കേദാർനാഥ് ക്ഷേത്രത്തിൽ വിഐപി ദർശനം വാഗ്ദാനം ചെയ്ത് 30,000 രൂപ തട്ടിയെടുത്ത കേസിനു പിന്നാലെ ക്ഷേത്രത്തിൽ സുരക്ഷ ശക്തമാക്കി രുദ്രപ്രയാഗ് പൊലീസ്
Rudraprayag, 11 ജൂണ് (H.S.) കേദാർനാഥ് ക്ഷേത്രത്തിൽ വിഐപി ദർശനം വാഗ്ദാനം ചെയ്ത് 30,000 രൂപ തട്ടിയെടുത്ത കേസിനു പിന്നാലെ ക്ഷേത്രത്തിൽ സുരക്ഷ ശക്തമാക്കി രുദ്രപ്രയാഗ് പൊലീസ്. ഭക്തരുടെ തീർഥാടനം തടസപ്പെടുത്താൻ ശ്രമിക്കുകയോ ഭക്തരെ വഞ്ചിക്കുകയോ ചെയ്യുന്ന
KEDARNATH VIP DARSHAN SCAM


Rudraprayag, 11 ജൂണ് (H.S.)

കേദാർനാഥ് ക്ഷേത്രത്തിൽ വിഐപി ദർശനം വാഗ്ദാനം ചെയ്ത് 30,000 രൂപ തട്ടിയെടുത്ത കേസിനു പിന്നാലെ ക്ഷേത്രത്തിൽ സുരക്ഷ ശക്തമാക്കി രുദ്രപ്രയാഗ് പൊലീസ്. ഭക്തരുടെ തീർഥാടനം തടസപ്പെടുത്താൻ ശ്രമിക്കുകയോ ഭക്തരെ വഞ്ചിക്കുകയോ ചെയ്യുന്ന വ്യക്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

ഭക്തരെ കബളിപ്പിച്ച് പണം തട്ടുന്ന സംഘങ്ങൾ

അടുത്തിടെ കേദാർനാഥ് ക്ഷേത്രത്തിൽ വിഐപി ദർശനം വാഗ്ദാനം ചെയ്ത് തീർഥാടകരെ വഞ്ചിച്ച കേസിൽ പൊലീസ് ചിരാഗ് എന്ന പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളും സംഘത്തിലെ മറ്റ് കൂട്ടാളികളും വിഐപി ദർശനം വാഗ്ദാനം ചെയ്ത് തീർഥാടകരിൽനിന്ന് പണം തട്ടുകയായിരുന്നു. ഭക്തരുടെ 10 സംഘങ്ങളിൽനിന്നും വിഐപി ദർശനം വാഗ്ദാനം ചെയ്ത് പ്രതികൾ 3000 രൂപ വീതം തട്ടിയെടുത്തു എന്നതായിരുന്നു പൊലീസിൻ്റെ കണ്ടെത്തൽ.

ഭക്തരുടെ പരാതിയിൽ ഉടനടി നടപടിയെടുത്ത കേദാർനാഥ് പൊലീസ് ക്ഷേത്ര പരിസരത്തുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾക്കായുള്ള തിരച്ചിലിൽ അവരിൽനിന്ന് തട്ടിയെടുത്ത 5000 രൂപ പൊലീസ് കണ്ടെടുത്തു.

ചോദ്യം ചെയ്യലിൽ ഒരു പ്രാദേശിക കൂട്ടാളിയുമായി സഹകരിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പ്രതി സമ്മതിച്ചതായി റിപ്പോർട്ടുണ്ട്. പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ പ്രധാനപ്പെട്ട വ്യവസ്ഥകൾ പ്രകാരം സോൻപ്രയാഗ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അതിനുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

ജുഡീഷ്യൽ ഉത്തരവുകളെത്തുടർന്ന് കസ്റ്റഡിയിൽ വിട്ട് ചമോലിയിലെ ജില്ലാ ജയിലിലേക്ക് പ്രതിയെ നിലവിൽ അയച്ചിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ കണ്ടെത്താൻ ശ്രമങ്ങൾ നടന്നുവരികയാണെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

വ്യാജ ഐആർസിടിസി ഏജൻ്റായും പണം തട്ടൽ

വ്യാജ ഐആർസിടിസി ഏജൻ്റായി വേഷമിട്ട് കേദാർനാഥ് ധാമിൽ വിഐപി ദർശനം വാഗ്ദാനം ചെയ്ത് തീർഥാടകരിൽനിന്ന് ആയിരക്കണക്കിന് രൂപ വഞ്ചിച്ചതിന് 31കാരനായ ഹിമാചൽ പ്രദേശ് നിവാസിയെ ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തതായി എസ്പി നിഹാരിക തോമർ പറഞ്ഞു.

ഇത്തരം കള്ളത്തരങ്ങൾക്കെതിരെ പൊലീസ് ഉടനടി നടപടി സ്വീകരിച്ചുവെന്നും അന്വേഷണത്തിൽ ഹിമാചൽ പ്രദേശിലെ മണ്ടി ജില്ലയിൽ താമസിക്കുന്ന 31കാരനായ ചിരാഗ് എന്ന വ്യക്തിയെ അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിൽനിന്ന് 5000 രൂപ കണ്ടെത്തുകയും ചെയ്തുവെന്നും എസ്പി വ്യക്തമാക്കി. ചോദ്യം ചെയ്യലിൽ വ്യാജ ഐആർസിടിസി ഏജൻ്റായി വേഷംമാറി വിഐപി ദർശനത്തിന് ഓരോരുത്തരിൽനിന്നും 3000 രൂപ ഈടാക്കിയതായി പ്രതി സമ്മതിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.

ഇത്തരം വഞ്ചനകൾക്കെതിരെ പൊലീസ് ഭക്തർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ചാർധാം തീർഥാടനത്തിനെത്തുന്ന ഭക്തർ ദർശനം, താമസം, ഹെലികോപ്ടർ ബുക്കിങ് എന്നിവയ്ക്കായി ഔദ്യോഗിക സംവിധാനങ്ങൾ മാത്രം ഉപയോഗിക്കണമെന്നും ഇത്തരം തട്ടിപ്പുകാർക്കെതിരെ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.

ചാർധാം യാത്രയുടെ ഭാഗമായി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നും ലക്ഷക്കണക്കിന് തീർഥാടകരാണ് ഉത്തരാഖണ്ഡിലേക്ക് എത്തുന്നത്. ഈ തിരക്ക് മുതലെടുത്താണ് പലപ്പോഴും വ്യാജ ഏജൻ്റുമാർ തട്ടിപ്പ് നടത്തുന്നത്. ഹെലികോപ്ടർ ടിക്കറ്റുകൾക്കും വിഐപി ദർശനത്തിനും ഔദ്യോഗിക വെബ്സൈറ്റുകൾ വഴി മാത്രമേ പണം അടയ്ക്കാവൂ എന്ന് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. വ്യാജ വെബ്സൈറ്റുകൾ വഴിയും സമൂഹമാധ്യമങ്ങൾ വഴിയും നടക്കുന്ന തട്ടിപ്പുകൾ തടയാൻ സൈബർ പൊലീസിൻ്റെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ഔദ്യോഗിക ഹെൽപ്പ് ലൈൻ നമ്പറുകളിലോ വിവരമറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News