Enter your Email Address to subscribe to our newsletters

Thiruvanathapuram, 07 മെയ് (H.S.)
തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം തുടങ്ങി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിരീക്ഷകര്‍ കെപിസിസി ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുനനുണ്ട്. മുതിര്‍ന്ന നേതാക്കളായ അജയ് മാക്കന്‍, മുകുള്‍ വാസ്നിക് എന്നിവരാണ് വ്യാഴാഴ്ച രാവിലെ 11 മണിയോടെ ഇന്ദിരാഭവനിലെത്തിയത്. മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന് 'കാത്തിരിക്കൂ' എന്നായിരുന്നു അജയ് മാക്കന്റെ മറുപടി. നിയുക്ത എംഎല്‍എമാരുടെ പ്രതികരണം തേടട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ 63 നിയുക്ത എംഎല്‍എമാരും വ്യാഴാഴ്ച ഇന്ദിരാഭവനിലെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ കോണ്‍ഗ്രസ് എംപിമാരും വൈകാതെ എത്തും. മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച് ഓരോ നിയുക്ത എംഎല്‍എമാരുമായും കേന്ദ്ര നിരീക്ഷകര്‍ കൂടിക്കാഴ്ച നടത്തി അഭിപ്രായം സ്വീകരിക്കും. ഇതിനുശേഷം തീരുമാനത്തിലെത്തുമെന്നാണ് കരുതുന്നത്.
വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. മൂവര്‍ക്കുമായി കോണ്‍ഗ്രസില്‍ ഇതിനോടകം ചേരിതിരിഞ്ഞുള്ള അവകാശവാദങ്ങളും ആരംഭിച്ചിട്ടുണ്ട്. മൂവരുടെയും പേരില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ബോര്‍ഡുകളും ഉയര്‍ന്നു. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസുകാരുടെ പന്തംകൊളുത്തി പ്രകടനവും അരങ്ങേറി.
അതേസമയം, കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരന്‍ നിരീക്ഷകര്‍ക്ക് കത്ത് നല്‍കിയെന്നും വിവരമുണ്ട്. കെ.സി. മുഖ്യമന്ത്രിയാകണമെന്ന് കെപിസിസി വക്താവ് അനില്‍ ബോസും പ്രതികരിച്ചു. അമ്പതിലേറെ എംഎല്‍എമാരുടെ പിന്തുണ കെസിയ്ക്കുണ്ടെന്നാണ് അനില്‍ ബോസിന്റെ അവകാശവാദം. എന്നാല്‍, കോണ്‍ഗ്രസില്‍ ഒരു സതീശന്‍ മാത്രമല്ല ഉള്ളതെന്നായിരുന്നു സുധാകരന്റെ പ്രതികരണം. ഒരുപാട് സതീശന്മാരുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തുന്ന ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ യുഡിഎഫിലെ ഘടകകക്ഷികളില്‍നിന്നും അഭിപ്രായം തേടുമെന്നാണ് വിവരം. മുസ്ലിംലീഗ്, കേരള കോണ്‍ഗ്രസ് എന്നിവരടക്കമുള്ള പാര്‍ട്ടികളുടെ നിലപാടും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമാവും.
തിരഞ്ഞെടുപ്പ് നയിച്ച വി.ഡി. സതീശന്‍ തന്നെ മുഖ്യമന്ത്രിയാകണമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ ആവശ്യം. പൊതുസമൂഹവും ഇതാണ് ആഗ്രഹിക്കുന്നതെന്നും ഇവര്‍ പറയുന്നു. സതീശനെ പരിഗണിച്ചില്ലെങ്കില്‍ പൊതുജനവികാരം എതിരാകുമെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ അദ്ദേഹം മന്ത്രിസഭയില്‍ ചേരാതെ മാറിനിന്നേക്കുമെന്നുള്ള അഭ്യൂഹവും ശക്തമാണ്.
അതേസമയം, സീനിയോറിറ്റിയാണ് രമേശ് ചെന്നിത്തലയ്ക്ക് അനുകൂലമായ ഘടകം. കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തിയ അദ്ദേഹം സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിലെ വിഷയങ്ങളല്ല, മഹാരാഷ്ട്രയിലെ സംഘടനാകാര്യങ്ങളാണ് ചര്‍ച്ചചെയ്തതെന്ന് അദ്ദേഹം പറഞ്ഞെങ്കിലും കേരളത്തിലെ സാഹചര്യങ്ങള്‍ സംബന്ധിച്ച് അനൗപചാരിക സംഭാഷണം നടന്നതായാണ് സൂചന. പൊതുഅഭിപ്രായം കണക്കിലെടുക്കേണ്ടിവരുമെന്ന് സോണിയഗാന്ധി പറഞ്ഞതായും സൂചനയുണ്ട്. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നതാണ് കെസി പക്ഷത്തിന്റെ മേല്‍ക്കൈ. ഇക്കാര്യം ചൂണ്ടിക്കാട്ടിയാകും ഇവര്‍ വാദമുന്നയിക്കുക.
---------------
Hindusthan Samachar / Sreejith S