Enter your Email Address to subscribe to our newsletters

Kolkata , 08 മെയ് (H.S.)
ബംഗാളിൽ 15 വർഷം നീണ്ട തൃണമൂൽ കോൺഗ്രസ് ഭരണത്തിന് അന്ത്യംകുറിച്ച് ആദ്യ ബിജെപി സർക്കാർ അധികാരത്തിലേറാൻ തയ്യാറെടുക്കുന്നു. 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 207 സീറ്റുകൾ നേടിയാണ് ബിജെപി വലിയ ചരിത്രവിജയം സ്വന്തമാക്കിയത്.
ഭരണകക്ഷിയായിരുന്ന തൃണമൂൽ കോൺഗ്രസിന് 80 സീറ്റുകൾ മാത്രമാണ് നേടാനായത്. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിയമസഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതിനായി വെള്ളിയാഴ്ച ബിജെപി എംഎൽഎമാരുടെ യോഗം ചേരുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. പുതിയ സർക്കാർ അധികാരമേൽക്കുന്നതിന് മുൻപ് ബിജെപി ഒരുക്കങ്ങൾ ഊർജിതമാക്കി.
ജനങ്ങൾ ഇതിനകം മമത ബാനർജിയെ തള്ളിക്കളഞ്ഞെന്നും ഭരണഘടന പ്രകാരം അവർ മുഖ്യമന്ത്രിയല്ലെന്നും ബിജെപി നേതാവ് ലോക്കറ്റ് ചാറ്റർജി പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇരട്ട എൻജിൻ സർക്കാർ സംസ്ഥാനത്ത് വികസനം കൊണ്ടുവരുമെന്നും ബിജെപി അവകാശപ്പെട്ടു.
രാജി വയ്ക്കില്ലെന്ന് മമത
വലിയ തോൽവിയുണ്ടായിട്ടും മുഖ്യമന്ത്രി പദം രാജിവയ്ക്കില്ലെന്ന് മമത ബാനർജി വ്യക്തമാക്കി. പുതിയ തൃണമൂൽ എംഎൽഎമാരുമായി നടത്തിയ യോഗത്തിലാണ് പുതിയ നിലപാട് അവർ സ്വീകരിച്ചത്. ജനാധിപത്യത്തെ കശാപ്പ് ചെയ്ത ബിജെപിക്ക് ഭരണത്തുടർച്ച അവകാശപ്പെടാനാകില്ലെന്നും തന്നെ പുറത്താക്കുന്നത് വരെ സ്ഥാനത്ത് തുടരുമെന്നും മമത പറഞ്ഞു. ഭീഷണിയിലൂടെ ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും ഫലപ്രഖ്യാപനത്തിന് പിന്നാലെ 1500 തൃണമൂൽ ഓഫിസുകൾ പിടിച്ചെടുത്തതായും മമത ആരോപിച്ചു.
ധാർമികമായി വിജയം തനിക്കാണെന്നും തോറ്റാലും ജനങ്ങൾക്ക് വേണ്ടി പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി. വോട്ടെണ്ണൽ സമയത്തുണ്ടായ സംഘർഷത്തിൽ തനിക്ക് നേരെ കൈയേറ്റം നടന്നതായും നെഞ്ചുവേദന അനുഭവപ്പെട്ടതായും മമത പറഞ്ഞു. സ്ഥാനമൊഴിയാതെയുള്ള മമതയുടെ കടുംപിടിത്തം ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് നിയമസഭ പിരിച്ചുവിടാൻ ഗവർണർ തയ്യാറായത്.
ചന്ദ്രനാഥ് രഥിൻ്റെ കൊലപാതകം; അന്വേഷണം ഊർജിതം
പുതിയ സർക്കാർ അധികാരമേൽക്കാൻ ഒരുങ്ങുന്നതിനിടെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ സഹായി കൊല്ലപ്പെട്ടത് രാഷ്ട്രീയ വിവാദത്തിന് വഴിതുറന്നു. മുൻ വ്യോമസേനാ ഉദ്യോഗസ്ഥനായ ചന്ദ്രനാഥ് രഥിനെ ബുധനാഴ്ച രാത്രി മധ്യംഗ്രാമിന് സമീപത്ത് വച്ചാണ് തോക്കുധാരികൾ വെടിവച്ചു കൊന്നത്.
ഭവാനിപ്പൂരിൽ മമതയെ പരാജയപ്പെടുത്താൻ തനിക്കൊപ്പം നിന്നതാണ് വൈരാഗ്യത്തിന് കാരണമെന്ന് സുവേന്ദു അധികാരി ആരോപിച്ചു. പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ നാല് വെടിയുണ്ടകൾ കണ്ടെത്തി. ഇതൊരു സാധാരണ കൃത്യമല്ലെന്നും ക്വട്ടേഷൻ ആക്രമണമാണെന്നും കുറ്റവാളികൾക്ക് വധശിക്ഷ ഉറപ്പാക്കുമെന്നും സുവേന്ദു പറഞ്ഞു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത സിഐഡി അന്വേഷണം ഊർജിതമാക്കി. പ്രതികൾ ഉപയോഗിച്ചെന്ന് കരുതുന്ന മോട്ടോർ സൈക്കിൾ പോലീസ് കണ്ടെടുത്തു. കേന്ദ്രമന്ത്രിമാരായ ശിവരാജ് സിങ് ചൗഹാൻ, ധർമേന്ദ്ര പ്രധാൻ തുടങ്ങിയ മുതിർന്ന നേതാക്കൾ കൊലപാതകത്തിൽ തൃണമൂൽ കോൺഗ്രസിനെതിരെ രംഗത്തെത്തി.
തോൽവിയിലുള്ള വിറയലിലാണ് തൃണമൂൽ അക്രമം അഴിച്ചുവിടുന്നതെന്ന് നേതാക്കൾ വിമർശിച്ചു. ബംഗാളിലെ ക്രമസമാധാന നില തകർന്നുവെന്നും വരുംദിവസങ്ങളിൽ കുറ്റവാളികളെ പിടികൂടുമെന്നും ബിജെപി എംപി സൗമിത്ര ഖാൻ വ്യക്തമാക്കി.
പിന്തുണയുമായി അഖിലേഷ് യാദവ്
പ്രതിപക്ഷ ഐക്യത്തിൻ്റെ ഭാഗമായി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വ്യാഴാഴ്ച കൊൽക്കത്തയിലെത്തി തൃണമൂൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മമത ബാനർജി, ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി എന്നിവരുമായാണ് അദ്ദേഹം സംസാരിച്ചത്. തൃണമൂൽ പരാജയപ്പെട്ടിട്ടില്ലെന്ന് അടച്ചിട്ട മുറിയിൽ അഖിലേഷ് ഉറപ്പുനൽകിയതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ബംഗാളിൽ ബിജെപിയും തെരഞ്ഞെടുപ്പ് കമ്മിഷനും മാഫിയാപ്രവർത്തനമാണ് നടത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് ആരോപിച്ചു. എന്നാൽ അഖിലേഷിൻ്റെ സന്ദർശനത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ പരിഹസിച്ചു. പൂജ്യവും പൂജ്യവും കൂട്ടിയാൽ പൂജ്യമാണെന്നും കുറച്ചാലും ഫലം പൂജ്യം തന്നെയാണെന്നും അദ്ദേഹം വിമർശിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR