Enter your Email Address to subscribe to our newsletters

Chennai,07 മെയ് (H.S.)
തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേർക്കറുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ രണ്ടുദിവസത്തിനിടെ ഇത് രണ്ടാംവട്ടമാണ് ടിവികെ ഉന്നത നേതാക്കൾക്കൊപ്പം വിജയ് ഗവർണർക്ക് മുന്നിലെത്തുന്നത്.
സംസ്ഥാന ഭരണത്തിൽ ദ്രാവിഡ പാർട്ടികളുടെ ആധിപത്യം തകർത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ടിവികെ, കോൺഗ്രസ് പിന്തുണയോടെ 113 എംഎൽഎമാരുമായാണ് സർക്കാർ രൂപീകരിക്കാൻ ഗവർണറെ സമീപിച്ചത്. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 പേരുടെ പിന്തുണയാണ് വേണ്ടത്.
വിജയ് രണ്ട് മണ്ഡലങ്ങളിൽ നിന്ന് വിജയിച്ചതിനാൽ ഒരിടത്ത് നിന്ന് രാജിവയ്ക്കുന്നതോടെ ടിവികെയുടെ അംഗബലം 107 ആകും. ഇതോടെ കോൺഗ്രസ് പിന്തുണയടക്കം മുന്നണിയുടെ അംഗബലം 112 ആയി ചുരുങ്ങും. നിലവിൽ കേവല ഭൂരിപക്ഷത്തിലേക്ക് എത്താൻ ഇനിയും ആറ് പേരുടെ പിന്തുണ കൂടി ആവശ്യമാണ്.
ഗവർണറുടെ നടപടിയിൽ അതൃപ്തി
സർക്കാർ രൂപീകരിക്കാൻ ഗവർണർ വിജയ്യെ ക്ഷണിക്കണമെന്നും ഭൂരിപക്ഷം നിയമസഭയിൽ തെളിയിക്കാൻ അവസരം നൽകണമെന്നും വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ) അധ്യക്ഷൻ തോൽ തിരുമാവളവൻ ആവശ്യപ്പെട്ടു. സംസ്ഥാന രാഷ്ട്രീയത്തിൽ ഇടപെട്ട് ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ബിജെപിയും അമിത് ഷായും നരേന്ദ്ര മോദിയും ശ്രമിക്കുന്നതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ടിവികെയെ ജനങ്ങൾ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുത്ത സ്ഥിതിക്ക് സർക്കാർ രൂപീകരിക്കാൻ വിജയ്യെ അനുവദിക്കുകയാണ് വേണ്ടതെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. സർക്കാരുണ്ടാക്കാൻ പിന്തുണ തേടി വിജയ് അയച്ച കത്ത് ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ പാർട്ടിയുടെ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്തുണയ്ക്കുന്നവരുടെ പട്ടിക ആവശ്യപ്പെടാൻ ഗവർണർക്ക് അധികാരമില്ല. കേവല ഭൂരിപക്ഷം നിയമസഭയിലാണ് തെളിയിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
പിന്തുണയുമായി ഇടത് പാർട്ടികളുംവിജയ്യെ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നതിന് മുൻപ് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ആവശ്യപ്പെട്ടത് തികച്ചും അനുചിതമാണെന്ന് സിപിഐ തമിഴ്നാട് ഘടകം വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിൽ 23ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. എന്നാൽ 108 സീറ്റുകളോടെ ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി.
സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ട സാഹചര്യത്തിൽ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം ഒരുക്കുകയാണ് വേണ്ടത്. എസ്ആർ ബൊമ്മൈ കേസ് ഉൾപ്പെടെയുള്ള സുപ്രീം കോടതി വിധികൾ ഇതിന് മുൻതൂക്കം നൽകുന്നുണ്ടെന്നും ഭരണഘടനാപരമായ ഉത്തരവാദിത്തം ഗവർണർ നിറവേറ്റണമെന്നും സിപിഐ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR