രാഷ്ട്ര പുരോഗതിക്കായി ജനങ്ങൾ ഒന്നിച്ച് അണിനിരക്കണം; പ്രൊപ്പഗാണ്ടകൾക്ക് പിന്നാലെ പോകരുത്: മോഹൻ ഭാഗവത്
Thiruvananthapuram , 13 ജൂണ് (H.S.) തിരുവനന്തപുരം: സമൂഹത്തിലെ പ്രതിസന്ധികളെക്കുറിച്ച് വീടുകളിലിരുന്ന് വെറുതെ വിഷമിച്ചിരിക്കുകയല്ല വേണ്ടതെന്നും, മറിച്ച് ദേശീയ ചിന്താഗതിയോടെ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുകയാണ് ചെയ്യേണ്ടതെന്നും ആർ എസ് എസ് സർസംഘചാല
രാഷ്ട്ര പുരോഗതിക്കായി ജനങ്ങൾ ഒന്നിച്ച് അണിനിരക്കണം; പ്രൊപ്പഗാണ്ടകൾക്ക് പിന്നാലെ പോകരുത്: മോഹൻ ഭാഗവത്


Thiruvananthapuram , 13 ജൂണ് (H.S.)

തിരുവനന്തപുരം: സമൂഹത്തിലെ പ്രതിസന്ധികളെക്കുറിച്ച് വീടുകളിലിരുന്ന് വെറുതെ വിഷമിച്ചിരിക്കുകയല്ല വേണ്ടതെന്നും, മറിച്ച് ദേശീയ ചിന്താഗതിയോടെ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുകയാണ് ചെയ്യേണ്ടതെന്നും ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ആർ എസ് എസ് ചെയ്യുന്നത് സമൂഹത്തെ ഒന്നിച്ചുനിർത്തുക എന്ന ദൗത്യമാണ്. സംഘടനയ്ക്ക് ആരോടും ശത്രുതയില്ലെന്നും എല്ലാവരെയും നാളത്തെ സ്വയംസേവകരായിട്ടാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ഉദയ പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാജ പ്രചാരണങ്ങളിലൂടെയും നരേറ്റീവുകളിലൂടെയും ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു പ്രസ്ഥാനമാണ് ആർ എസ് എസ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘടനയെക്കുറിച്ച് ശരിയായ ധാരണയുണ്ടാക്കാൻ ഇത്തരം ഒത്തുചേരലുകൾ സഹായിക്കും. ആർ എസ് എസിനെ അടുത്തറിയാൻ സ്വയംസേവകരുമായി സംസാരിക്കുകയും അവരുടെ പരിപാടികളിൽ നേരിട്ട് പങ്കെടുക്കുകയുമാണ് വേണ്ടത്. കേട്ടുകേൾവികൾക്കോ പ്രൊപ്പഗാണ്ടകൾക്കോ പിന്നാലെ പോകരുത്. തന്റെ വാക്കുകൾ മാത്രം കേട്ട് ഒരു തീരുമാനത്തിൽ എത്തണമെന്നില്ലെന്നും, ശാഖകളിലും സംഘശിബിരങ്ങളിലും നേരിട്ടെത്തി കണ്ട് കാര്യങ്ങൾ ബോധ്യപ്പെടണമെന്നും സർസംഘചാലക് ആവശ്യപ്പെട്ടു.

നമ്മുടെ രാജ്യം എല്ലാ സമ്പന്നതകളും ഉണ്ടായിട്ടും ദീർഘകാലം വിദേശ ഭരണത്തിന് കീഴിലായിരുന്നു. ഭാരതത്തെ ആക്രമിച്ചു ഭരിച്ച ഏഴാമത്തെ അധിനിവേശ ശക്തിയായിരുന്നു ബ്രിട്ടീഷുകാർ. സ്വാതന്ത്ര്യത്തിനുവേണ്ടി രാജ്യത്ത് ഉയർന്നുവന്ന വലിയ മുന്നേറ്റങ്ങൾക്ക് സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം തുടർച്ചയുണ്ടായില്ല. പല സാമൂഹിക പരിഷ്കരണ ശ്രമങ്ങളും ചില പ്രത്യേക മേഖലകളിൽ മാത്രമായി ഒതുങ്ങിപ്പോയി. ഈയൊരു സാഹചര്യത്തിലാണ്, രാജ്യം അതിന്റെ തനിമയിൽ ഒന്നിച്ചു നിന്നില്ലെങ്കിൽ പഴയ പ്രതാപം വീണ്ടെടുക്കാൻ കഴിയില്ലെന്ന് സ്വന്തം അനുഭവങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ദേശീയവാദിയായ ഡോ. കേശവബലിറാം ഹെഡ്ഗേവാർ തിരിച്ചറിഞ്ഞത്. ആ ലക്ഷ്യം പൂർത്തീകരിക്കാനാണ് സംഘം രൂപീകരിച്ചത്.

