Enter your Email Address to subscribe to our newsletters

Vadodara, 11 ജൂണ് (H.S.)
ഇന്ത്യൻ പ്രതിരോധ മേഖലയുടെ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതിച്ചേർക്കാൻ മറ്റൊരു നാഴികക്കല്ല് കൂടി. രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിർമിച്ച എയർബസ് സി 295 സൈനിക ഗതാഗത വിമാനത്തിൻ്റെ കന്നി പരീക്ഷണ പറക്കൽ വഡോദരയിലെ ഫൈനൽ അസംബ്ലി ലൈനിൽ (എഫ്എഎൽ) വിജയകരമായി പൂർത്തിയായി. ഇന്ത്യൻ വ്യോമയാന, പ്രതിരോധ നിർമാണ മേഖലയ്ക്ക് വലിയ കുതിപ്പേകുന്നതാണ് ബുധനാഴ്ച സ്വന്തമാക്കിയ ഈ നേട്ടമെന്ന് വ്യോമസേന വ്യക്തമാക്കി.
ആത്മനിർഭർ ഭാരത് ദർശനത്തിന് കീഴിൽ തദ്ദേശീയ പ്രതിരോധ ശേഷി വളർത്തുന്നതിനുള്ള വ്യോമസേനയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അധികൃതർ പറഞ്ഞു. ഇന്ത്യയുടെ വളർന്നുവരുന്ന എയ്റോസ്പേസ് കഴിവുകളെ ഈ നേട്ടം ശക്തിപ്പെടുത്തുന്നു. ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ സി 295 വിമാനത്തിൻ്റെ വിജയകരമായ കന്നി പറക്കലിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ സംഘത്തെയും ഇന്ത്യൻ വ്യോമസേന അഭിനന്ദിച്ചു.
നിർണായക ചുവടുവെപ്പ്വഡോദരയിലെ ഫൈനൽ അസംബ്ലി ലൈനിൽ നിന്നുള്ള ആദ്യത്തെ 'മെയ്ഡ് ഇൻ ഇന്ത്യ' എയർബസ് സി 295 സൈനിക ഗതാഗത വിമാനത്തിൻ്റെ പരീക്ഷണ പറക്കൽ ഇന്ത്യൻ വ്യോമയാനത്തിനും പ്രതിരോധത്തിനും ഒരു നാഴികക്കല്ലാണ് അടയാളപ്പെടുത്തുന്നതെന്ന് എയർബസ് ഡിഫൻസ് എക്സിൽ കുറിച്ചു. വിമാനത്തിൻ്റെ നിർമാണാനന്തര പരീക്ഷണ പ്രക്രിയയിലെ നിർണായക ചുവടുവെപ്പാണിത്.
ഇന്ത്യയിൽ നിർമിക്കുന്ന 40 വിമാനങ്ങളിൽ ആദ്യത്തേതാണിത്. ഈ വർഷം തന്നെ വ്യോമസേനയ്ക്ക് വിമാനം കൈമാറുകയെന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റമാണ് പരീക്ഷണ പറക്കലെന്നും കമ്പനി വ്യക്തമാക്കി. സി 295 ഇന്ത്യ പ്രോഗ്രാമിലെ വലിയൊരു ചുവടുവെപ്പാണ് ഈ വിജയമെന്നും, ഇത് കേന്ദ്ര സർക്കാരിൻ്റെ 'മേക്ക് ഇൻ ഇന്ത്യ' സംരംഭത്തെ പിന്തുണയ്ക്കുന്നതാണെന്നും കമ്പനി കൂട്ടിച്ചേർത്തു.
ഗെയിം ചേഞ്ചർകേന്ദ്ര സർക്കാരിൻ്റെ 'മേക്ക് ഇൻ ഇന്ത്യ' ദർശനത്തിലെ ഒരു ഗെയിം ചേഞ്ചറാണ് ഈ പദ്ധതിയെന്ന് എയർബസ് ഡിഫൻസ് വിശേഷിപ്പിച്ചു. സ്വകാര്യ മേഖല ഇന്ത്യയിൽ ഒരു സൈനിക വിമാനം നിർമിക്കുന്നതിൻ്റെ ആദ്യ ഉദാഹരണമാണ് സി 295 ഇന്ത്യ പ്രോഗ്രാം. എയർബസ്, ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ്, ഇന്ത്യയിലുടനീളം വിമാനത്തിനുള്ള ഭാഗങ്ങൾ നിർമിക്കുന്ന നിരവധി ഇന്ത്യൻ എംഎസ്എംഇകൾ എന്നിവയുടെ സുസ്ഥിരവും അർപ്പണബോധത്തോടെയുമുള്ള പ്രവർത്തനമാണ് ഈ പ്രോഗ്രാമിൻ്റെ പുരോഗതി പ്രതിഫലിപ്പിക്കുന്നത്.
തങ്ങളിൽ അചഞ്ചലമായ വിശ്വാസമർപ്പിച്ചതിന് ഇന്ത്യൻ വ്യോമസേന, പ്രതിരോധ മന്ത്രാലയം, കേന്ദ്ര സർക്കാർ എന്നിവർക്ക് എയർബസ് ഡിഫൻസ് നന്ദി അറിയിച്ചു. ഇന്ത്യൻ എയ്റോസ്പേസിൻ്റെ ഭാവി കെട്ടിപ്പടുക്കുകയാണെന്നും അവർ വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പങ്കാളികളെയും ഇന്ത്യൻ വ്യോമസേന അഭിനന്ദിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR