വിഷ്ണു ദേവിനായി നാടൊന്നാകെ ഒഴുകിയെത്തിയ 'ചായ ചലഞ്ച്'
Kasaragod , 11 ജൂണ് (H.S.) ഒരു കപ്പ് ചായയ്ക്ക് ഒരു ജീവൻ്റെ വിലയുണ്ടെന്ന് തെളിയിക്കുകയാണ് കാസർകോട് തൃക്കരിപ്പൂരിലെ ഒരു ഗ്രാമം. ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിഷ്ണു ദേവ് എന്ന യുവാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ചായ കുടിക്കൂ ജീവൻ രക്ഷിക്
TEA CHALLENGE KASARAGOD


Kasaragod , 11 ജൂണ് (H.S.)

ഒരു കപ്പ് ചായയ്ക്ക് ഒരു ജീവൻ്റെ വിലയുണ്ടെന്ന് തെളിയിക്കുകയാണ് കാസർകോട് തൃക്കരിപ്പൂരിലെ ഒരു ഗ്രാമം. ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിഷ്ണു ദേവ് എന്ന യുവാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ചായ കുടിക്കൂ ജീവൻ രക്ഷിക്കൂ എന്ന സന്ദേശവുമായി നാടൊന്നാകെ ഒഴുകിയെത്തുകയായിരുന്നു. സിനിമാതാരങ്ങൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത ഈ വേറിട്ട ചായ ചലഞ്ച് മനുഷ്യസ്നേഹത്തിൻ്റെ ഉജ്വല മാതൃകയായി മാറുകയാണ്.

ചായ ഹട്ടിൽ ചായയും പലഹാരങ്ങളും കഴിച്ചശേഷം അവർക്ക് ഇഷ്ടമുള്ള തുക നൽകി ചികിത്സാസഹായ കമ്മിറ്റിയുമായി സഹകരിക്കാം. ലഭ്യമാകുന്ന ഓരോ തുകയും വിഷ്ണു ദേവിന് ചികിത്സയ്ക്കായി നൽകും. തൃക്കരിപ്പൂർ തലിച്ചാലത്തെ ചായ ഹട്ടിലാണ് സാമ്പത്തിക സമാഹരണത്തിന് വേദിയൊരുക്കിയത്. വിഷ്ണു ദേവിൻ്റെ ചികിത്സയ്ക്ക് തുക കണ്ടെത്താനായി രൂപീകരിച്ച സാമ്പത്തിക സഹായ കമ്മിറ്റിയാണ് ചലഞ്ച് സംഘടിപ്പിച്ചത്. സിനിമാതാരം കുഞ്ഞികൃഷ്ണൻ ഉൾപ്പെടെ ചലഞ്ചിൽ പങ്കെടുക്കാനെത്തി. ചലഞ്ച് നടത്താൻ വേദിയൊരുക്കിയ റഫീദ്, അഫ്സൽ എന്നിവരെ കുഞ്ഞികൃഷ്ണൻ അഭിനന്ദിച്ചു.

ഒരു യുവാവിന് വേണ്ടി ഇത്തരമൊരു ചലഞ്ച് നടത്തണമെന്ന് പറഞ്ഞപ്പോൾ യാതൊരു മടിയും കൂടാതെ സൗകര്യങ്ങൾ ഒരുക്കിയ റഫീദിനും അഫ്സലിനും പ്രത്യേക അഭിനന്ദനം അറിയിക്കുന്നതായി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ഇത്തരമൊരു സംരംഭവുമായി ചികിത്സാസഹായ കമ്മിറ്റി വന്നപ്പോൾ ഒരു മടിയും കൂടാതെ അന്നത്തെ ചായയുടെ മുഴുവൻ തുകയും കമ്മിറ്റിക്ക് നൽകാം എന്ന് അവർ വാഗ്ദാനം ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് ചായ ചലഞ്ച് സംഘടിപ്പിച്ചിട്ടുള്ളതെന്നും അവിടെ വന്നിട്ടുള്ള എല്ലാവരെയും അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യത്യസ്തവും വൈവിധ്യവുമായ പലഹാരങ്ങൾ നിരത്തിയാണ് സംഘാടകർ ചലഞ്ചിൽ പങ്കെടുക്കാൻ എത്തിയവരെ വരവേറ്റത്. കൊതിയൂറും പലഹാരങ്ങൾ ചൂടോടെ ചുട്ടു വിളമ്പിയപ്പോൾ വന്നവർ നിറമനസ്സോടെ സ്വീകരിച്ചു. ഇവിടുത്തെ ഒരു ദിവസത്തെ ലാഭം മുഴുവൻ ചികിത്സാസഹായത്തിന് നൽകുവാനാണ് തീരുമാനം. ചായ ചലഞ്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജിദ സഫറുള്ള ഉദ്ഘാടനം ചെയ്തു. സിനിമാതാരങ്ങളായ പി പി കുഞ്ഞികൃഷ്ണൻ, അഖില ഭാർഗവൻ എന്നിവർ മുഖ്യതിഥികളായി. ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ ഉൾപ്പെടെയുള്ളവർ ചലഞ്ചിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ചികിത്സാ കമ്മിറ്റി ചെയർമാൻ ടി വി ഹരീഷ്, കോർഡിനേറ്റർ ഖലീഫ ഉദിനൂർ, കൺവീനർ കെ കനേഷ് എന്നിവർ ചലഞ്ചിന് നേതൃത്വം നൽകി.

എടച്ചേരിയിലെ ചായത്തണൽനേരത്തെ കോഴിക്കോട് എടച്ചേരിയിലും ചായ ചലഞ്ച് നടത്തിയിരുന്നു. അന്ന് അഗതികളെ സംരക്ഷിക്കുന്ന കേന്ദ്രമായ തണലിൻ്റെ ദൈനംദിന നടത്തിപ്പിന് പിന്തുണ തേടിയായിരുന്നു ചായത്തണൽ എന്ന സംഗമം നടത്തിയത്. ഒറ്റദിവസം കൊണ്ട് 1.41 കോടി രൂപയാണ് അന്ന് സമാഹരിച്ചത്. സംഘാടകരുടെ പ്രതീക്ഷകളെല്ലാം തെറ്റിച്ചാണ് നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നും ജനം ഒഴുകിയെത്തിയത്. ഒരു ചായ കുടിക്കുക, കഴിയാവുന്ന സഹായം തണലിന് നൽകുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. അയ്യായിരത്തോളം പേരെയാണ് സംഘാടകർ പ്രതീക്ഷിച്ചത്. എന്നാൽ, ഇവിടേക്കെത്തിയത് 18,000 പേരായിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News