Enter your Email Address to subscribe to our newsletters

Thiruvanathapuram, 30 മെയ് (H.S.)
തിരുവനന്തപുരം: ഹാപ്പി ലാന്റ് അമ്യൂസ്മെന്റ് പാർക്കിൽ
റൈഡ് തകർന്ന് പതിനാലോളം പേർക്ക് പരിക്കേറ്റ സംഭവം ആർ ഡി ഒ തലത്തിൽ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.
പാർക്ക് മാനേജ്മെന്റ്, പഞ്ചായത്ത് സെക്രട്ടറി, ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർക്ക് മുൻകൂർ നോട്ടീസ് നൽകിയ ശേഷം സ്ഥലം സന്ദർശിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കണം. അപകടത്തിനുള്ള കാരണങ്ങൾ, പാർക്കിന് പഞ്ചായത്തിന്റെ ലൈസൻസുണ്ടോ, അപകടമുണ്ടായ യന്ത്രത്തിന് ഫിറ്റ് നെസ് സർട്ടിഫിക്കേറ്റുണ്ടോ, അപകടത്തിന് ഇരയായവരുടെ വിശദാംശങ്ങൾ, അപകടം ആവർത്തിക്കാതിരിക്കാൻ സ്വീകരിച്ച നടപടികൾ, പാർക്കിലെ നീന്തൽകുളത്തിന്റെ ഉപയോഗക്ഷമത എന്നിവ പരിശോധിക്കണം. ആർ ഡി ഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ 3 ആഴ്ചക്കകം വിശദമായ റിപ്പോർട്ട് കമ്മീഷനിൽ സമർപ്പിക്കണം.
അപകടമുണ്ടായ യന്ത്രത്തിന് ഫിറ്റ് നെസ് ലഭിച്ച ശേഷമാണോ
പാർക്കിന് പഞ്ചായത്ത് ലൈസൻസ് നൽകിയതെന്ന് മാണിക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. അപകടത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളും 3 ആഴ്ചക്കകം സമർപ്പിക്കണം.
ഡി വൈഎസ് പി തലത്തിൽ അന്വേഷണം നടത്തി റൂറൽ ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. ജില്ലാ കളക്ടർ, റൂറൽ ജില്ലാ പോലീസ് മേധാവി എന്നിവരുടെ പ്രതിനിധികളും മാണിക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും കമ്മീഷൻ ആസ്ഥാനത്ത് ജൂലൈ 4 ന് രാവിലെ 10 ന് നടക്കുന്ന സിറ്റിംഗിൽ ഹാജരാകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
---------------
Hindusthan Samachar / Sreejith S