Enter your Email Address to subscribe to our newsletters

Thiruvananthapuram , 07 മെയ് (H.S.)
കേരളത്തിലെ കോണ്ഗ്രസിൻ്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് എഐസിസി നിയോഗിച്ച നിരീക്ഷകരായ മുകുള് വാസ്നികും അജയ് മാക്കനും എംഎല്എ മാരെ ഒറ്റയ്ക്കൊറ്റയ്ക്കു കണ്ട് അഭിപ്രായം തേടി. മുഖ്യമന്ത്രി സ്ഥാനത്തിനായി കടുംപിടുത്തം തുടരുന്ന എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാലിനാണ് എംഎല്എ മാരില് ഭൂരിപക്ഷം പേരുടെ പിന്തുണയെന്ന് കെ സി പക്ഷം അവകാശപ്പെട്ടു. എന്നാല് ഈ അവകാശവാദത്തില് കഴമ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്യാമ്പ് തിരിച്ചടിച്ചു.
വൈകിട്ട് നാലിന് തമ്പാനൂരിലെ സ്വകാര്യ ഹോട്ടലില് നിരീക്ഷകര് ഘടകക്ഷി നേതാക്കളുമായി സംസാരിച്ച് ഇന്ന് ഡല്ഹിക്കു മടങ്ങി എഐസിസി പ്രസിഡൻ്റിന് റിപ്പോര്ട്ട് കൈമാറും. പ്രഖ്യാപനം ഞായറാഴ്ച ഡല്ഹിയിലുണ്ടാകുമെന്നാണ് സൂചന. കേരളത്തിലെ കോണ്ഗ്രസ് എംഎല്എമാരില് നിന്ന് അഭിപ്രായം തേടിയിട്ടുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം ഉള്പ്പെടുത്തി റിപ്പോര്ട്ട് ഹൈക്കമാന്ഡിനു കൈമാറുമെന്നും തീരുമാനം ഉടന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും നിരീക്ഷകരായ മുകുള്വാസ്നികും അജയ് മാക്കനും എംഎല്എമാരെയും എംപിമാരെയും കണ്ട ശേഷം മാധ്യമങ്ങളോടു പറഞ്ഞു.
എഐസിസി സംസ്ഥാനത്തേക്കയച്ച നിരീക്ഷകരമായ അജയ് മാക്കന്, മുകുള് വാസ്നിക് എന്നിവര് ഇന്നലെ തലസ്ഥാനത്തെത്തിയിരുന്നു. ഇന്ന് രാവിലെ കെപിസിസിയുടെ മുന് പ്രസിഡൻ്റുമാരുമായി അവര് സ്വകാര്യ ഹോട്ടലില് കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാവിലെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലെത്തിയത്. ഇന്ദിരാഭവനിലെ മീഡിയാ റൂമിലാണ് കോണ്ഗ്രസ് പാര്ലമെൻ്ററി പാര്ട്ടിയോഗം നിരീക്ഷകരുടെ അധ്യക്ഷതയില് ചേര്ന്നത്. കേരളത്തിൻ്റെ ചുമതലയുള്ള ജനറല് സെക്രട്ടറി ദീപാദാസ് മുന്ഷിയും യോഗത്തിനുണ്ടായിരുന്നു.
പത്ത് വര്ഷത്തിനു ശേഷം കേരളത്തില് കോണ്ഗ്രസിനെയും യുഡിഎഫിനെയും തിരികെ അധികാരത്തിലെത്തിക്കുന്നതിനായി കഠിനമായി പ്രയ്ത്നിക്കുകയും നിരന്തരമായി ജനങ്ങളുടെ പ്രശ്നങ്ങള് പൊതുമധ്യത്തില് കൊണ്ടുവരികയും ചെയ്ത കെപിസിസി നേതൃത്വത്തിനെയും ഉജ്ജ്വല വിജയം നേടിയ എംഎല്എ മാരെയും നിരീക്ഷകര് അഭിനന്ദിച്ചു. അതിനു ശേഷം കോണ്ഗ്രസിൻ്റെ കീഴ്വഴക്കം അനുസരിച്ച് കോണ്ഗ്രസ് പാര്ലമെൻ്ററി പാര്ട്ടി നേതാവിനെ തിരഞ്ഞെടുക്കാനുള്ള അധികാരം കോണ്ഗ്രസ് ഹൈക്കമാന്ഡിനു നല്കി കൊണ്ടുള്ള ഒറ്റവരി പ്രമേയം നിരീക്ഷകര് യോഗത്തില് അവതരിപ്പിച്ചു. ഇത് ഐക്യ കണ്ഠേന അംഗീകരിച്ച് യോഗം പിരിഞ്ഞു.