ഭാരതം എന്നത് വെറുമൊരു ഭൂപടമോ ഭൂമിശാസ്ത്രപരമായ അതിരുകളോ മാത്രമല്ല, അതൊരു പ്രകൃതിയാണ്. ഈ രാജ്യം ഒരു ഹിന്ദുരാഷ്ട്രമാണ്. ഹിന്ദു എന്നത് ഒരു മതവിഭാഗമല്ല, മറിച്ച് നമ്മുടെ സാംസ്കാരിക തനിമയും ജീവിതരീതിയുമാണ്. എല്ലാ വൈവിധ്യങ്ങളെയും ഉൾക്കൊണ്ട് ഒത്തൊരുമയോടെ ജീവിക്കുന്നതാണ് ഈ നാടിന്റെ പ്രത്യേകത. അത് വെറുമൊരു തത്ത്വചിന്തയല്ല, മറിച്ച് പരസ്പരമുള്ള ഏകത്വ ഭാവനയുടെ അനുഭൂതിയാണ്. ഭാരതീയത എന്നത് ഈ ഹിന്ദുരാഷ്ട്രത്തിന്റെ സ്വഭാവവിശേഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നത്തെ ആധുനിക ലോകം നേരിടുന്ന പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ഭാരതത്തിന്റെ പക്കലുണ്ട്. അത് ലോകത്തിന് പകർന്നു നൽകാൻ ഭാരതീയരെന്ന നിലയിൽ നമ്മൾ സജ്ജരാകണം. പരസ്പരം കൊടുത്തും വാങ്ങിയുമുള്ള ഒത്തൊരുമയാണ് സമൂഹത്തിന്റെ യഥാർത്ഥ കരുത്ത്. ഇതിനായി നമ്മൾ ഭാരതീയ ജീവിതരീതി ശീലമാക്കുകയും ധർമ്മത്തിന്റെ പാതയിൽ ശക്തരാകുകയും വേണം. സമൂഹം സംഘടിക്കുന്നതിലൂടെ മാത്രമേ ഈ ശക്തി കൈവരിക്കാനാകൂ. ദൗർബല്യം മരണമാണെന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകൾ ഓർമ്മിപ്പിച്ച അദ്ദേഹം, ശക്തരുടെ മുന്നിൽ തടസ്സം നിൽക്കാൻ ആരും ധൈര്യപ്പെടില്ലെന്നും വ്യക്തമാക്കി. ഭാരതം നമ്മുടെ മാതൃഭൂമിയാണെന്ന ചിന്തയും നമ്മളെല്ലാം ഒരമ്മ പെറ്റ മക്കളാണെന്ന സാഹോദര്യ മനോഭാവവും ഹിന്ദു സമൂഹത്തിൽ ശക്തമാകണമെന്നും ഡോ. മോഹൻ ഭാഗവത് ആഹ്വാനം ചെയ്തു.

ചടങ്ങിൽ ആർ എസ് എസ് തിരുവനന്തപുരം വിഭാഗ് സംഘചാലക് പി. ഗിരീഷ്, ദക്ഷിണ കേരള പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു എന്നിവർ പങ്കെടുത്തു. പ്രാന്ത സഹസമ്പർക്ക പ്രമുഖ് എം. ജയകുമാർ സ്വാഗതപ്രസംഗം നടത്തി. വിവിധ സാമൂഹിക-സാംസ്കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ സദസ്യരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും സർസംഘചാലക് മറുപടി നൽകി.

---------------

Hindusthan Samachar / Roshith K


Latest News