Enter your Email Address to subscribe to our newsletters

Patna, 07 മെയ് (H.S.)
പട്ന : സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള ബിഹാര്‍ മന്ത്രിസഭയ്ക്ക് വിപുലീകരണം. പട്നയിലെ ഗാന്ധി മൈതാനത്ത് നടന്ന പൊതുചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവരുടെ സാന്നിധ്യത്തില്‍ ബിഹാര്‍ മന്ത്രിസഭ വികസിപ്പിച്ചു. പുതുതായി മന്ത്രിസഭയിലേക്കെത്തിയ 32 അംഗങ്ങളാണ് സത്യവാചകം ചൊല്ലി അധികാരത്തിലേറിയത്. ഇതോടെ സംസ്ഥാനത്തെ ആകെ മന്ത്രിമാരുടെ എണ്ണം 35 ആയി.
മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരിയും ഉപമുഖ്യമന്ത്രിമാരായി വിജയ് കുമാര്‍ ചൗധരിയും ബിജേന്ദ്ര പ്രസാദ് യാദവും സത്യപ്രതിജ്ഞ ചെയ്ത് 22 ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭ വിപുലീകരണം നടന്നത്. പശ്ചിമ ബംഗാള്‍, അസം, തമിഴ്നാട്, കേരളം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേതൃത്വം തിരക്കിലായതിനാലാണ് സര്‍ക്കാര്‍ വിപുലീകരണം വൈകിയതെന്നാണ് വിവരം.
മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകന്‍ നിഷാന്ത് കുമാറിന്റെ അധികാര ഇടനാഴികളിലേക്കുള്ള പ്രവേശനവും കൂടിയാണ് ഇന്ന് നടന്ന മന്ത്രിസഭാ വിപുലീകരണം. ശ്രാവണ്‍ കുമാര്‍, വിജയ് കുമാര്‍ സിന്‍ഹ, ദിലീപ് ജയ്സ്വാള്‍, ലെഷി സിങ്, രാം കൃപാല്‍ യാദവ്, നിതീഷ് മിശ്ര, ദാമോദര്‍ റാവത്ത്, സഞ്ജയ് സിങ് ടൈഗര്‍, അശോക് ചൗധരി, ഭഗവാന്‍ സിങ് കുഷ്വാഹ, അരുണ്‍ ശങ്കര്‍ പ്രസാദ്, മദന്‍ സാഹ്നി, സന്തോഷ് കുമാര്‍ സുമന്‍, രമാ നിഷാദ്, രത്നേഷ് സാദ, കുമാര്‍ ഷൈലേന്ദ്ര, ഷെയ്ല കുമാരി, കേദാര്‍ പ്രസാദ് ഗുപ്ത, ലഖേന്ദ്ര കുമാര്‍ റോഷന്‍, സുനില്‍ കുമാര്‍, ശ്രേയസി സിങ്, സമ ഖാന്‍, നന്ദ് കിഷോര്‍ റാം, ബുലോ മണ്ഡല്‍ എന്ന ശൈലേന്ദ്ര കുമാര്‍, പ്രമോദ് കുമാര്‍, ശ്വേത ഗുപ്ത, മിഥിലേഷ് തിവാരി, രാം ചന്ദ്ര പ്രസാദ്, സഞ്ജയ് കുമാര്‍ സിങ്, സഞ്ജയ് കുമാര്‍, ദീപക് പ്രകാശ് -എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റ് 31 അംഗങ്ങള്‍. നിതീഷ് മിശ്ര, മിഥിലേഷ് തിവാരി, കുമാര്‍ ശൈലേന്ദ്ര, നന്ദ് കിഷോര്‍ റാം, രാം ചന്ദ്ര പ്രസാദ്, ശ്വേത ഗുപ്ത, ഭഗവാന്‍ സിങ് കുശ്വാഹ, രത്നേഷ് സാദ തുടങ്ങി പലരും മന്ത്രിസഭയില്‍ പതുമുഖങ്ങളാണ്.
വിപുലീകരിക്കപ്പെട്ട മന്ത്രിസഭയില്‍ മൂന്ന് മുന്‍ മുഖ്യമന്ത്രിമാരുടെ മക്കളുണ്ട്. നിഷാന്ത് (നിതീഷ് കുമാറിന്റെ മകന്‍), മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയുടെ മകന്‍ നിതീഷ് മിശ്ര, മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ മകന്‍ സന്തോഷ് കുമാര്‍ സുമന്‍ എന്നിവരാണവര്‍. വിദ്യാസമ്പന്നരാണ് മൂവരും. നിഷാന്ത് ബിഐടി മെസ്രയില്‍ നിന്നുള്ള സോഫ്റ്റ്വെയര്‍ എഞ്ചിനീയറണ്. നിതീഷ് മിശ്ര ഇംഗ്ലണ്ടില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. സന്തോഷ് പിഎച്ച്ഡിയും നേടിയിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S