തുടര്ന്ന് നിരീക്ഷകര് കെപിസിസി പ്രസിഡൻ്റിൻ്റെ മുറിയില് എംഎല്എ മാരെ ഒറ്റയ്ക്കു വിളിച്ചു വരുത്തി അഭിപ്രായം തേടി. പുതുപ്പള്ളിയില് നിന്നു തെരഞ്ഞെടുക്കപ്പെട്ട ചാണ്ടി ഉമ്മനാണ് ആദ്യം നിരീക്ഷകരെ കണ്ട് അഭിപ്രായം രേഖപ്പെടുത്തിയത്. പുതുപ്പള്ളി പള്ളിപെരുനാളിൻ്റെ സമാപന ദിവസമായതിനാല് അതില് പങ്കെടുക്കാന് അടിയന്തരമായി മടങ്ങേണ്ടതിനാലാണ് ചാണ്ടി ഉമ്മന് ആദ്യ പരിഗണന ലഭിച്ചത്. പിന്നാലെ എലത്തൂരില് നിന്നു വിജയിച്ച വിദ്യാബാലകൃഷ്ണന്, കോഴിക്കോട് നോര്ത്തില് നിന്നുള്ള കെ ജയന്ത്, കൊയിലാണ്ടിയില് നിന്നുള്ള കെ പ്രവീണ്കുമാര് എന്ന ക്രമത്തിലായിരുന്നു നിരീക്ഷകരെ കണ്ടത്.
ഏറ്റവും ഒടുവില് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പിന്നാലെ മുന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിരീക്ഷകരെ കണ്ട ശേഷം കെപിസിസി ഓഫീസില് നിന്നു പുറത്തു പോയി. പിന്നാലെ നിരീക്ഷകര് സംസ്ഥാനത്തു നിന്നുള്ള എംപിമാരുമായി ആശയ വിനിമയം നടത്തി. ഇന്നു വൈകിട്ട് നാലിന് തമ്പാനൂരിലെ ഹോട്ടല് ഹൈസിന്തില് ഘടക കക്ഷി നേതാക്കളെ കണ്ട് നിരീക്ഷകര് അഭിപ്രായം തേടും. മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി, കേരള കോണ്ഗ്രസ് നേതാവ് പി ജെ ജോസഫ്, ആര്എസ്പി നേതാവ് ഷിബു ബേബി ജോണ്, കേര കോണ്ഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ്, സിഎംപി നേതാവ് സി പി ജോണ് തുടങ്ങിയവരുമായിട്ടാണ് നിരീക്ഷകരുടെ കൂടിക്കാഴ്ച. ഇതിനു ശേഷമായിരിക്കും നിരീക്ഷകര് ഡല്ഹിക്കു മടങ്ങുക.
ഞായറാഴ്ചയോടെ മുഖ്യമന്ത്രിയെ ഹൈക്കമാന്ഡ് പ്രഖ്യാപിക്കുമെന്നാണ് സൂചന. പാര്മെൻ്ററി പാര്ട്ടി യോഗത്തിനു മുന്നോടിയായി ഇന്നു രാവിലെ പത്തുമണിയോടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോണ്ഗ്രസ് എംഎല്എമാര് കെപിസി ആസ്ഥാനത്തെത്തിയിരുന്നു. പ്രവര്ത്തകരും നേതാക്കളും ഇവര്ക്ക് ഊഷ്മളമായ സ്വീകരണമാണ് നല്കിയത്. പുതുതായി വിജയിച്ചു വന്ന എംഎല്എമാര്ക്കു പുറമേ എംപി മാരായ കൊടിക്കുന്നില് സുരേഷ്, എം കെ രാഘവന്, അടൂര് പ്രകാശ്, ബെന്നി ബഹനാന് എന്നിവരും കെപിസിസി ആസ്ഥാനത്തെത്തിയിരുന്നു. തങ്ങളുടെ അഭിപ്രായം നിരീക്ഷകരെ അറിയിച്ചിട്ടുണ്ടെന്നും കോണ്ഗ്രസ് ഹൈക്കമാന്ഡ് എന്തു തീരുമാനമെടുത്താലും ശിരസാ വഹിക്കുമെന്നും നിരീക്ഷകരെ കണ്ടു പുറത്തിറങ്ങിയ അബിന് വര്ക്കി, എം ലിജു, എ ഡി തോമസ്, തിരുവഞ്ചൂര് രാധാകൃഷ്ണന്, എന് ശക്തന് എന്നിവര് മാധ്യമങ്ങളോടു വ്യക്തമാക്കി. എംഎല്എമാരുമായി നിരീക്ഷകരുടെ കൂടിക്കാഴ്ച തുടരുന്നതിനിടെ കെപിസിസി ആസ്ഥാനത്തിനു മുന്നില് കെ സി വേണുഗോപാലിനായി സുധാകരന് അനുകൂലികള് ഫ്ളക്സ് സ്ഥാപിച്ചു. രാവിലെ നിരീക്ഷകരെ കണ്ട മുന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരന് കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ടു കത്തും നല്കിയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR