Enter your Email Address to subscribe to our newsletters

Thiruvananthapuram , 10 ജൂണ് (H.S.)
സ്ത്രീകള്ക്ക് ബസുകളില് സൗജന്യ യാത്ര; 'പ്രിയദര്ശിനി' പദ്ധതിയ്ക്ക് 15 ന് തുടക്കം; വരുമാന, പ്രായ നിബന്ധനകളില്ല.
സംസ്ഥാനത്തെ എല്ലാ സ്ത്രീകള്ക്കും ട്രാന്സ്ജെന്ഡര് വ്യക്തികള്ക്കും ജൂണ് 15 മുതല് കെ.എസ്.ആര്.ടി.സി ഓര്ഡിനറി ബസുകളില് സൗജന്യ യാത്ര അനുവദിക്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാന സര്ക്കാരിന്റെ ഇന്ദിര ഗ്യാരന്റി പദ്ധതിയുടെ ഭാഗമയി 'പ്രിയദര്ശിനി' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ജൂണ് 15 മുതല് നടപ്പിലാകും. വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളില്ലാതെയുമാണ് ആദ്യഘട്ടത്തില് ഓര്ഡിനറി ബസുകളിലെ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുകയെന്ന് മുഖ്യമന്ത്രി വി ഡി സതീശന് മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്ത്താസമ്മേളനത്തില് അറിയിച്ചു.
കേരളത്തില് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതോടെ കെ.എസ്.ആര്.ടി.സിക്ക് പ്രതിമാസം 65 മുതല് 70 കോടി രൂപ വരെയും പ്രതിവര്ഷം 750 മുതല് 800 കോടി രൂപ വരെയും വരുമാനക്കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ തുക സര്ക്കാര് കെ.എസ്.ആര്.ടി.സിക്ക് അനുവദിക്കും. നിലവില് ശമ്പളവും പെന്ഷനും നല്കുന്നതിനായി സര്ക്കാര് നല്കുന്ന വാര്ഷിക തുകയായ 1500 കോടി രൂപയ്ക്ക് പുറമെയായിരിക്കും ഈ അധിക സഹായം.
അടുത്ത ആറുമാസത്തിനുള്ളില് വരുമാനം വര്ധിപ്പിക്കാന് കെ.എസ്.ആര്.ടി.സിയ്ക്ക് നിര്ദേശം നല്കിയിട്ടുണ്ട്. കൂടുതല് വാഹനങ്ങള് വാങ്ങുക, സര്വീസുകളുടെ എണ്ണം വര്ധിപ്പിക്കുക, പരസ്യ വരുമാനം കൂട്ടുക തുടങ്ങിയ നടപടികള് കെ.എസ്.ആര്.ടി.സി സ്വീകരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് പ്രിയദര്ശിനി പദ്ധതിയുടെ രണ്ടാംഘട്ടം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിയുടെ പ്രവര്ത്തനം എല്ലാ മാസവും വിലയിരുത്തും. മലബാര് മേഖലയിലെ കെ.എസ്.ആര്.ടി.സി ഓര്ഡിനറി ബസുകളുടെ കുറവ് ഉള്പ്പെടെയുള്ള വിഷയങ്ങള് പഠിച്ച് ആവശ്യമായ പരിഹാര നടപടികള് സ്വീകരിക്കും. ഓരോ ജില്ലയിലും എത്ര സ്ത്രീകള് ഓര്ഡിനറി ബസുകളില് പ്രതിദിനം യാത്ര ചെയ്യുന്നുവെന്നത് സംബന്ധിച്ചും വിശദമായ പഠനം നടത്തി തുടര് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഹൈക്കോടതിയില് സ്റ്റേറ്റ് അറ്റോര്ണിയായി അഡ്വ. അനൂപ് വി. നായരെ നിയമിക്കാന് മന്ത്രിസഭ തീരുമാനിച്ചു. സ്പെഷ്യല് ഗവണ്മെന്റ് പ്ലീഡര്, സീനിയര് ഗവണ്മെന്റ് പ്ലീഡര്, ഗവണ്മെന്റ് പ്ലീഡര് എന്നീ തസ്തികകളിലായി 40 ഓളം പുതിയ നിയമനങ്ങള്ക്കും മന്ത്രിസഭ അംഗീകാരം നല്കിയതായി മുഖ്യമന്ത്രി അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR