Enter your Email Address to subscribe to our newsletters

Kolkatha, 15 ജൂണ്‍ (H.S.)
പശ്ചിമബംഗാളില്‍ മോഷ്ടാവെന്ന് ആരോപിച്ച് മലയാളി യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. സൗത്ത് 24 പര്‍ഗനാസ് ജില്ലയിലാണ് മുപ്പതുകാരനായ മലയാളി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കുല്‍താലിയിലെ സങ്കിജഹാന്‍ പ്രദേശത്ത് ജൂണ്‍ ഒന്‍പതിനാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കേരളത്തില്‍ ജോലി ചെയ്തിരുന്ന സുഹൃത്തുക്കള്‍ക്കൊപ്പം രണ്ടാഴ്ച മുന്‍പാണ് യുവാവ് കുല്‍താലിയില്‍ എത്തിയത്. ചൊവ്വാഴ്ച രാവിലെ പ്രദേശത്തെ മാര്‍ക്കറ്റിലേക്ക് ഒറ്റയ്ക്ക് പോയ യുവാവിന് വഴിതെറ്റുകയായിരുന്നു.
അപരിചിതമായ മറ്റൊരു പ്രദേശത്ത് എത്തിയ യുവാവിനെ കണ്ട നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു. എന്നാല്‍ ബംഗാളി ഭാഷ അറിയാത്തതിനാല്‍ താന്‍ ആരാണെന്നോ എന്തിനാണ് അവിടെ വന്നതെന്നോ കൃത്യമായി വിശദീകരിക്കാന്‍ യുവാവിന് സാധിച്ചില്ല. ഇതോടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ചിലര്‍ ആവശ്യപ്പെട്ടു.
ഭാഷാപരമായ തടസങ്ങള്‍ കാരണം കാര്യങ്ങള്‍ വിശദീകരിക്കാന്‍ കഴിയാതെ വന്നതോടെ യുവാവ് കള്ളനാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. തുടര്‍ന്ന് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് യുവാവിനെ കയറുകൊണ്ട് കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. റോഡില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കിടക്കുന്നതായി വിവരമറിഞ്ഞ് കുല്‍താലി പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് പരിക്കേറ്റ യുവാവിനെ ജോയ്നഗര്‍-കുല്‍താലി റൂറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. കൊല്ലപ്പെട്ടയാളുടെ പേരുവിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. യുവാവിന്റെ കൃത്യമായ വിവരങ്ങള്‍ കണ്ടെത്താന്‍ കേരള പൊലീസുമായി ബന്ധപ്പെടാന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം.
---------------
Hindusthan Samachar / Sreejith S