യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ.
Ernakulam , 08 മെയ് (H.S.) യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ. തിരുവനന്തപുരം സ്വദേശി ഡാനിഷ്, കൊല്ലം സ്വദേശി രാഹുൽ എന്നിവരെയാണ് പൊലീസ് സാഹസികമായി പിടികൂടിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ മുഖ്യപ്രതി
Rape attempt


Ernakulam , 08 മെയ് (H.S.)

യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ. തിരുവനന്തപുരം സ്വദേശി ഡാനിഷ്, കൊല്ലം സ്വദേശി രാഹുൽ എന്നിവരെയാണ് പൊലീസ് സാഹസികമായി പിടികൂടിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ മുഖ്യപ്രതി സഞ്ചയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു.

സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം ആളൊഴിഞ്ഞ കെട്ടിടത്തിലാണ് പീഡനശ്രമം നടന്നത്. ഇന്നലെ (ഏപ്രിൽ 07) രാത്രിയോടെയാണ് നഗരത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ എച്ച്ആർ വിഭാഗത്തിൽ ജോലി ചെയ്യുന്ന എംബിഎ വിദ്യാർഥിനിയായ യുവതിയും ആൺസുഹൃത്തും എറണാകുളം സൗത്ത് ഭാഗത്തെ അടഞ്ഞുകിടക്കുന്ന ഒരു ഹോട്ടൽ കെട്ടിടത്തിൽ എത്തിയതായിരുന്നു.

ഇവരെ പിന്തുടർന്നെത്തിയ മൂന്നംഗ സംഘം ആൺസുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച് വീഴ്ത്തി. മൂവരും മദ്യപിച്ച നിലയിലായിരുന്നു. തുടർന്ന് യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ആക്രമണത്തിനിടെ വസ്ത്രങ്ങൾ വലിച്ചുകീറപ്പെട്ട നിലയിൽ പ്രതികളുടെ പിടിയിൽ നിന്നും അതിസാഹസികമായാണ് യുവതി കുതറിയോടിയത്. പ്രാണരക്ഷാർഥം ഓടിയ യുവതി സമീപത്തെ ഒരു വ്യാപാര സ്ഥാപനത്തിൽ അഭയം തേടുകയായിരുന്നു.

നാട്ടുകാരും സ്ഥാപനത്തിലുള്ളവരും വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് ഉടൻ സ്ഥലത്തെത്തി. പ്രതികളെ പിന്തുടർന്ന പൊലീസ് സംഘം ഡാനിഷിനെയും രാഹുലിനെയും ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പിടിയിലായവർ സ്ഥിരം കുറ്റവാളികളാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ കാളി രാജ് മഹേഷ് കുമാർ അറിയിച്ചു. ഇതര ജില്ലകളിൽ നിന്നും കൊച്ചി നഗരത്തിലെത്തി മോഷണ അടക്കമുള്ള ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘമാണിതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

പിടിയിലായ ഡാനിഷും രാഹുലും മറ്റ് നിരവധി കേസുകളിൽ പ്രതികളാണ്. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കാളി രാജ് മഹേഷ് കുമാർ വ്യക്തമാക്കി. ഒളിവിൽ പോയ മുഖ്യപ്രതി സഞ്ചയ്യെക്കുറിച്ച് കൃത്യമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഇയാളെ ഉടൻ തന്നെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പൊലീസ് അറിയിച്ചു. പരിക്കേറ്റ യുവതിയുടെ ആൺസുഹൃത്ത് ചികിത്സയിലാണ്. നഗരമധ്യത്തിൽ രാത്രികാലങ്ങളിൽ ക്രിമിനൽ സംഘങ്ങൾ തമ്പടിക്കുന്നത് തടയാൻ പ്രത്യേക സ്ക്വാഡുകളെ നിയോഗിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

ശിക്ഷകൾ ഇതെല്ലാം

പീഡനശ്രമം (Attempt to Rape/Molestation) ഇന്ത്യയിൽ ഗുരുതരമായ കുറ്റകൃത്യമാണ്. കുറ്റത്തിൻ്റെ തീവ്രതയും ഇരയുടെ പ്രായവും അനുസരിച്ചായിരിക്കും ശിക്ഷ വിധിക്കുക. ഐപിസി (IPC) പ്രകാരം ലൈംഗിക പീഡനശ്രമത്തിന് പ്രതിക്ക് കഠിനതടവും പിഴയും ലഭിക്കും. കേസിലെ സാഹചര്യങ്ങൾ അനുസരിച്ച് ശിക്ഷാ കാലാവധിയിൽ മാറ്റാം വന്നേക്കാം.

അതേസമയം കുട്ടികൾക്ക് നേരെയുള്ള പീഡനശ്രമമാണെങ്കിൽ പോക്സോ ആക്ട് പ്രകാരമായിരിക്കും കേസ് എടുക്കുക. ഇത്തരം കേസുകളിൽ ദീർഘകാലം കഠിനതടവും പിഴയും ഈടാക്കും. പ്രതി പ്രായപൂർത്തിയായിട്ടിലെങ്കിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം നടപടികൾ സ്വീകരിക്കും. ഭീഷണിപ്പെടുത്തൽ (IPC 506) പോലുള്ള കുറ്റകൃത്യങ്ങളും ഒപ്പം ചേർക്കാറുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News