Enter your Email Address to subscribe to our newsletters

Nagppur, 16 ജൂണ്‍ (H.S.)
ജയ്പൂരില്‍ നടന്ന പ്രതിഷേധത്തിനിടെ തനിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില് ആര്.എസ്.എസ് ആണെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) സ്ഥാപകന്‍ അഭിജീത് ദിപ്‌കെ. വിദ്യാര്‍ഥികളുടെ ശബ്ദം അടിച്ചമര്‍ത്താനും യഥാര്‍ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുമാണ് ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നത്. ഇതിലൊന്നും തളര്‍ന്ന് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനോടോ അവരുടെ ആശയങ്ങളോടോ ആരെങ്കിലും എതിര്‍ത്ത് സംസാരിച്ചാല്‍ അവര്‍ എക്കാലവും ഇങ്ങനെയാണ് പ്രതികരിക്കാറുള്ളത്. തനിക്ക് ആര്‍.എസ്.എസുമായി ബന്ധമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നുമുള്ള പ്രചാരണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, അതുകൊണ്ടാണോ അവര്‍ ഇന്നലെ തന്നെ ആക്രമിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നാഗ്പുരിലെ സംവിധാന്‍ സ്‌ക്വയറില്‍ ഇന്ന് നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനായി രാവിലെ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ആര്‍.എസ്.എസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.
തിങ്കളാഴ്ച ജയ്പൂരില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെയാണ് അഭിജീത് ദിപ്‌കെയ്ക്ക് നേരെ ആക്രമണമുണ്ടായത്. വേദിയിലേക്ക് അനുയായികള്‍ അദ്ദേഹത്തെ തോളിലേറ്റി കൊണ്ടുപോകുന്നതിനിടെ ജനക്കൂട്ടത്തിനിടയില്‍ നിന്ന് എത്തിയ രണ്ടുപേര്‍ അദ്ദേഹത്തിന്റെ മുഖത്ത് തുടര്‍ച്ചയായി അടിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S