Enter your Email Address to subscribe to our newsletters

Kolkata , 07 മെയ് (H.S.)
ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സനൽ അസിസ്റ്റൻ്റ് ചന്ദ്രനാഥ് രഥിൻ്റെ കൊലപാതകം ആസൂത്രിതമെന്ന് ബിജെപി. ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് അക്രമിസംഘം കൊലപാതകം നടത്തിയതെന്ന് സുവേന്ദു അധികാരി ആരോപിച്ചു. വ്യാജ നമ്പർ പ്ലേറ്റ് പതിച്ച വാഹനത്തിലാണ് കൊലയാളികൾ എത്തിയതെന്നാണ് പൊലീസ് അന്വേഷണത്തിലെ പ്രാഥമിക സൂചന.
ഇന്ത്യൻ വ്യോമസേന മുൻ ഉദ്യോഗസ്ഥൻ കൂടിയായിരുന്നു ചന്ദ്രനാഥ്. ബുധനാഴ്ച രാത്രി നോർത്ത് 24 പർഗാനാസിലെ ദോഹാരിയയിലാണ് സിനിമ ശൈലിയിലുള്ള ആക്രമണം അരങ്ങേറിയത്. ചന്ദ്രനാഥ് സഞ്ചരിച്ച വാഹനത്തിന് നേരെ അക്രമികൾ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഡ്രൈവർ ബുദ്ധദേബ് ബേറയ്ക്കും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്. ഇരുട്ടുനിറഞ്ഞ വഴിയിലൂടെ സഞ്ചരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി അക്രമി സംഘം വാഹനത്തിന് നേരെ പാഞ്ഞടുത്തത്.
പൊലീസ് അന്വേഷണം ഊർജിതംകൊലപാതകത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന പൊലീസ് മേധാവി സിദ്ധിനാഥ് ഗുപ്ത ബുധനാഴ്ച രാത്രി തന്നെ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. സുവേന്ദു അധികാരിക്കൊപ്പം കേന്ദ്രമന്ത്രി സുകാന്ത മജുംദാർ ഉൾപ്പെടെയുള്ളവരും ആശുപത്രി ക്യാമ്പ് ചെയ്ത് പൊലീസ് ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് പ്രതികളെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഡിജിപി ഉറപ്പുനൽകിയതായി സുവേന്ദു അധികാരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ചോദിച്ച് അന്വേഷണത്തിന് തടസം സൃഷ്ടിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടുമൂന്നു ദിവസം കൊലപാതകം നടന്ന പ്രദേശത്ത് അക്രമികൾ തമ്പടിച്ചിരുന്നു. കൃത്യമായ നിരീക്ഷണം നടത്തിയ ശേഷമാണ് ആക്രമണം നടപ്പിലാക്കിയത്. പൊലീസ് കുറ്റവാളികളെ വേഗത്തിൽ പിടികൂടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവർത്തകർക്ക് കർശന നിർദേശംകൊലപാതകത്തിൻ്റെ പശ്ചാത്തലത്തിൽ പാർട്ടി പ്രവർത്തകർ നിയമം കൈയിലെടുക്കരുതെന്ന് അദ്ദേഹം കർശന നിർദേശം നൽകി. കുറ്റവാളികൾക്കെതിരെ കൃത്യമായ നടപടിയുണ്ടാകും. പശ്ചിമ ബംഗാളിൽ വൈകാതെ ബിജെപി അധികാരത്തിൽ വരുമെന്നാണ് ഈ സാഹചര്യങ്ങൾ ഓർമപ്പെടുത്തുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. കൊൽക്കത്തയിലെ ആർജി കർ ആശുപത്രിയിൽ വനിത ഡോക്ടർ കൊലചെയ്യപ്പെട്ട കേസിന് സമാനമായി ഈ വിഷയത്തിലും നീതി നിഷേധിക്കാൻ അനുവദിക്കില്ല. പ്രവർത്തകർ ഉടനടി സമാധാനം നിലനിർത്തണം. പ്രതിസന്ധി ഘട്ടത്തിൽ ഇരയായ കുടുംബങ്ങൾക്കൊപ്പം നിൽക്കണമെന്നും അദ്ദേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ തുടർമരണങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും ഒഴിവാക്കാൻ ഗവർണറോടും സർക്കാരിനോടും ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറും. എംഎൽഎ സജൽ ഘോഷ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്ക് കുടുംബത്തെ സഹായിക്കാനുള്ള ചുമതല നൽകിയിട്ടുണ്ട്. ദുഃഖത്തിൽ പൂർണമായി പങ്കുചേരുന്നതായും പാർട്ടി നേതൃത്വം വിശദീകരിച്ചു.
ദേശീയ നേതൃത്വത്തെ അറിയിച്ചു
സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്ന ഭീകരമായ അക്രമ സംഭവങ്ങൾ ഭരണത്തിൻ്റ കീഴിലുള്ള മഹാജംഗിൾ രാജിൻ്റെ ഭാഗമാണെന്ന് സുവേന്ദു രൂക്ഷമായി വിമർശിച്ചു. കഴിഞ്ഞ 15 വർഷമായി തുടരുന്ന മോശം ഭരണത്തിൻ്റെ അനന്തരഫലമാണിത്. അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ കുറ്റവാളികളെ ഒന്നടങ്കം പിഴുതെറിയും. ഇതിനകം തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ എന്നിവരുമായി വിഷയം സംസാരിച്ചതായും അദ്ദേഹം മാധ്യമപ്രവർത്തകരോട് വിശദീകരിച്ചു.
അതേസമയം പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് ഒട്ടേറെ ബിജെപി നേതാക്കളും ആയിരക്കണക്കിന് പ്രവർത്തകരും ചികിത്സയിലുള്ള ആശുപത്രി പരിസരത്ത് പ്രതിഷേധവുമായി തടിച്ചുകൂടിയിരുന്നു. ഭട്ട്പാറ എംഎൽഎ അർജുൻ സിങ്, രാജർഹട്ട് ന്യൂടൗൺ എംഎൽഎ പിയൂഷ് കനോറിയ, ബരാസത് എംഎൽഎ ശങ്കർ ചാറ്റർജി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഘർഷ സാധ്യത ഒഴിവാക്കാൻ പ്രവർത്തകർ സംയമനം പാലിക്കുന്നത് ഭയം കൊണ്ടാണെന്ന് ആരും തെറ്റിദ്ധരിക്കരുതെന്നും, തിരിച്ചടിക്കാൻ ബിജെപിക്ക് വ്യക്തമായി അറിയാമെന്നും പിയൂഷ് കനോറിയ പ്രതികരിച്ചു. പാർട്ടിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയ പോരിനാണ് കൊലപാതകം വഴിവച്ചിരിക്കുന്നത്.
മുൻപും സമാന ദുരൂഹത
മുൻപ് 2018ലും സുവേന്ദു അധികാരിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന ശുഭബ്രത ചക്രബർത്തി സമാനമായ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു. കാന്തി പൊലീസ് ക്യാമ്പിൽ സ്വന്തം സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിയുതിർത്ത നിലയിലായിരുന്നു ചക്രബർത്തിയുടെ മൃതദേഹം അന്നുകണ്ടെത്തിയത്. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാരിൽ ഗതാഗത മന്ത്രിയായിരുന്നു സുവേന്ദു അധികാരി എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR