Enter your Email Address to subscribe to our newsletters

Thiruvananthapuram , 14 ജൂണ് (H.S.)
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെയും വിശ്വാസി സമൂഹത്തെയും ഒരുപോലെ പിടിച്ചുലച്ച ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കടുത്ത വെളിപ്പെടുത്തലുകളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ രംഗത്ത്. യുവതീപ്രവേശന ദിവസം തന്നേയും അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എസ്. ശ്രീജിത്തിനേയും സന്നിധാനത്തുനിന്ന് ബോധപൂർവം മാറ്റിനിർത്തുകയായിരുന്നു എന്നാണ് പത്മകുമാറിന്റെ വെളിപ്പെടുത്തൽ. ഇതിന് പിന്നിൽ വലിയ ചതി നടന്നിട്ടുണ്ടെന്നും, ഇതിനായി ചരടുവലിച്ചത് സിപിഐഎമ്മിലും അന്നത്തെ സംസ്ഥാന ഭരണ നേതൃത്വത്തിലും ഒരുപോലെ സ്വാധീനമുണ്ടായിരുന്ന ഒരു ഉന്നതനാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അടുത്ത സുഹൃത്തുക്കളോടാണ് പത്മകുമാർ ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ചത്.
ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് സി.പി.ഐ.എം പത്മകുമാറിനെതിരെ കടുത്ത അച്ചടക്ക നടപടിയെടുക്കാൻ ഒരുങ്ങുന്നതിനിടയിലാണ് ഈ രാഷ്ട്രീയ ബോംബ് പൊട്ടിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പാർട്ടിയുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാകുമെന്ന സൂചനകൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ, താൻ കടന്നുപോയ അനുഭവങ്ങളും ശബരിമലയിലെ യഥാർത്ഥ സത്യങ്ങളും ഉൾപ്പെടുത്തി ഒരു ആത്മകഥ എഴുതാൻ പത്മകുമാർ തയ്യാറെടുക്കുന്നതായും വിവരമുണ്ട്.
'യുവതികൾ കയറിയത് ടിവിയിലൂടെയാണ് അറിഞ്ഞത്'
ഇടതുപക്ഷ സർക്കാർ ശബരിമലയിൽ യുവതീപ്രവേശനത്തിനായി അതീവ രഹസ്യ നീക്കം നടത്തിയ ദിവസം വലിയ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയതെന്നാണ് പത്മകുമാർ പറയുന്നത്. ആ ദിവസം സന്ധ്യയോടെ എഡിജിപി എസ്. ശ്രീജിത്തിനെയും ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന പത്മകുമാറിനെയും ശബരിമലയിൽ നിന്ന് മാറ്റുകയായിരുന്നു. എഡിജിപിയോട് ഡിജിപിയും പത്മകുമാറിനോട് മുഖ്യമന്ത്രിയുടെ അന്നത്തെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയും അടിയന്തരമായി തിരുവനന്തപുരത്തേക്ക് എത്താൻ നിർദേശം നൽകി വിളിപ്പിച്ചു.
ശബരിമലയിലെ യാത്ര ഒഴിവാക്കി തിരുവനന്തപുരത്ത് എത്തിയെങ്കിലും അവിടെ വെച്ച് ഉന്നത വ്യക്തിയെ കാണാൻ തനിക്ക് അനുമതി നൽകിയില്ലെന്ന് പത്മകുമാർ വെളിപ്പെടുത്തുന്നു. തുടർന്ന് പുലർച്ചെ മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ഓഫീസിലെ മുറിയിൽ എത്തി ടിവി ഓൺ ചെയ്തപ്പോഴാണ് ശബരിമലയിൽ യുവതികൾ പ്രവേശിച്ച വാർത്ത താൻ അറിയുന്നത്. ഇതിന് പിന്നിൽ ചില കറുത്ത കൈകൾ പ്രവർത്തിച്ചിട്ടുണ്ടെന്നും അന്നത്തെ സംഭവവികാസങ്ങളെല്ലാം അതതു ദിവസം തന്നെ ഡയറിയിൽ കുറിച്ചുവെച്ചിട്ടുണ്ടെന്നും അദ്ദേഹം സുഹൃത്തുക്കളോട് വ്യക്തമാക്കി.
ആത്മകഥയിൽ എല്ലാം തുറന്നെഴുതും; ഭയന്ന് ഉന്നതർ
ശബരിമല യുവതീപ്രവേശന കാലത്തെ അണിയറ നീക്കങ്ങളും തനിക്കെതിരെയുള്ള സ്വർണക്കൊള്ള കേസിലെ യാഥാർത്ഥ്യങ്ങളും ആത്മകഥയിലൂടെ പുറത്തുകൊണ്ടുവരാനാണ് പത്മകുമാറിന്റെ തീരുമാനം. ശബരിമല ക്ഷേത്രത്തിലെ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ ദേവസ്വം രജിസ്റ്ററിൽ 'ചെമ്പ് പാളി' എന്ന് എഴുതിയത് മറ്റാരോ ആണെന്നും അതിൽ ഒപ്പിടാൻ താൻ നിർബന്ധിതനാവുകയായിരുന്നു എന്നുമാണ് പത്മകുമാറിന്റെ വാദം.
അതേസമയം, നാളെ (ജൂൺ 15) പത്മകുമാറിനെതിരെ നടപടിയെടുക്കാൻ സി.പി.ഐ.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് ഈ വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുന്നത്. പാർട്ടിയുടെ കടുത്ത അച്ചടക്ക നടപടി ഒഴിവാക്കാനും നേതൃത്വത്തിന് മേൽ സമ്മർദ്ദം ചെലുത്താനുമുള്ള പത്മകുമാറിന്റെ തന്ത്രമായാണ് പാർട്ടിയിലെ ഒരു വിഭാഗം ഇതിനെ കാണുന്നത്. എന്നാൽ പത്മകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയാൽ ശബരിമല യുവതീപ്രവേശനത്തിലെയും സ്വർണവിവാദത്തിലെയും ഉന്നതരുടെ ഇടപെടലുകൾ പുറത്തുവരുമെന്ന ഭയം ചില മുതിർന്ന നേതാക്കൾക്കുണ്ട്. അതുകൊണ്ടുതന്നെ ഈ ആത്മകഥാ നീക്കം രാഷ്ട്രീയ കേരളത്തിൽ വരുംദിവസങ്ങളിൽ വലിയ കൊടുങ്കാറ്റ് ഉയർത്തുമെന്നുറപ്പാണ്.
---------------
Hindusthan Samachar / Roshith K