Enter your Email Address to subscribe to our newsletters

New delhi, 30 മെയ് (H.S.)
2026-ലെ ഏഷ്യന്‍ ഗെയിംസില്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് പങ്കെടുക്കാന്‍ കഴിയില്ല. . ഏഷ്യന്‍ ഗെയിംസ് യോഗ്യതാ മത്സരത്തില്‍ വിനേഷ് പരാജയപ്പെട്ടു. വനിതകളുടെ 53 കിലോഗ്രാം വിഭാഗം സെമി ഫൈനലില്‍ ഹരിയാണയുടെ മീനാക്ഷി ഗോയറ്റിനോടായിരുന്നു തോല്‍വി (4-6). തോല്‍വിയോടെ വിനേഷിന് ഏഷ്യന്‍ ഗെയിംസിലേക്കുള്ള യോഗ്യത നഷ്ടമായി.
ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഈ ട്രയല്‍സ് കടുത്ത തര്‍ക്കങ്ങള്‍ക്കും നാടകീയമായ സംഭവങ്ങള്‍ക്കുമാണ് സാക്ഷ്യം വഹിച്ചത്. സുപ്രീം കോടതിവരെ കേസിനു പോയാണ് വിനേഷ് ഏഷ്യന്‍ ഗെയിംസ് യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അനുമതി നേടിയെടുത്തത്.
മത്സരത്തിന് മുന്നോടിയായി ഭാരപരിധിയെച്ചൊല്ലി ഫെഡറേഷനുമായി തര്‍ക്കമുണ്ടായെങ്കിലും കോടതി ഇടപെടലിലൂടെയാണ് വിനേഷിന് പങ്കെടുക്കാന്‍ സാധിച്ചത്. ടൂര്‍ണമെന്റിലുടനീളം പരിശീലകരുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധങ്ങളും സാങ്കേതിക തടസ്സങ്ങളും ഉണ്ടായിരുന്നു.
തന്റെ കഴിഞ്ഞ നാല് അന്താരാഷ്ട്ര മത്സരങ്ങളിലും (പാരീസ് ഒളിമ്പിക്സ് ഉള്‍പ്പെടെ) 50 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ചതിനാല്‍, വിനേഷിനെ 50 കിലോഗ്രാം വിഭാഗത്തില്‍ മാത്രമേ മത്സരിക്കാന്‍ അനുവദിക്കൂ എന്ന് റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ആദ്യം അറിയിച്ചിരുന്നു. എന്നാല്‍, ഇത് വിവേചനമാണെന്ന് വിനേഷ് ആരോപിച്ചു. ഒടുവില്‍ 53.9 കിലോഗ്രാം ഭാരമുണ്ടായിരുന്ന വിനേഷിനെ 53 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കാന്‍ റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് സഞ്ജയ് സിങ് അനുവദിക്കുകയായിരുന്നു.
വിനേഷിനെ ഒരു ഐക്കണ്‍ പ്ലെയറായി പരിഗണിക്കാനും ഏഷ്യന്‍ ഗെയിംസ് സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ അനുവദിക്കാനും ഡല്‍ഹി ഹൈക്കോടതി ഡബ്ല്യുഎഫ്ഐയോട് നിര്‍ദേശിച്ചിരുന്നു.
നേരത്തേ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹരിയാണയുടെ നിഷുവിനെതിരേ കടുത്ത മത്സരമാണ് വിനേഷ് നേരിട്ടത്. ആദ്യ പകുതിയില്‍ 0-5 എന്ന സ്‌കോറിന് പിന്നിലായിരുന്ന വിനേഷ് പിന്നീട് ശക്തമായി തിരിച്ചുവന്നു. സാങ്കേതിക തകരാറുകള്‍ മൂലമുണ്ടായ തടസങ്ങള്‍ വിനേഷിന് അനുകൂലമായി മാറുകയും മത്സരം 6-6 എന്ന സ്‌കോറില്‍ അവസാനിക്കുകയും ചെയ്തു. പിന്നീട് വിനേഷിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. നിഷുവിന്റെ കോച്ച് തീരുമാനത്തെ ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് നിഷു, വിനേഷിന് ഹസ്തദാനം നല്‍കാന്‍ വിസമ്മതിച്ച് കരഞ്ഞുകൊണ്ടാണ് കളം വിട്ടത്.
---------------
Hindusthan Samachar / Sreejith S