ചന്ദ്രനാഥിനെ കൊന്നത് ദിവസങ്ങള് നീണ്ട നിരീക്ഷണത്തിനൊടുവില്; ആരോപണവുമായി ബിജെപി
Kolkkatha, 07 മെയ് (H.S.) സുവേന്ദു അധികാരിയുടെ പേഴ്‌സനല്‍ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിന്റെ കൊലപാതകം ആസൂത്രിതമെന്ന് ബിജെപി. ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് അക്രമിസംഘം കൊലപാതകം നടത്തിയതെന്ന് സുവേന്ദു അധികാരി ആരോപിച്ചു. വ്യാജ നമ്പര്‍ പ്ലേറ്റ്
suvendhu


Kolkkatha, 07 മെയ് (H.S.)

സുവേന്ദു അധികാരിയുടെ പേഴ്‌സനല്‍ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിന്റെ കൊലപാതകം ആസൂത്രിതമെന്ന് ബിജെപി. ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് അക്രമിസംഘം കൊലപാതകം നടത്തിയതെന്ന് സുവേന്ദു അധികാരി ആരോപിച്ചു. വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച വാഹനത്തിലാണ് കൊലയാളികള്‍ എത്തിയതെന്നാണ് പൊലീസ് അന്വേഷണത്തിലെ പ്രാഥമിക സൂചന.

ഇന്ത്യന്‍ വ്യോമസേന മുന്‍ ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു ചന്ദ്രനാഥ്. ബുധനാഴ്ച രാത്രി നോര്‍ത്ത് 24 പര്‍ഗാനാസിലെ ദോഹാരിയയിലാണ് സിനിമ ശൈലിയിലുള്ള ആക്രമണം അരങ്ങേറിയത്. ചന്ദ്രനാഥ് സഞ്ചരിച്ച വാഹനത്തിന് നേരെ അക്രമികള്‍ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ ബുദ്ധദേബ് ബേറയ്ക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹം ഇപ്പോള്‍ ചികിത്സയിലാണ്. ഇരുട്ടുനിറഞ്ഞ വഴിയിലൂടെ സഞ്ചരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി അക്രമി സംഘം വാഹനത്തിന് നേരെ പാഞ്ഞടുത്തത്.

കൊലപാതകത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന പൊലീസ് മേധാവി സിദ്ധിനാഥ് ഗുപ്ത ബുധനാഴ്ച രാത്രി തന്നെ ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. സുവേന്ദു അധികാരിക്കൊപ്പം കേന്ദ്രമന്ത്രി സുകാന്ത മജുംദാര്‍ ഉള്‍പ്പെടെയുള്ളവരും ആശുപത്രി ക്യാമ്പ് ചെയ്ത് പൊലീസ് ഉദ്യോഗസ്ഥരില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്നും സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതികളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഡിജിപി ഉറപ്പുനല്‍കിയതായി സുവേന്ദു അധികാരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ചോദിച്ച് അന്വേഷണത്തിന് തടസം സൃഷ്ടിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടുമൂന്നു ദിവസം കൊലപാതകം നടന്ന പ്രദേശത്ത് അക്രമികള്‍ തമ്പടിച്ചിരുന്നു. കൃത്യമായ നിരീക്ഷണം നടത്തിയ ശേഷമാണ് ആക്രമണം നടപ്പിലാക്കിയത്. പൊലീസ് കുറ്റവാളികളെ വേഗത്തില്‍ പിടികൂടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിയമം കൈയിലെടുക്കരുതെന്ന് അദ്ദേഹം കര്‍ശന നിര്‍ദേശം നല്‍കി. കുറ്റവാളികള്‍ക്കെതിരെ കൃത്യമായ നടപടിയുണ്ടാകും. പശ്ചിമ ബംഗാളില്‍ വൈകാതെ ബിജെപി അധികാരത്തില്‍ വരുമെന്നാണ് ഈ സാഹചര്യങ്ങള്‍ ഓര്‍മപ്പെടുത്തുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ആശുപത്രിയില്‍ വനിത ഡോക്ടര്‍ കൊലചെയ്യപ്പെട്ട കേസിന് സമാനമായി ഈ വിഷയത്തിലും നീതി നിഷേധിക്കാന്‍ അനുവദിക്കില്ല. പ്രവര്‍ത്തകര്‍ ഉടനടി സമാധാനം നിലനിര്‍ത്തണം. പ്രതിസന്ധി ഘട്ടത്തില്‍ ഇരയായ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / Sreejith S


Latest News