തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ സി ജോസഫ് വിജയ് നാളെ കർണാടകയിലെ പ്രശസ്തമായ കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തും.
Chennai , 11 ജൂണ് (H.S.) തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ സി ജോസഫ് വിജയ് നാളെ കർണാടകയിലെ പ്രശസ്തമായ കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തും. കഴിഞ്ഞ മാസം മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള അദ്ദേഹത്തിൻ്റെ ആദ
Vijay


Chennai , 11 ജൂണ് (H.S.)

തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ സി ജോസഫ് വിജയ് നാളെ കർണാടകയിലെ പ്രശസ്തമായ കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തും. കഴിഞ്ഞ മാസം മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള അദ്ദേഹത്തിൻ്റെ ആദ്യ കൊല്ലൂർ സന്ദർശനമാണിത്. നിലവിൽ രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ വിവിധ ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കുന്ന വിജയ്, അവിടെനിന്നും നേരിട്ടാണ് കർണാടകയിലേക്ക് എത്തുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ ചരിത്രവിജയം നേടിയതിന് ശേഷം ദേവിയുടെ അനുഗ്രഹം തേടിയാണ് അദ്ദേഹം എത്തുന്നത്.

നാളെ (വെള്ളിയാഴ്ച) ഉച്ചയ്ക്ക് 12.30ഓടെ ന്യൂഡൽഹിയിൽ നിന്നും പ്രത്യേക വിമാനത്തിൽ അദ്ദേഹം മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. അവിടെ നിന്ന് കർശന സുരക്ഷാ പ്രോട്ടോകോളുകൾക്ക് കീഴിൽ റോഡ് മാർഗം കൊല്ലൂരിലേക്ക് പോകും. ഉച്ചയ്ക്ക് ശേഷം ഏകദേശം മൂന്ന് മണിയോടെ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് മംഗളൂരു വിമാനത്താവളത്തിലേക്ക് മടങ്ങി ചെന്നൈയിലേക്ക് പ്രത്യേക വിമാനത്തിൽ കയറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുഖ്യമന്ത്രി വിജയിയുടെ സന്ദർശനം പ്രമാണിച്ച് കർണാടക പൊലീസും തമിഴ്നാട് സിഐഡി സുരക്ഷാ വിഭാഗവും ചേർന്ന് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് കൊല്ലൂരിലും യാത്രാമധ്യേയുള്ള പ്രധാന കവലകളിലും ഒരുക്കിയിട്ടുള്ളത്. വിഐപി സന്ദർശനം പരിഗണിച്ച് ക്ഷേത്ര പരിസരത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

തമിഴ്നാട് മുഖ്യമന്ത്രിമാരുടെ കൊല്ലൂർ ബന്ധം

കർണാടകയിലെ ഉഡുപ്പി ജില്ലയിൽ പശ്ചിമഘട്ടത്തിൻ്റെ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന കൊല്ലൂർ മൂകാംബിക ക്ഷേത്രം ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നാണ്. തമിഴ്നാട് മുൻ മുഖ്യമന്ത്രിമാരായ എംജിആർ, ജയലളിത തുടങ്ങിയവരും അധികാരം ഏറ്റെടുത്ത ശേഷം മൂകാംബികയുടെ അനുഗ്രഹം തേടി ഇവിടെ എത്തിയിട്ടുണ്ട്. ആ പരമ്പരയിലേക്കാണ് ഇപ്പോൾ നിലവിലെ മുഖ്യമന്ത്രി ജോസഫ് വിജയിൻ്റെ പേരും എഴുതിച്ചേർക്കപ്പെടുന്നത്. കലകളുടെയും അറിവിൻ്റെയും ദേവിയായ മൂകാംബികയെ ദർശിക്കുന്നത് ഐശ്വര്യദായകമാണെന്നാണ് രാഷ്ട്രീയ നേതാക്കളുടെയും സിനിമാ താരങ്ങളുടെയും വിശ്വാസം.

ക്ഷേത്രത്തിനകത്തെ സ്വയംഭൂ ശിലയ്ക്ക് പുറകിലായാണ് പത്മപീഠത്തിൽ ഇരിക്കുന്ന മനോഹരമായ മൂകാംബികാ വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ളത്. സ്വർണമാലകളും വിലപിടിപ്പുള്ള രത്നങ്ങളും മറ്റ് പുരാതന ആഭരണങ്ങളും പട്ടുടയാടകളും അണിയിച്ചാണ് ദേവിയെ ഒരുക്കിയിട്ടുള്ളത്. ചുറ്റും സുഗന്ധപൂരിതമായ പുഷ്പങ്ങളാൽ അലങ്കരിച്ച ദേവിയെ ഒന്നു കാണാൻ അതിരാവിലെ നടതുറക്കുന്നത് മുതൽ ഭക്തരുടെ നീണ്ട നിരയാണ് ഇവിടെ അനുഭവപ്പെടാറുള്ളത്. അഭീഷ്ടകാര്യങ്ങൾ ദേവിക്ക് മുന്നിൽ സമർപ്പിച്ച് പ്രാർഥിച്ചാൽ ഉടനടി ഫലം ലഭിക്കുമെന്നാണ് ഭക്തരുടെ ഉറച്ച വിശ്വാസം. സൗപർണികാ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഈ മഹാക്ഷേത്രം ശങ്കരാചാര്യരുമായി അഭേദ്യമായ ബന്ധമുള്ള പുണ്യസ്ഥലം കൂടിയാണ്.

മലയാളികളുടെ വിദ്യാരംഭ പുണ്യംവിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രതിദിനം ആയിരക്കണക്കിന് ഭക്തരാണ് കൊല്ലൂരിൽ എത്താറുള്ളതെങ്കിലും ഇവിടെ എത്തുന്നവരിൽ ഭൂരിഭാഗവും മലയാളികളാണ്. അറിവിൻ്റെ ആദ്യാക്ഷരം കുറിക്കാൻ കൊല്ലൂർ മൂകാംബികാ ക്ഷേത്ര സന്നിധിയിൽ എത്തുന്നത് ഏറ്റവും ശ്രേഷ്ഠമായാണ് ഹൈന്ദവ വിശ്വാസികൾ കരുതുന്നത്. അതുകൊണ്ടുതന്നെ വർഷം മുഴുവനും, പ്രത്യേകിച്ച് നവരാത്രി ഉത്സവ കാലങ്ങളിൽ ആയിരക്കണക്കിന് മലയാളികളാണ് ഇവിടെ എത്തി വിദ്യാരംഭം കുറിക്കുന്നത്. കലാരംഗത്ത് പ്രവർത്തിക്കുന്നവരും വിദ്യാർഥികളും തങ്ങളുടെ പുതിയ കാൽവെപ്പുകൾക്ക് മുന്നോടിയായി മൂകാംബികാ സന്നിധിയിൽ എത്തി പ്രാർഥിക്കുന്നത് പതിവാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News