പ്രതിപക്ഷ നേതാവ് പദവിയിലിരിക്കെ വി.ഡി സതീശൻ വിവിധ ക്രൈസ്തവ സഭകളുടെ സമ്മേളനങ്ങളിൽ നടത്തിയ പ്രസംഗങ്ങൾ പുസ്തക രൂപത്തിൽ പുറത്തിറങ്ങുന്നു.
Thiruvananthapuram , 08 മെയ് (H.S.) പ്രതിപക്ഷ നേതാവ് പദവിയിലിരിക്കെ വി.ഡി സതീശൻ വിവിധ ക്രൈസ്തവ സഭകളുടെ സമ്മേളനങ്ങളിൽ നടത്തിയ പ്രസംഗങ്ങൾ പുസ്തക രൂപത്തിൽ പുറത്തിറങ്ങുന്നു. ആദം നീ എവിടെയാകുന്നു എന്ന് പേരിട്ടിട്ടുള്ള പുസ്തകം ഡിസി ബുക്സാണ് പുറത്തിറക്കു
V D Satheeshan


Thiruvananthapuram , 08 മെയ് (H.S.)

പ്രതിപക്ഷ നേതാവ് പദവിയിലിരിക്കെ വി.ഡി സതീശൻ വിവിധ ക്രൈസ്തവ സഭകളുടെ സമ്മേളനങ്ങളിൽ നടത്തിയ പ്രസംഗങ്ങൾ പുസ്തക രൂപത്തിൽ പുറത്തിറങ്ങുന്നു. ആദം നീ എവിടെയാകുന്നു എന്ന് പേരിട്ടിട്ടുള്ള പുസ്തകം ഡിസി ബുക്സാണ് പുറത്തിറക്കുന്നത്.

മുതിർന്ന മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ റോയ് മാത്യു എഡിറ്റ് ചെയ്ത പുസ്തകത്തിന് മഹാത്മാ ഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. സിറിയക് തോമസാണ് അവതാരിക എഴുതിയത്. പൂർത്തിയായ പുസ്തകം പ്രകാശനത്തിന് കാത്തിരിക്കുകയാണ്. നിലവിലെ തിരക്കുകളിൽനിന്ന് വി.ഡി സതീശൻ ഒഴിവാകുന്ന മുറയ്ക്കാകും പ്രകാശന കർമം നടക്കുക. 22 അധ്യായങ്ങളിലായാണ് വിവിധയിടങ്ങളിലെ പ്രസംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രകാശനം പിന്നീട് തീരുമാനിക്കുമെങ്കിലും നാളെ മുതൽ ഡിസി ബുക്സിലൂടെ പുസ്തകം വായനക്കാരിലെത്തും.

പഠിച്ചതും വളർന്നതുമെല്ലാം ക്രൈസ്തവ ചുറ്റുപാടുകളിലായിരുന്നതിനാൽ വായന തൻ്റെ ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമായി മാറിയ കാലംമുതൽ ക്രിസ്തുവിനെക്കുറിച്ച് അറിയാനും വായിക്കാനും കൂടുതൽ സമയം കണ്ടെത്തുക പതിവായിരുന്നുവെന്ന് പുസ്തകത്തിൻ്റെ ആമുഖത്തിൽ വ്യക്തമാക്കുന്നു. ഹൈന്ദവ വിശ്വാസിയായി തുടരുമ്പോഴും മറ്റ് മതങ്ങളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനും സാരാംശങ്ങൾ ഉൾക്കൊള്ളാനും ശ്രമിച്ചിരുന്നു. എല്ലാ ദിവസവും ബൈബിളിലെ ഒരധ്യായം വായിക്കുന്നത് പതിവാക്കിയെന്നും ഇതിൽ വിശദീകരിക്കുന്നു. യേശുക്രിസ്തുവിൻ്റെ പഠിപ്പിക്കലുകൾ, ചിന്തകൾ, ലോകക്രമത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ എന്നിവ തന്നെ വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ടെന്നും കുറിപ്പിലുണ്ട്.

