെങ്കിലും അവിടെയുള്ള ജീവനക്കാർക്ക് പടയപ്പ ഇതുവരെ കാര്യമായ ബുദ്ധിമുട്ടുകളോ നാശനഷ്ടങ്ങളോ ഉണ്ടാക്കിയിട്ടില്ല. നിലവിൽ ശാന്ത സ്വഭാവത്തിലാണ് കൊമ്പൻ്റെ വരവും പോക്കുമെങ്കിലും, ഏത് നിമിഷവും വന്യമൃഗത്തിൻ്റെ ഭാവം മാറാം എന്നതിനാൽ ജീവനക്കാർ വലിയ ഭീതിയിലാണ് ഇവിടെ ജോലി ചെയ്യുന്നത്.
ദിവസേന വന്ന് പച്ചക്കറി അവശിഷ്ടങ്ങൾ കഴിച്ച് മടങ്ങുമെങ്കിലും പടയപ്പ ഇതുവരെ ഞങ്ങളെ ഉപദ്രവിക്കാൻ തുനിഞ്ഞിട്ടില്ല. എങ്കിലും ഭീമാകാരനായ ഒരു കാട്ടാന തൊട്ടടുത്ത് നിൽക്കുമ്പോൾ ഉണ്ടാകുന്ന ഭയം ചെറുതല്ല, പ്ലാൻ്റിലെ ജീവനക്കാർ പറഞ്ഞു
ജനവാസ മേഖലകളിൽ ആശ്വാസം
പടയപ്പ കല്ലാർ പ്ലാൻ്റിലെ സ്ഥിരം കാവൽക്കാരനായതോടെ തോട്ടം മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ ആനയെത്തുന്നത് കുറഞ്ഞു. മുൻപ് മേഖലയിലെ പച്ചക്കറി കൃഷിയിടങ്ങൾ ലക്ഷ്യമിട്ടായിരുന്നു പടയപ്പയുടെ പ്രധാന സഞ്ചാരം. ഇത് കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയിരുന്നു.
എന്നാൽ പ്ലാൻ്റിൽ നിന്ന് യഥേഷ്ടം ഭക്ഷണം ലഭിക്കുന്നതിനാൽ കൃഷിയിടങ്ങൾ ആക്രമിക്കുന്ന ശീലവും പടയപ്പ ഇപ്പോൾ കുറച്ചിരിക്കുകയാണ്. എങ്കിലും, മാലിന്യ പ്ലാൻ്റിന് ചുറ്റും കൃത്യമായ സുരക്ഷാ വേലികൾ ഒരുക്കണമെന്നും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പിൻ്റെ നിരീക്ഷണം ശക്തമാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം
---------------
Hindusthan Samachar / CHANDHU CHANDRASEKHAR