Enter your Email Address to subscribe to our newsletters

Kolkota, 08 മെയ് (H.S.)
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ചരിത്ര വിജയത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണ്ണായക നീക്കങ്ങളുമായി ബിജെപി കേന്ദ്ര നേതൃത്വം. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച കൊൽക്കത്തയിലെത്തി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 207 ബിജെപി എംഎൽഎമാരുടെ യോഗം ഇന്ന് വൈകുന്നേരം നാലിന് നടക്കും. ഈ യോഗത്തിൽ ബിജെപി നിയമസഭാ കക്ഷി നേതാവിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കും.
ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയും കേന്ദ്ര നിരീക്ഷകനായി അമിത് ഷായ്ക്കൊപ്പം യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ബംഗാൾ നിയമസഭയുടെ കാലാവധി അവസാനിച്ചതിനെത്തുടർന്ന് ഗവർണർ സി.വി. ആനന്ദ ബോസ് വ്യാഴാഴ്ച സഭ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ വേഗത്തിലാക്കിയത്.
സുവേന്ദു അധികാരി മുൻനിരയിൽ
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് നിലവിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കാണ്. ഭവാനിപൂർ മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയെ പരാജയപ്പെടുത്തിയത് സുവേന്ദുവിന്റെ കരുത്ത് വർദ്ധിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം പാർട്ടിയെ മുന്നിൽ നിന്ന് നയിച്ചതും സുവേന്ദു തന്നെയായിരുന്നു.
ഒരുകാലത്ത് മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു, 2021-ലാണ് ബിജെപിയിൽ ചേർന്നത്. 2011-ൽ ഇടതുപക്ഷത്തെ പുറത്താക്കിയ 'പരിവർത്തനത്തിന്റെ' ഭാഗമായിരുന്നു ഞാൻ, ഇപ്പോൾ യഥാർത്ഥ മാറ്റത്തിന്റെ ഭാഗവുമാണ്, എന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അദ്ദേഹം പറഞ്ഞത്. സുവേന്ദുവിന് പുറമെ ദിലീപ് ഘോഷ്, സമിക് ഭട്ടാചാര്യ, അഗ്നിമിത്ര പോൾ, രൂപ ഗാംഗുലി എന്നിവരുടെ പേരുകളും ചർച്ചകളിലുണ്ടെങ്കിലും സുവേന്ദുവിനാണ് ഹൈക്കമാൻഡ് മുൻഗണന നൽകുന്നത്.
സത്യപ്രതിജ്ഞ നാളെ
പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ശനിയാഴ്ച രാവിലെ 10 മണിക്ക് കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടക്കും. ഇതിനായുള്ള ഒരുക്കങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയായി വരികയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, വിവിധ എൻഡിഎ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
ബംഗാളിൽ കാവി വസന്തം
അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമാണ് ബിജെപി കാഴ്ചവെച്ചത്. ആകെയുള്ള സീറ്റുകളിൽ 207 എണ്ണത്തിലും വിജയിച്ച് ബിജെപി അധികാരം പിടിച്ചെടുത്തു. ഭരണകക്ഷിയായിരുന്ന തൃണമൂൽ കോൺഗ്രസിന് 80 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കോൺഗ്രസിനും ആം ജനതാ ഉന്നയൻ പാർട്ടിക്കും രണ്ട് സീറ്റുകൾ വീതം ലഭിച്ചപ്പോൾ സി.പി.എമ്മിന് ഒരു സീറ്റ് മാത്രമാണ് നേടാനായത്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ നിന്ന് ശക്തമായി തിരിച്ചുവന്നാണ് ബംഗാളിൽ ബിജെപി ഭരണം പിടിച്ചത്.
ഇന്നത്തെ യോഗത്തോടെ ബംഗാളിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമാകും. അമിത് ഷായുടെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചകൾക്ക് ശേഷം നിയമസഭാ കക്ഷി നേതാവിനെ പ്രഖ്യാപിക്കുന്നതോടെ ബംഗാളിന്റെ അടുത്ത മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമാകും.
---------------
Hindusthan Samachar / Roshith K