ആദ്യ പ്രസംഗം കുമ്പനാട് കൺവെൻഷനിൽ

പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ശേഷം ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭയുടെ (ഐപിസി) കുമ്പനാട് കൺവെൻഷനിൽ പ്രസംഗിക്കുന്നതിന് ക്ഷണം ലഭിച്ച കാര്യവും അദ്ദേഹം പറയുന്നുണ്ട്. അല്പം അങ്കലാപ്പോടെയാണ് ക്ഷണം സ്വീകരിച്ചതെന്നും വിശ്വാസികൾ തിങ്ങിനിറഞ്ഞ പന്തലിൽ നിന്നുകൊണ്ട് എങ്ങനെ ദൈവവചനം പറയുമെന്ന ആശങ്കയുണ്ടായിരുന്നുവെന്നും വ്യക്തമാക്കുന്നു. 2023 ജനുവരി 18 വൈകുന്നേരമാണ് കൺവെൻഷനിൽ പ്രസംഗിച്ചത്. നിൻ്റെ രാജ്യം വരേണമേ എന്നായിരുന്നു ആ വർഷത്തെ കൺവെൻഷൻ്റെ ചിന്താവിഷയം. ദൈവരാജ്യ സങ്കല്പത്തെക്കുറിച്ച് ക്രിസ്തുവിൻ്റെ ദർശനങ്ങൾ പതർച്ചയില്ലാതെ പറയാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നുവെന്നും വിശദീകരിക്കുന്നു.

വിവിധ സഭകളിൽ പ്രസംഗിച്ചുകുമ്പനാട് കൺവെൻഷനുശേഷം സഭാ വ്യത്യാസമില്ലാതെ നിരവധി ഇടങ്ങളിൽ ക്രിസ്തുവിനെക്കുറിച്ച് സംസാരിക്കാൻ അവസരം ലഭിച്ചു. ദൈവശാസ്ത്രത്തെക്കുറിച്ച് ഉന്നതമായ അറിവും ദർശനവുമുള്ള സഭാ പിതാക്കന്മാർക്കൊപ്പം അവസരം ലഭിച്ചത് വലിയ ബഹുമതിയായി കരുതുന്നുവെന്നും സതീശൻ കുറിപ്പിൽ വ്യക്തമാക്കി. വിവിധ സഭകളുടെ 250 യോഗങ്ങളിലാണ് അദ്ദേഹം പ്രസംഗിച്ചത്. 2022 ഏപ്രിൽ 30ന് തിരുവല്ലയിൽ നടന്ന മർത്തോമ സഭയുടെ 17-ാമത്തെ മെത്രാപ്പോലീത്ത ഏബ്രഹാം മർത്തോമയുടെ 111-ാം വാർഷിക ദിനത്തിലെ പ്രസംഗം ശ്രദ്ധേയമായി. നിയുക്ത കർദിനാൾ ആർച്ച് ബിഷപ്പ് മാർ ജോർജ് ജേക്കബ് കൂവക്കാടിന് നൽകിയ സ്വീകരണച്ചടങ്ങിൽ നടത്തിയ പ്രസംഗത്തിൻ്റെ തലക്കെട്ടാണ് പുസ്തകത്തിൻ്റെ പേരായി ഉപയോഗിച്ചിട്ടുള്ളത്.

ലോകത്തെ സ്വാധീനിച്ച വ്യക്തിത്വംക്രിസ്തുവിനെപ്പോലെ കഴിഞ്ഞ 2000 വർഷങ്ങളായി ലോകത്തെ ഇത്രമേൽ സ്വാധീനിച്ച മറ്റൊരു വ്യക്തിയോ ആശയമോ ഉണ്ടെന്ന് തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. വീഴാതെയും പിന്തിരിഞ്ഞോടാതെയും ജീവിതത്തിൽ പിടിച്ചുനിൽക്കാനുള്ള ആത്മവിശ്വാസമാണ് യേശുക്രിസ്തു നൽകിയത്. പ്രത്യാശ ഉള്ളവരായിരിക്കുക, കാരണം വാഗ്ദാനം നൽകിയിരിക്കുന്നവൻ വിശ്വസ്തനാണ് എന്ന സത്യമാണ് തന്നെ നയിക്കുന്നതെന്നും കുറിപ്പിലുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News