ശബരിമലയില് തീര്ത്ഥാടകര്ക്ക് സൗകര്യം ഉറപ്പാക്കാന് ഏകോപനയോഗം; നിര്ണായക തീരുമാനങ്ങള്
Thiruvanathapuram, 07 മെയ് (H.S.) ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലം കൂടുതല്‍ തീര്‍ഥാടക സൗഹൃദമാക്കാന്‍ തീരുമാനം. ഇതിനായി വിവിധ വകുപ്പുകളുടെ അടിയന്തര ഏകോപന യോഗം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്നു. ശബരിമല വിഷന്‍ പ്ലാന്‍ നടപ്പാക്ക
sabarimala


Thiruvanathapuram, 07 മെയ് (H.S.)

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലം കൂടുതല്‍ തീര്‍ഥാടക സൗഹൃദമാക്കാന്‍ തീരുമാനം. ഇതിനായി വിവിധ വകുപ്പുകളുടെ അടിയന്തര ഏകോപന യോഗം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്നു. ശബരിമല വിഷന്‍ പ്ലാന്‍ നടപ്പാക്കുന്നതിലെ ആസൂത്രണം ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്. വിഷന്‍ പ്ലാന്‍ പ്രകാരമുള്ള പദ്ധതികളില്‍ വിവിധ വകുപ്പുകളുടെ നിര്‍ദേശങ്ങളും യോഗം സ്വീകരിച്ചു. തീര്‍ഥാടകര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ക്കാണ് ദേവസ്വം ബോര്‍ഡ് രൂപം നല്‍കുന്നത്.

തീര്‍ഥാടന കാലത്ത് നടപ്പാക്കുന്നതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ ശബരിമല വിഷന്‍ പ്ലാനിന് ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. പൊലീസ്, ഫയര്‍ഫോഴ്‌സ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, കെഎസ്ഇബി തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. കൂടാതെ വാട്ടര്‍ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കെഎസ്ആര്‍ടിസി, ശുചിത്വമിഷന്‍, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ട്രേറ്റ് എന്നീ വകുപ്പുകളുടെ പ്രതിനിധികളും എത്തിയിരുന്നു.

വിഷന്‍ പ്ലാന്‍ യാഥാര്‍ഥ്യമാക്കുന്നതിന് ഓരോ വകുപ്പുകളും സ്വന്തം പ്രവര്‍ത്തനങ്ങളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തണമെന്ന് യോഗം വിശദമായി വിലയിരുത്തി. തീര്‍ഥാടകര്‍ക്ക് കുടിവെള്ളം, വിശ്രമ സൗകര്യം എന്നിവ ഉറപ്പാക്കാന്‍ കൃത്യമായ ഏകോപനം വേണമെന്ന് യോഗം നിര്‍ദേശിച്ചു. മണ്ഡലകാലത്ത് എത്തുന്ന ഭക്തരുടെ വലിയ തിരക്ക് ശാസ്ത്രീയമായി നിയന്ത്രിക്കാന്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്.

ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാനും തിരക്ക് കുറയ്ക്കാനും പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരാനാണ് മറ്റൊരു പ്രധാന തീരുമാനം. നിലവില്‍ ക്യൂവിലുള്ള ഭക്തരെ നിയന്ത്രിക്കുന്നത് വടം ഉപയോഗിച്ചുള്ള ബാരിക്കേഡ് വഴിയാണ്. വടം ഉപയോഗിച്ച് ആളെ തടയുന്ന പഴയ സംവിധാനം പൂര്‍ണമായും ഒഴിവാക്കും. ഇതിന് പകരം തീര്‍ഥാടക സൗഹൃദമായ പുതിയ ബാരിക്കേഡ് സിസ്റ്റം കൊണ്ടുവരും.

---------------

Hindusthan Samachar / Sreejith S


Latest News