നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയായ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി
Kozhikode , 11 ജൂണ് (H.S.) നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയായ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. രാത്രി പന്ത്രണ്ടോടെയാണ് രോഗിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. മെഡിക്കൽ കോളജിലും പരിസരപ്രദേശങ്ങളിലും കർശന നിയ
Nipah virus


Kozhikode , 11 ജൂണ് (H.S.)

നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയായ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. രാത്രി പന്ത്രണ്ടോടെയാണ് രോഗിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. മെഡിക്കൽ കോളജിലും പരിസരപ്രദേശങ്ങളിലും കർശന നിയന്ത്രണം ഏർപ്പെടുത്തി. സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യമന്ത്രി കെ മുരളീധരൻ്റെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും.

ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളജ് ലാബിൽ നടത്തിയ പരിശോധനയിലാണ് ഫറോക്ക് സ്വദേശിയായ 43കാരന് നിപ കണ്ടെത്തിയത്. കൂടുതൽ വിദഗ്ധ പരിശോധനയ്ക്കായി പുണെ എൻഐവിയിലേക്ക് സ്രവസാമ്പിളുകൾ അയച്ചിട്ടുണ്ട്. രോഗിക്ക് ആരൊക്കെയായി സമ്പർക്കം ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് ആരംഭിച്ചു. സമ്പർക്കപ്പട്ടിക ഇന്ന് തയ്യാറാക്കും. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ഡീ അഡിക്ഷൻ സെൻ്ററിലും ഇയാൾ പോയിരുന്നതായി റിപ്പോർട്ടുകളുണ്ട്.

ബന്ധുക്കളോടും ഏറ്റവും കൂടുതൽ സമ്പർക്കം പുലർത്തിയവരോടും ക്വാറൻ്റൈനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. വെൻ്റിലേറ്റർ സഹായത്തോടെയാണ് രോഗി നിലവിൽ ചികിത്സയിലുള്ളത്. നിപ രോഗിയെ പ്രവേശിപ്പിച്ച വാർഡിന് സമീപത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. പ്രത്യേക ബാരിക്കേഡുകൾ സ്ഥാപിച്ചു. എസ്ഡിഎസ് ബ്ലോക്കിലേക്കുള്ള വഴി അടച്ചു. വാർഡിൻ്റെ പരിസരത്തെ പാർക്കിങ്ങും പൂർണമായി നിരോധിച്ചു. ഡിസ്ചാർജ് ചെയ്യുന്ന രോഗികൾ ഉൾപ്പെടെ ആശുപത്രിയുടെ പ്രധാന ഗേറ്റ് ഉപയോഗിക്കണമെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് നിർദേശിച്ചു.

രോഗലക്ഷണങ്ങളും ആരോഗ്യനിലയും

ഒരാഴ്ച മുൻപ് കടുത്ത പനിയോടെയാണ് ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് രോഗലക്ഷണങ്ങൾ കാണിക്കുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. വവ്വാലുകളിൽനിന്നോ പന്നികളിൽനിന്നോ പകരാൻ സാധ്യതയുള്ള ഒരു ജന്തുജന്യ വൈറസ് രോഗമാണ് നിപ.

പനിയോടൊപ്പം ശരീരവേദന, തലവേദന, ശ്വാസതടസം, ഛർദി, ബോധക്ഷയം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് കനത്ത ജാഗ്രതയിലാണ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ലാബിൽ നടത്തിയ പ്രാഥമിക സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ വെൻ്റിലേറ്റർ സഹായത്തോടെ ചികിത്സ നൽകുന്ന ഇദ്ദേഹത്തിൻ്റെ ആരോഗ്യനില അല്പം ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന.

രോഗവിവരങ്ങളും ചികിത്സയുംകടുത്ത പനിയും മസ്തിഷ്കജ്വര ലക്ഷണങ്ങളുമായി ഇദ്ദേഹത്തെ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളാവുകയായിരുന്നു. തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ നിപ സംശയം ഉയർന്നതിനെ തുടർന്ന് പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റി. ആരോഗ്യവകുപ്പിന് വിവരങ്ങൾ കൈമാറിയതിന് പിന്നാലെ അർധരാത്രിയോടെയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. മുൻപ് നിപ ബാധയുണ്ടായ സമയത്ത് രോഗികളെ പ്രവേശിപ്പിച്ചിരുന്ന അതേ വാർഡ് അടിയന്തരമായി സജ്ജമാക്കിയാണ് ഇവിടേക്ക് മാറ്റിയത്. അന്തിമ സ്ഥിരീകരണത്തിനായി സ്രവസാമ്പിളുകൾ പുണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (എൻഐവി) അയച്ചിട്ടുണ്ട്. ഇതിൻ്റെ ഫലം നാളെ വൈകുന്നേരത്തോടെ ലഭ്യമാകും.

