Enter your Email Address to subscribe to our newsletters

Thiruvananthapuram,11 ജൂണ് (H.S.)
തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി
വെള്ളക്കെട്ട് ഒഴിവാക്കാനും തീരശോഷണം തടയാനും പ്രത്യേക പദ്ധതി
തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനും മഴക്കാലവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി സെക്രട്ടറിയേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം. ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്, ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരീധരൻ, ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ എന്നിവർ സംയുക്തമായി വിളിച്ചുചേർത്ത വകുപ്പ് മേധാവികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനങ്ങൾ ഉണ്ടായത്. തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി. വി. രാജേഷ്, ജില്ലാ കളക്ടർ അനുകുമാരി എന്നിവർ പങ്കെടുത്തു.
നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് യോഗം നിർദേശിച്ചു. നിലവിൽ കുടിവെള്ളം ലഭിക്കാത്ത സ്ഥലങ്ങളിൽ അടിയന്തിരമായി ജലലഭ്യത ഉറപ്പാക്കും. ഭാവിയിലെ വെല്ലുവിളികൾ കൂടി മുന്നിൽ കണ്ട് വാട്ടർ അതോറിറ്റി ശാശ്വത പരിഹാര പദ്ധതികൾ തയ്യാറാക്കണമെന്നും മന്ത്രിമാർ നിർദേശിച്ചു. ലീക്കേജ് കുറയ്ക്കുന്നതിനുള്ള നടപടികൾ ശക്തമാക്കി ജല വിതരണത്തിലെ പ്രസരണ നഷ്ടം പരമാവധി കുറക്കണം. കുടിവെള്ള ലഭ്യത കുറവുള്ള സാഹചര്യങ്ങളിൽ കോർപ്പറേഷനും വാട്ടർ അതോറിറ്റിയും ചേർന്ന് സംയുക്തമായി ജലവിതരണം ഉറപ്പാക്കും. ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ജനപ്രതിനിധികളിലൂടെയും മാധ്യമങ്ങളിലൂടെയും സമയ ബന്ധിതമായി നൽകും.
കഴക്കൂട്ടമടക്കമുള്ള പ്രദേശങ്ങളിൽ ഐടി കമ്പനികളുമായി സഹകരിച്ച് പ്രത്യേക ജലസേചന പദ്ധതി ആരംഭിക്കുന്നത് പരിഗണിക്കും. ഐടി കമ്പനികളുടെ സഹകരണത്തോടെ മഴവെള്ള ശേഖരണ സംവിധാനം പ്രോത്സാഹിപ്പിക്കും. നിലവിലെ പേപ്പാറ ഡാമിന്റെ ശേഷി പരമാവധി ഉപയോഗിക്കുന്നതിനെ കുറിച്ചു ചർച്ച നടത്തും.
മഴക്കാലത്ത് നഗരത്തിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ദേശീയപാത അതോറിറ്റിക്ക് അടിയന്തര നിർദേശങ്ങൾ നൽകും. വെള്ളപ്പൊക്ക ഓടകളും ചാലുകളും വിവിധ വകുപ്പുകളുടെ നിയന്ത്രണത്തിലുള്ളതിനാൽ ഏകോപനത്തോടെ സമയബന്ധിതമായി ശുചീകരണം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. പാർവതി പുത്തനാറിൽ ആഴ്ചയിൽ രണ്ട് തവണ ഉദ്യോഗസ്ഥ തല പരിശോധന നടത്തും. ആമയിഴഞ്ചാൻ തോടിനായി പ്രത്യേക കർമ പദ്ധതിയും നടപ്പാക്കും.
പൊഴിയൂർ, ബീമാപള്ളി മേഖലയിലെ തീരശോഷണം വിലയിരുത്തി പ്രതിരോധ നടപടികൾ സ്വീകരിക്കും. കടലാക്രമണം തടയുന്നതിനായി ജിയോബാഗുകൾ നിക്ഷേപിക്കുന്നതിനും അനുമതി നൽകും.
മഴക്കാല രോഗബാധ തടയുന്നതിനുള്ള ബോധവത്കരണ നിർദേശങ്ങൾ സ്കൂൾ അസംബ്ലികളിൽ നൽകും. നഗരത്തിൽ മാലിന്യ നിക്ഷേപം തടയുന്നതിനായി പോലീസും കോർപ്പറേഷനും സംയുക്ത പരിശോധന ശക്തമാക്കും. സി.സി.ടി.വി ദൃശ്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി കുറ്റവാളികളെ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനും യോഗം നിർദേശിച്ചു
---------------
Hindusthan Samachar / CHANDHU CHANDRASEKHAR