Enter your Email Address to subscribe to our newsletters

Chennai, 01 ജൂണ് (H.S.)
ചെന്നൈ: തമിഴ്നാട് മുൻ ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ കെ. അണ്ണാമലൈ ബിജെപി വിടാനൊരുങ്ങുന്നതായി സൂചന. പാർട്ടിയിലെ തന്റെ ഭാവി സംബന്ധിച്ച് കടുത്ത രാഷ്ട്രീയ തീരുമാനങ്ങളിലേക്ക് നീങ്ങുന്നതിനിടെ, അണ്ണാമലൈ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ. വരും ദിവസങ്ങളിൽ അണ്ണാമലൈയുടെ ഭാഗത്തുനിന്ന് നിർണ്ണായകമായ പ്രഖ്യാപനമുണ്ടാകുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ജൂൺ 3-ഓടെ തമിഴ്നാട് രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.
തമിഴ്നാട് രാഷ്ട്രീയത്തിലും സോഷ്യൽ മീഡിയയിലും ഈ വിഷയം വലിയ ചർച്ചയായി മാറിയിട്ടുണ്ട്. ബിജെപിയുമായി അണ്ണാമലൈ നാളുകളായി അകൽച്ചയിലാണെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് പുതിയ നീക്കം.
മൂന്ന് ഭാഷാ നയത്തിനെതിരെയുള്ള നിലപാട്
കേന്ദ്രത്തിലെ മോദി സർക്കാരിന്റെ മൂന്ന് ഭാഷാ നയത്തെ (Three-language policy) പരസ്യമായി എതിർത്ത് അണ്ണാമലൈ തന്റെ എക്സ് (X) ഹാൻഡിലിൽ കുറിപ്പിട്ടതോടെയാണ് ഭിന്നതകൾ പരസ്യമായത്. തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങളെ ഒരു തരത്തിലും അനുകൂലിക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. ഇതിന് പിന്നാലെ പാർട്ടി നേതൃത്വവുമായി അദ്ദേഹം കടുത്ത അതൃപ്തിയിലാണെന്ന വാർത്തകൾ പ്രചരിച്ചെങ്കിലും, ദിവസങ്ങളായി തുടരുന്ന ഈ അഭ്യൂഹങ്ങളോട് പ്രതികരിക്കാനോ വാർത്തകൾ നിഷേധിക്കാനോ അണ്ണാമലൈ ഇതുവരെ തയ്യാറായിട്ടില്ല. അദ്ദേഹത്തിന്റെ ഈ നിശബ്ദത ബിജെപി വിടുന്നു എന്ന വാർത്തകൾക്ക് അടിവരയിടുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിലേക്ക്?
ബിജെപി വിട്ടുകൊണ്ട് അണ്ണാമലൈ സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകാൻ ഒരുങ്ങുന്നതായി തമിഴകത്തെ പ്രമുഖ പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 'മക്കൾ ശക്തി ഇയക്കം' (Makkal Sakthi Iyakkam) എന്ന പേരിലായിരിക്കും പുതിയ സംഘടന രൂപീകരിക്കുക എന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ അണ്ണാമലൈയുടെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെ (AIADMK) യുമായി സഖ്യമുണ്ടാക്കാനുള്ള ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിൽ അണ്ണാമലൈയ്ക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് അദ്ദേഹത്തെ പൂർണ്ണമായും അവഗണിക്കുകയും പാർട്ടി മാറ്റിനിർത്തുകയും ചെയ്തതായും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ ആരോപിക്കുന്നു. ഈ അവഗണനയാണ് പാർട്ടിയുമായി പൂർണ്ണമായി അകലാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
തമിഴ്നാട് ബിജെപിയുടെ വളർച്ചയും അണ്ണാമലൈയും
2021 മുതൽ 2025 വരെയുള്ള കാലയളവിൽ തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന അണ്ണാമലൈ, അതുവരെ ദ്രാവിഡ രാഷ്ട്രീയ കോട്ടയായിരുന്ന തമിഴ്നാട്ടിൽ ബിജെപിക്ക് വലിയ ജനശ്രദ്ധ നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച നേതാവാണ്. ഗ്രാസ് റൂട്ട് തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുകയും ദക്ഷിണേന്ത്യയിൽ ബിജെപിയുടെ വളർച്ചയ്ക്ക് വേഗത കൂട്ടുകയും ചെയ്ത അണ്ണാമലൈയെ പെട്ടെന്ന് മാറ്റിനിർത്തിയത് പാർട്ടിക്കുള്ളിലും അസംതൃപ്തിക്ക് കാരണമായിരുന്നു.
രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചകൾ കൊഴുക്കുമ്പോൾ, ജൂൺ 3-ന് അണ്ണാമലൈ കൈക്കൊള്ളുന്ന നിലപാട് തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങളെ പാടെ മാറ്റിമറിക്കാൻ പോന്നതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അണ്ണാമലൈയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംഷയിലാണ് തമിഴകം.
---------------
Hindusthan Samachar / Roshith K