സമ്പർക്കപ്പട്ടികയും ഉറവിടവുംപഴയ കെട്ടിടങ്ങൾ വൃത്തിയാക്കുന്ന തൊഴിലാളിയാണ് രോഗബാധിതനായ വ്യക്തി. ഫറോക്കിലെ ഒരു പഴയ കെട്ടിടം വൃത്തിയാക്കാൻ ഇദ്ദേഹം പോയിരുന്നു. അവിടെയുണ്ടായിരുന്ന വവ്വാലുകളുടെ സാന്നിധ്യത്തിൽ നിന്നാകാം വൈറസ് ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. മറ്റ് ചില ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നേരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും പിന്നീട് വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. എന്നാൽ അതിനുശേഷവും ബോധക്ഷയം അടക്കമുള്ള കടുത്ത ലക്ഷണങ്ങൾ പ്രകടമായി.

സ്ഥിരമായി മദ്യപിക്കുന്ന വ്യക്തിയായതിനാൽ, ഈ അസ്വസ്ഥതകൾ മദ്യം ലഭിക്കാത്തതുകൊണ്ടുള്ള ശാരീരിക ബുദ്ധിമുട്ടുകളാണെന്ന് ബന്ധുക്കൾ തെറ്റിദ്ധരിച്ചു. തുടർന്ന് ഒരു ഡീ അഡിക്ഷൻ സെൻ്ററിലും പ്രവേശിപ്പിച്ചു. വിവിധ ആശുപത്രികളിലെ സന്ദർശനവും ഡീ അഡിക്ഷൻ സെൻ്ററിലെ താമസവും കാരണം നിരവധി ആളുകളുമായി ഇദ്ദേഹത്തിന് സമ്പർക്കമുണ്ടായിട്ടുണ്ട്. ഇത് കണക്കിലെടുത്ത് അതിവിപുലമായ സമ്പർക്കപ്പട്ടിക തയ്യാറാക്കാനുള്ള ഊർജിതമായ നടപടികൾ ആരോഗ്യവകുപ്പ് ആരംഭിച്ചു. രോഗിയുടെ ബന്ധുക്കളോടും അടുത്തിടപഴകിയവരോടും അടിയന്തരമായി ക്വാറൻ്റൈനിൽ പ്രവേശിക്കാൻ നിർദേശിച്ചിട്ടുണ്ട്. നിലവിൽ ചികിത്സയിലുള്ള വ്യക്തി തന്നെയാണോ ആദ്യ രോഗബാധിതൻ എന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ പരിശോധനകൾ നടന്നുവരികയാണ്.

സർക്കാർ ഇടപെടൽവിവരം അറിഞ്ഞയുടൻ കോഴിക്കോട് ഉണ്ടായിരുന്ന ആരോഗ്യമന്ത്രി കെ മുരളീധരൻ പ്രശ്നത്തിൽ ഇടപെടുകയും മെഡിക്കൽ കോളജിലെ വിദഗ്ധരുമായി ചർച്ച നടത്തുകയും ചെയ്തു. നിപ ചികിത്സിക്കുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കിയ ശേഷമാണ് രോഗിയെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും.

രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മെഡിക്കൽ കോളജിലും പരിസര പ്രദേശങ്ങളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കാമ്പസിൽ പൊതുജനങ്ങൾക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ജില്ലയിൽ മുൻപും നിപ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ, നിലവിലുള്ള പ്രോട്ടോക്കോൾ അനുസരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്.

രോഗലക്ഷണങ്ങളും ജാഗ്രതാ നിർദേശവുംവവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള മാരകമായ ജന്തുജന്യ വൈറസ് രോഗമാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളുടെ ഉമിനീർ, മൂത്രം എന്നിവ കലർന്ന പാനീയങ്ങളിലൂടെയോ അവ കടിച്ച പഴങ്ങളിലൂടെയോ രോഗം മനുഷ്യരിലേക്ക് പകരാം. കടുത്ത പനി, ശരീരവേദന, ശക്തമായ തലവേദന, കടുത്ത ക്ഷീണം, ചുമ, തൊണ്ടവേദന, ശ്വാസതടസം, വയറിളക്കം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ.

രോഗം മൂർച്ഛിക്കുന്ന അവസ്ഥയിൽ ഛർദി, സ്ഥലകാലബോധമില്ലായ്മ, അപസ്മാരം, മസ്തിഷ്ക വീക്കം മൂലമുണ്ടാകുന്ന ബോധക്ഷയം എന്നിവ പ്രകടമാകും. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് നാല് മുതൽ 14 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകാം. രോഗികളുമായി അടുത്തിടപഴകുന്നവർ പിപിഇ കിറ്റ്, മാസ്ക്, സാനിറ്റൈസർ എന്നിവ കർശനമായി ഉപയോഗിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിച്ചു. മെയ്, ജൂൺ മാസങ്ങളിൽ റംബൂട്ടാൻ ഉൾപ്പെടെയുള്ള പഴങ്ങൾ ധാരാളമായി കണ്ടുവരുന്നതിനാൽ വവ്വാലിൻ്റെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News