Enter your Email Address to subscribe to our newsletters

Mexico city, 11 ജൂണ് (H.S.)
മെക്സിക്കോ സിറ്റി: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഫുട്ബോൾ ആരാധകർ കാത്തിരുന്ന ആവേശം ഇനി യാഥാർത്ഥ്യത്തിലേക്ക്. ഫിഫ ലോകകപ്പിൽ ഇന്ന് പുതുയുഗപ്പിറവി കുറിക്കുകയാണ്. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ മൂന്ന് രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഈ കായികമാമാങ്കത്തിന് മെക്സിക്കോയിലെ ചരിത്രപ്രസിദ്ധമായ അസ്റ്റെക്ക സ്റ്റേഡിയത്തിൽ (Estadio Azteca) ഇന്ന് ഔദ്യോഗികമായി തുടക്കമാകും. നിറഞ്ഞ ഗാലറികളും, ലോകോത്തര സൂപ്പർ താരങ്ങളും, ആഗോളതലത്തിലെ കോടിക്കണക്കിന് കാഴ്ചക്കാരും ഒന്നിച്ചണിയണിനിരക്കുന്നതോടെ ഇനിയുള്ള ഒരു മാസക്കാലം ലോകം പൂർണ്ണമായും കാൽപന്തുത്സവത്തിന്റെ ലഹരിയിലാകും.
മെക്സിക്കോ സിറ്റിയിലെ അസ്റ്റെക്ക സ്റ്റേഡിയത്തിൽ നടക്കുന്ന വർണ്ണാഭമായ ഉദ്ഘാടന ചടങ്ങുകളോടെയാണ് വിശ്വപോരാട്ടത്തിന് തിരശീല ഉയരുന്നത്. വലിയൊരു ആഘോഷരാവാണ് മത്സരത്തിന് മുൻപായി കാണികളെ കാത്തിരിക്കുന്നത്. ഇന്ത്യൻ സമയം ഇന്ന് രാത്രി 10:30 ഓടെയാണ് ആഗോള കായികപ്രേമികൾ കാത്തിരിക്കുന്ന ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക.
ഷക്കീറയുടെ താളത്തിനൊപ്പം ലോകം ചുവടുവയ്ക്കും
ഉദ്ഘാടന ചടങ്ങിന്റെ ഏറ്റവും വലിയ ആകർഷണം സംഗീത ലോകത്തെ റാണിയായ ഷക്കീറയുടെ സാന്നിധ്യമാണ്. അസ്റ്റെക്ക സ്റ്റേഡിയത്തിൽ തടിച്ചുകൂടുന്ന പതിനായിരങ്ങളെയും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ടെലിവിഷൻ-ഡിജിറ്റൽ കാഴ്ചക്കാരെയും ഷക്കീറ തന്റെ തകർപ്പൻ നൃത്തച്ചുവടുകളാലും സംഗീതത്താലും ഇളക്കിമറിക്കും. ഇത്തവണത്തെ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ 'ദായ് ദായ്' (Dai Dai) നൈജീരിയൻ താരം ബർണ ബോയ്ക്കൊപ്പം (Burna Boy) ഷക്കീറ വേദിയിൽ അവതരിപ്പിക്കും. ലോകകപ്പ് ചരിത്രത്തിൽ എന്നും മാസ്മരിക സംഗീതവിരുന്ന് സമ്മാനിച്ചിട്ടുള്ള ഷക്കീറയുടെ പ്രകടനം കാണാൻ വലിയ കാത്തിരിപ്പാണ് ആരാധകർക്കുള്ളത്.
ഷക്കീറയ്ക്ക് പുറമേ ജെ ബാൽവിൻ (J Balvin), ദക്ഷിണാഫ്രിക്കൻ ഗായിക ടൈല (Tyla), മെക്സിക്കൻ ബാൻഡായ മനാ (Maná) തുടങ്ങി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ നിരവധി പ്രമുഖ കലാകാരന്മാരും ഉദ്ഘാടന വേദിയിൽ സംഗീതവും നൃത്തവുമായി എത്തും. ലാറ്റിൻ അമേരിക്കൻ സംസ്കാരവും ആഫ്രിക്കൻ-പോപ്പ് സംഗീത ശൈലികളും ഒത്തുചേരുന്ന ഒരു വലിയ കലാവിരുന്നിനാകും അസ്റ്റെക്ക സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.
ചരിത്രത്തിലാദ്യമായി 48 ടീമുകൾ; ഉദ്ഘാടന മത്സരം നാളെ പുലർച്ചെ
ഇത്തവണത്തെ ലോകകപ്പ് പല കാരണങ്ങൾ കൊണ്ടും ഫുട്ബോൾ ചരിത്രത്തിൽ പുതിയൊരു അധ്യായമാണ് തുറക്കുന്നത്. മുൻപത്തെക്കാളും വിപുലമായ രീതിയിൽ 48 ടീമുകളാണ് ഇത്തവണ വിശ്വകിരീടത്തിനായി പോരാടാൻ യോഗ്യത നേടിയിരിക്കുന്നത്. കൂടുതൽ രാജ്യങ്ങൾക്ക് അവസരം ലഭിച്ചതോടെ ലോകകപ്പിന്റെ ആവേശവും മത്സരങ്ങളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.
മൂന്ന് ലോകകപ്പുകൾക്ക് വേദിയാകുന്ന ചരിത്രത്തിലെ ആദ്യ സ്റ്റേഡിയം എന്ന അപൂർവ്വ ബഹുമതിയും ഇതോടെ മെക്സിക്കോയിലെ അസ്റ്റെക്ക സ്റ്റേഡിയത്തിന് സ്വന്തമാകും. 1970-ലും 1986-ലും പെലെയും മറഡോണയും വിസ്മയം തീർത്ത ഇതേ മണ്ണിൽ തന്നെയാണ് പുതിയ നൂറ്റാണ്ടിലെ പോരാട്ടങ്ങൾക്കും തുടക്കമാകുന്നത്.
ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ഇന്ത്യൻ സമയം നാളെ പുലർച്ചെ 12:30-നാണ് ആതിഥേയരായ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ പോരാട്ടം നടക്കുക. ഗ്രൂപ്പ് എ-യിലെ ഈ പോരാട്ടത്തോടെ ഒരു മാസം നീണ്ടുനിൽക്കുന്ന കടുത്ത പോരാട്ടങ്ങൾക്ക് തുടക്കമാകും. ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾക്ക് 'Unite8' സ്പോർട്സ് ചാനലുകളിലൂടെയും 'ZEE5' ഒടിടി പ്ലാറ്റ്ഫോമിലൂടെയും ലോകകപ്പിന്റെ തത്സമയ സംപ്രേഷണം കാണാൻ സാധിക്കും. പന്തുരുളാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, ലോകം മുഴുവൻ ഇപ്പോൾ മെക്സിക്കോയിലേക്ക് കണ്ണുനട്ടിരിക്കുകയാണ്.
---------------
Hindusthan Samachar / Roshith K