ഡല്ഹിക്ക് സമീപം നമോ സിറ്റി; നാല് പുതിയ ഗ്രീന്ഫീല്ഡ് നഗരങ്ങള് വികസിപ്പിക്കും;കേന്ദ്ര നഗരകാര്യ മന്ത്രി മനോഹര് ലാല് ഖട്ടാര്
New delhi, 16 ജൂണ്‍ (H.S.) ഡല്‍ഹി-എന്‍സിആറില്‍ നാല് പുതിയ ഗ്രീന്‍ഫീല്‍ഡ് നഗരങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനം. കൂടാതെ ഡല്‍ഹിക്ക് ചുറ്റും ആധുനിക നഗരമായ ''നമോ സിറ്റി'' നിര്‍മ്മിക്കാനും നാഷണല്‍ ക്യാപിറ്റല്‍ റീജിയന്‍ പ്ലാനിംഗ് ബോര്‍ഡിന്റെ (എന്‍സിആര്‍
ഖട്ടാര്


New delhi, 16 ജൂണ്‍ (H.S.)

ഡല്‍ഹി-എന്‍സിആറില്‍ നാല് പുതിയ ഗ്രീന്‍ഫീല്‍ഡ് നഗരങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനം. കൂടാതെ ഡല്‍ഹിക്ക് ചുറ്റും ആധുനിക നഗരമായ 'നമോ സിറ്റി' നിര്‍മ്മിക്കാനും നാഷണല്‍ ക്യാപിറ്റല്‍ റീജിയന്‍ പ്ലാനിംഗ് ബോര്‍ഡിന്റെ (എന്‍സിആര്‍പിബി) 42-ാമത് യോഗത്തില്‍ തീരുമാനമായി. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എന്‍സിആറിന്റെ വികസനം, പരിസ്ഥിതി സംരക്ഷണം, പൊതുഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

അടുത്ത രണ്ട് മാസത്തിനുള്ളില്‍ റീജിയണല്‍ പ്ലാന്‍ 2041 അന്തിമരൂപം നല്‍കി നടപ്പാക്കുമെന്ന് യോഗത്തിന് ശേഷം മനോഹര്‍ ലാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്‍സിആറിന്റെ നിലവിലുള്ള അതിര്‍ത്തികളില്‍ മാറ്റമുണ്ടാകില്ല. ഈ പദ്ധതിക്ക് കീഴില്‍ ഓരോ സംസ്ഥാനത്തും ഒരു വലിയ നഗരത്തെ 'നമോ നോഡ്' എന്ന ഗ്രീന്‍ഫീല്‍ഡായി വികസിപ്പിക്കും. ഡല്‍ഹിക്ക് ചുറ്റും നിര്‍മ്മിക്കുന്ന 'നമോ സിറ്റി' അത്യാധുനിക നഗര സൗകര്യങ്ങളും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും കൊണ്ട് സജ്ജീകരിക്കുകയും ചെയ്യും.

32 ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന 55,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ളതാണ് എന്‍സിആര്‍. മേഖലയിലെ വികസനവും പരിസ്ഥിതി സംരക്ഷണവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനായി പുതിയ നയങ്ങള്‍ നടപ്പാക്കും. ആരവല്ലി മേഖലയുടെ സംരക്ഷണവും യോഗത്തില്‍ ചര്‍ച്ച ചെയ്തു. നിലവിലുള്ള വനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ സംരക്ഷിക്കാനും ഹരിതാവരണം വര്‍ദ്ധിപ്പിക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കുകയും ചെയ്യും.

മലിനീകരണ നിയന്ത്രണം സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളും യോഗത്തില്‍ എടുത്തിട്ടുണ്ട്. ബിഎസ്-1, ബിഎസ്-2, ബിഎസ്-3 വാഹനങ്ങള്‍ റോഡുകളില്‍ നിന്ന് നീക്കം ചെയ്യും. ബിഎസ്-6 സ്റ്റാന്‍ഡേര്‍ഡ് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ധാരണയായി. ഇതിനായി 'പരിവര്‍ത്തന്‍ യോജന' നടപ്പാക്കും, അതിന് കീഴില്‍ പഴയ വാഹനങ്ങള്‍ പൊളിക്കാനും പുതിയ വാഹനങ്ങള്‍ വാങ്ങുന്നച് പ്രോത്സാഹിക്കുന്നതിനും പദ്ധതികള്‍ കൊണ്ടുവരും. 2010 മുതല്‍ പ്രവര്‍ത്തിക്കുന്ന ബിഎസ്-3 വാഹനങ്ങള്‍ ഇപ്പോള്‍ 16 വര്‍ഷം പഴക്കമുള്ളതിനാല്‍ അവ ഘട്ടംഘട്ടമായി റോഡുകളില്‍ നിന്ന് ഒഴിവാക്കും.

ഗതാഗത സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനും മെട്രോയുടെയും നമോ ഭാരത് റെയില്‍ ശൃംഖലയുടെയും വിപുലീകരണത്തിനും ഊന്നല്‍ നല്‍കും. എന്‍സിആറിലെ നാല് പ്രധാന നഗരങ്ങളെ നമോ ഭാരത് പദ്ധതിയുമായി ബന്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശത്തില്‍ ഏകദേശം 5,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

യോഗത്തില്‍ അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം എന്‍സിആറിലെ നിലവിലെ ജനസംഖ്യ ഏകദേശം 75 ദശലക്ഷമാണ്, ഇത് അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകും. ഇത് മുന്നില്‍ കണ്ട് ഗതാഗതം, പാര്‍പ്പിടം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കായി ദീര്‍ഘകാല പദ്ധതികള്‍ തയ്യാറാക്കും.

ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി, ഉത്തര്‍പ്രദേശ് നഗരവികസന മന്ത്രി എ കെ ശര്‍മ, രാജസ്ഥാന്‍ നഗരവികസന മന്ത്രി ഝബാര്‍ സിംഗ് ഖറ, നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ആസൂത്രകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

---------------

Hindusthan Samachar / Sreejith S


Latest News