Enter your Email Address to subscribe to our newsletters

New delhi, 07 മെയ് (H.S.)
ഭീകരതയ്ക്കെതിരായ പോരാട്ടം വിട്ടുവീഴ്ചയില്ലാതെ തുടരുമെന്നും പാകിസ്ഥാനില്‍ ഒരു ഭീകര കേന്ദ്രവും നിലനില്‍ക്കില്ലെന്നും ഉറച്ച പ്രഖ്യാപനം നടത്തി ഇന്ത്യന്‍ പ്രതിരോധ സേന. ഓപ്പറേഷന്‍ സിന്ദൂര്‍ ഒരു തുടക്കം മാത്രമാണെന്നും രാജ്യത്തെ ജനങ്ങളുടെ പരമാധികാരം, സുരക്ഷ എന്നിവയെ സംരക്ഷിക്കുമെന്നും ഭീകരതയ്ക്കെതിരായ പോരാട്ടം തുടരുമെന്നും സേനാ മേധാവികള്‍ വ്യക്തമാക്കി.
മുന്‍ ഡിജിഎംഒ ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ്, മുന്‍ ഡി ഡി എ ഒ എയര്‍ മാര്‍ഷല്‍ അവധേഷ് കുമാര്‍ ഭാരതി, ഡിജിഎന്‍ഒ വൈസ് അഡ്മിറല്‍ എ എന്‍ പ്രമോദ്, ലെഫ്റ്റനന്റ് ജനറല്‍ സുബിന്‍ മിനിവാള്‍ എന്നിവരാണ് ജയ്പൂരില്‍ നടന്ന പത്രസമ്മേളനത്തില്‍ സംയുക്ത പ്രസ്താവന നടത്തിയത്. പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ന് ഒരു വര്‍ഷം തികഞ്ഞു. അന്നത്തെ ഡിജിഎംഒ എന്ന നിലയില്‍ ഒരു സൈനിക നടപടി മാത്രമല്ല അത്, ഇന്ത്യയുടെ തന്ത്രപരമായ യാത്രയിലെ ഒരു നിര്‍ണായക നിമിഷമായിരുന്നു അതെന്ന് ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് പറഞ്ഞു.
നിയന്ത്രണ രേഖയ്ക്കും പാകിസ്ഥാനുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തിക്കും അപ്പുറത്തുള്ള ഭീകര അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിടുന്ന ആധുനിക രീതിയിലേക്ക് ഇന്ത്യ വളര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ വ്യോമ, സൈനിക ശക്തിയുടെ പ്രാഥമികത വീണ്ടും ദൃഢപ്പെടുത്തിയെന്ന് അന്നത്തെ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ എയര്‍ മാര്‍ഷല്‍ എ കെ ഭാരതി പറഞ്ഞു.
2025 ഏപ്രില്‍ 22ന് ബൈസരണ്‍ പുല്‍മേട്ടില്‍ പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരര്‍ 26 നിരപരാധികളെ വെടിവച്ചുകൊന്നു. വിനോദസഞ്ചാരികളുടെ മതം ചോദിച്ചറിഞ്ഞ ശേഷമായിരുന്നു ക്രൂരമായ കൊലപാതകം. സമീപകാലത്ത് സാധാരണക്കാര്‍ക്ക് നേരെ നടന്ന ഏറ്റവും വലിയ ആക്രമണങ്ങളില്‍ ഒന്നാണിത്. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ ത്വയ്യിബയുടെ ശാഖയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് ആണ് പൈശാചികമായ ഈ ആക്രമണം നടത്തിയത്.
പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി മെയ് ആറ്, ഏഴ് തീയതികളില്‍ ഇന്ത്യന്‍ സായുധ സേന ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പിലാക്കി. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും പ്രധാന ഭീകരതാവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു സൈനിക നടപടി. കൃത്യമായ ലക്ഷ്യത്തോടെയുള്ളതും എന്നാല്‍ യുദ്ധത്തിലേക്ക് നയിക്കാത്തതുമായ നടപടിയെന്നാണ് അധികൃതര്‍ വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെ ഒരാഴ്ചയോളം പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണങ്ങളും ഷെല്ലാക്രമണങ്ങളും നടത്തി. സ്‌കൂളുകള്‍ക്കും മതപരമായ കേന്ദ്രങ്ങള്‍ക്കും നേരെയായിരുന്നു പാക് ആക്രമണം. തുടര്‍ന്ന് ലാഹോറിലെ പ്രധാന റഡാര്‍ കേന്ദ്രങ്ങളിലും ഗുജ്‌റന്‍വാലയ്ക്ക് സമീപമുള്ള സൈനിക കേന്ദ്രങ്ങളിലും ഇന്ത്യ പ്രത്യാക്രമണം നടത്തി.
---------------
Hindusthan Samachar / Sreejith S