Enter your Email Address to subscribe to our newsletters

Kannur , 08 മെയ് (H.S.)
സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിൽ വരുമാന വർധന. അമൃത് ഭാരത് പദ്ധതി നടപ്പിലായതോടെ സ്റ്റേഷനുകൾ വികസനക്കുതിപ്പിലാണ്. ട്രെയിനുകളുടെ സമയകൃത്യതയും യാത്രാസൗകര്യങ്ങളും വർധിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിലും വലിയ മുന്നേറ്റമുണ്ടായി. ദേശീയപാത വികസനം മൂലമുള്ള ഗതാഗതക്കുരുക്കും വലിയൊരു വിഭാഗം യാത്രക്കാരെ ട്രെയിനുകളിലേക്ക് ആകർഷിച്ചു.
300 കോടി ക്ലബിൽ തിരുവനന്തപുരം
സംസ്ഥാനത്തെ റെയിൽവേ വരുമാനത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ അതിവേഗം മുന്നേറുകയാണ്. വരുമാനത്തിൽ 300 കോടി ക്ലബിൽ ഇടംനേടാൻ സ്റ്റേഷന് സാധിച്ചു. പുതിയ സാമ്പത്തിക വർഷത്തിൽ 319.21 കോടി രൂപയാണ് സ്റ്റേഷൻ നേടിയത്. മുൻവർഷം ഇത് 288.32 കോടി രൂപയായിരുന്നു. വരുമാനക്കണക്കിൽ എറണാകുളം ജംക്ഷൻ 267.50 കോടി രൂപ നേടി രണ്ടാമതെത്തി.
17.5 കോടി രൂപയുടെ വർധനയാണ് എറണാകുളം സ്റ്റേഷനിൽ ഉണ്ടായത്. കോഴിക്കോട് 218.63 കോടി രൂപ വരുമാനത്തോടെ മൂന്നാം സ്ഥാനത്തുണ്ട്. മുൻവർഷത്തേക്കാൾ 28.51 കോടി രൂപയുടെ വർധനയാണ് കോഴിക്കോട് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് നൂറുകോടി ക്ലബിൽ ഇടംപിടിച്ച ആലുവ പത്താം സ്ഥാനത്തുനിന്ന് ഒമ്പതിലേക്ക് മുന്നേറി. ചെങ്ങന്നൂർ, തിരുവനന്തപുരം നോർത്ത്, ഷൊർണൂർ ജംക്ഷൻ, കായംകുളം എന്നീ സ്റ്റേഷനുകൾ 50 കോടി ക്ലബിൽ ഉൾപ്പെട്ടു. കാസർകോട്, തലശ്ശേരി എന്നീ സ്റ്റേഷനുകളും 50 കോടിയുടെ നിറവിലാണ്.
വരുമാന അടിസ്ഥാനത്തില് റെയില്വേ സ്റ്റേഷനുകള്
മലബാറിൽ കണ്ണൂർ ഒന്നാമത്മലബാറിലെ വരുമാന കണക്കുകളിൽ ഇത്തവണയും കണ്ണൂർ തന്നെയാണ് ഒന്നാം സ്ഥാനത്ത് പകിട്ടോടെ നിൽക്കുന്നത്. സംസ്ഥാനതലത്തിൽ ഏഴാം സ്ഥാനത്തുണ്ടായിരുന്ന കണ്ണൂർ ആറാം സ്ഥാനത്തേക്ക് കുതിച്ചു. 136.11 കോടി രൂപയാണ് പുതിയ വരുമാനം. കഴിഞ്ഞ വർഷം 123.74 കോടി രൂപയായിരുന്നു സ്റ്റേഷൻ നേടിയത്. ഏകദേശം 12.37 കോടി രൂപയുടെ വർധനയാണ് ഒറ്റ വർഷംകൊണ്ട് കണ്ണൂരിൽ ഉണ്ടായത്. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിൽ നിന്നുള്ള റെക്കോഡ് വരുമാനമാണ് കണ്ണൂരിന് വലിയ നേട്ടമായത്. യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി കണ്ണൂരിൽ നാലാമത്തെ പ്ലാറ്റ്ഫോം ഉടൻ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.
മലബാറിൽ കാസർകോട് സ്റ്റേഷനാണ് വരുമാനത്തിൽ രണ്ടാമത്. 48.12 കോടി രൂപയാണ് നിലവിലെ വരുമാനം. എന്നാൽ മുൻവർഷത്തേക്കാൾ നേരിയ കുറവാണിത്. 2024-25 സാമ്പത്തിക വർഷത്തിൽ 49.39 കോടിയായിരുന്നു വരുമാനം. അതിനാൽ ഇത്തവണ 50 കോടി ക്ലബിൽ ഇടംനേടാൻ കഴിഞ്ഞില്ല.
തലശ്ശേരി സ്റ്റേഷൻ 45.12 കോടി രൂപ സ്വന്തമാക്കി മികച്ച പ്രകടനം നടത്തി. കഴിഞ്ഞ വർഷം 40.32 കോടിയായിരുന്നു സ്റ്റേഷൻ്റെ വരുമാനം. പയ്യന്നൂർ സ്റ്റേഷൻ 26 കോടിയും പഴയങ്ങാടി 5.34 കോടിയും നേടി. ഈ രണ്ടു സ്റ്റേഷനുകളിലും മികച്ച വരുമാന വർധനയുണ്ട്. കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ എന്നീ സ്റ്റേഷനുകളിലും വലിയ വരുമാന വർധന രേഖപ്പെടുത്തി. കാഞ്ഞങ്ങാട് വരുമാനം 19.92 കോടിയായി ഉയർന്നു. നീലേശ്വരം 4.9 കോടിയും ചെറുവത്തൂർ 4.9 കോടിയും യഥാക്രമം നേടി മുന്നേറുകയാണ്.
കുതിപ്പായി അമൃത് ഭാരത്കാസർകോട്, തലശ്ശേരി, വടകര, പയ്യന്നൂർ സ്റ്റേഷനുകളിൽ അമൃത് ഭാരത് പദ്ധതിയുടെ അവസാനഘട്ട നവീകരണ പ്രവർത്തികൾ പുരോഗമിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടത് യാത്രക്കാർക്ക് വലിയ ആശ്വാസമായി മാറി. റിസർവ് ചെയ്ത യാത്രക്കാർക്ക് പുറമെ റിസർവ് ചെയ്യാത്ത യാത്രക്കാരുടെ എണ്ണത്തിലും റെക്കോഡ് വർധനയുണ്ട്. കേരളത്തിൽ സർവീസ് നടത്തുന്ന രണ്ടു വന്ദേഭാരത് ട്രെയിനുകൾ മാത്രം 163 കോടി രൂപയാണ് വരുമാനമായി നേടിയത്. ട്രെയിനുകളുടെ സമയകൃത്യതയും യാത്രാച്ചെലവിലെ ലാഭവുമാണ് കൂടുതൽ ആളുകളെ റെയിൽവേയിലേക്ക് ആകർഷിക്കുന്നതെന്ന് റെയിൽവേ പാസഞ്ചേഴ്സ് യൂസേഴ്സ് ഫോറം പ്രതിനിധി റഷീദ് കാവ്വായി വ്യക്തമാക്കി. കണ്ണൂർ, പയ്യന്നൂർ സ്റ്റേഷനുകളിൽ നടക്കുന്ന കോടികളുടെ വികസന പ്രവർത്തികൾ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR