'ഗുജറാത്തിലെ നിന്റെ വീട് ബിജെപി ബുൾഡോസർ വെച്ച് തകർക്കും'; യൂസഫ് പഠാനെ ഉവൈസി ഭീഷണിപ്പെടുത്തിയെന്ന് മഹുവ മൊയ്ത്രയുടെ വെളിപ്പെടുത്തൽ
Newdelhi, 16 ജൂണ് (H.S.) ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽ (ടിഎംസി) പാർലമെന്ററി പാർട്ടിയിൽ വൻ പിളർപ്പും വിമത നീക്കവും ശക്തമാകുന്നതിനിടെ, മുൻ ഇന്ത്യൻ ക്രിക്കറ്ററും വിമത എംപിയുമായ യൂസഫ് പഠാനെതിരെയുണ്ടായ പഴയൊരു ഭീഷണിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ പുറത്ത്
'ഗുജറാത്തിലെ നിന്റെ വീട് ബിജെപി ബുൾഡോസർ വെച്ച് തകർക്കും'; യൂസഫ് പഠാനെ ഉവൈസി ഭീഷണിപ്പെടുത്തിയെന്ന് മഹുവ മൊയ്ത്രയുടെ വെളിപ്പെടുത്തൽ


Newdelhi, 16 ജൂണ് (H.S.)

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽ (ടിഎംസി) പാർലമെന്ററി പാർട്ടിയിൽ വൻ പിളർപ്പും വിമത നീക്കവും ശക്തമാകുന്നതിനിടെ, മുൻ ഇന്ത്യൻ ക്രിക്കറ്ററും വിമത എംപിയുമായ യൂസഫ് പഠാനെതിരെയുണ്ടായ പഴയൊരു ഭീഷണിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ പുറത്ത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ ബിജെപിക്കെതിരെ പ്രതിഷേധിച്ച യൂസഫ് പഠാനെ എഐഎംഐഎം (AIMIM) അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി ഭീഷണിപ്പെടുത്തിയതായാണ് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയും ശ്രീനഗർ എംപി ആഗാ സയദ് റൂഹുല്ല മെഹ്ദിയും വെളിപ്പെടുത്തിയിരിക്കുന്നത്.

തൃണമൂൽ കോൺഗ്രസിലെ 20 ഓളം വിമത എംപിമാർ മമതാ ബാനർജിയെ കൈവിട്ട് നാഷണൽ സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയുമായി (NCPI) ലയിക്കാൻ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകിയതിന് തൊട്ടുപിന്നാലെയാണ് ഈ രാഷ്ട്രീയ വിവാദം വീണ്ടും പുകയുന്നത്.

യൂസഫ് പഠാൻ ഭയന്ന് വിറച്ചു; വെളിപ്പെടുത്തലുമായി നാഷണൽ കോൺഫറൻസ് എംപി

നാഷണൽ കോൺഫറൻസ് (NC) നേതാവും ശ്രീനഗർ എംപിയുമായ ആഗാ സയദ് റൂഹുല്ല മെഹ്ദിയാണ് ആദ്യം സാമൂഹിക മാധ്യമമായ എക്സിലൂടെ (X) പാർലമെന്റിൽ നടന്ന സംഭവം വിവരിച്ചത്. ശീതകാല സമ്മേളനത്തിൽ പ്രതിപക്ഷം നടത്തിയ ഒരു പ്രതിഷേധ പരിപാടിയിൽ യൂസഫ് പഠാൻ പങ്കെടുത്തിരുന്നു. ഈ സമയം മറ്റൊരു പാർട്ടിയിലെ മുസ്ലിം എംപി യൂസഫ് പഠാന്റെ അടുത്തെത്തി പ്രതിഷേധത്തിൽ നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ഇതിന് പിന്നാലെ യൂസഫ് പഠാൻ കടുത്ത ഭയത്തോടെയാണ് തന്റെ സീറ്റിലേക്ക് മടങ്ങിയെത്തിയതെന്ന് മെഹ്ദി കുറിച്ചു. യൂസഫിന്റെ മുഖഭാവം പാടെ മാറിയിരുന്നു, അയാൾ ഭയന്ന് വിറയ്ക്കുകയായിരുന്നു. പിന്നീട് താൻ കാര്യം തിരക്കിയപ്പോഴാണ് ബിജെപിക്കെതിരെ പ്രതിഷേധിക്കരുതെന്ന് മറ്റൊരു എംപി തന്നെ ഭീഷണിപ്പെടുത്തിയ കാര്യം യൂസഫ് വെളിപ്പെടുത്തിയത്. നിനക്കെന്താണ് വട്ടായോ? എന്തിനാണ് നീ ബിജെപിക്കെതിരെ പ്രതിഷേധിക്കുന്നത്? അവർ ഗുജറാത്തിലെ നിന്റെ വീട് ബുൾഡോസർ വെച്ച് തകർക്കും, എന്നായിരുന്നു ആ എംപി യൂസഫ് പഠാനോട് പറഞ്ഞത്.

ഉവൈസിയുടെ പേരെടുത്ത് പറഞ്ഞ് മഹുവ മൊയ്ത്ര; 'അവൻ വെറുമൊരു പേടിത്തൊണ്ടൻ'

മെഹ്ദിയുടെ ഈ പോസ്റ്റിന് മറുപടിയായാണ് തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവ് മഹുവ മൊയ്ത്ര രംഗത്തെത്തിയത്. യൂസഫ് പഠാനെ ഭീഷണിപ്പെടുത്തിയത് അസദുദ്ദീൻ ഉവൈസി തന്നെയാണെന്ന് മഹുവ പരസ്യമായി വെളിപ്പെടുത്തി. അന്ന് താൻ വിഷയത്തിൽ ഇടപെടുകയും തൃണമൂൽ കോൺഗ്രസ് യൂസഫിനൊപ്പം ഉറച്ചുനിൽക്കുമെന്ന് ആശ്വസിപ്പിക്കുകയും ചെയ്തിരുന്നതായി മഹുവ ഓർമ്മിപ്പിച്ചു.

വിമത നീക്കം നടത്തി പാർട്ടിയെ ചതിച്ച യൂസഫ് പഠാനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് മഹുവ പ്രതികരിച്ചത്. ഒരു നട്ടെല്ലുമില്ലാത്ത ചതിയന് (ഗദ്ദാർ) വേണ്ടിയാണ് ഞാൻ അന്ന് വാദിച്ചതെന്ന് ഓർക്കുമ്പോൾ കഷ്ടം തോന്നുന്നു. അവൻ ക്രിക്കറ്റ് കമന്ററി പറഞ്ഞു നടക്കുന്നതായിരുന്നു ഇതിലും ഭേദം. അവൻ വെറുമൊരു പേടിത്തൊണ്ടനാണ് (ഫട്ടു), മഹുവ കുറിച്ചു. മഹുവയെയും ടിഎംസിയെയും പുറകിൽ നിന്ന് കുത്തിയ യൂസഫിന്റെ പ്രവർത്തിയിൽ തനിക്ക് ഖേദമുണ്ടെന്ന് മെഹ്ദിയും കൂട്ടിച്ചേർത്തു.

പ്രതിസന്ധിയിൽ തൃണമൂൽ കോൺഗ്രസ്

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബഹറംപൂർ സീറ്റിൽ നിന്നുമാണ് യൂസഫ് പഠാൻ തൃണമൂൽ ടിക്കറ്റിൽ പാർലമെന്റിലെത്തിയത്. എന്നാൽ നിലവിൽ മമതാ ബാനർജിക്കെതിരെ ഉയർന്നുവന്ന വിമത നീക്കത്തിന്റെ പ്രധാന മുഖങ്ങളിലൊന്നാണ് യൂസഫ് പഠാൻ. കകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിലുള്ള 20 എംപിമാരാണ് പാർട്ടി വിട്ട് എൻഡിഎ മുന്നണിയെ പിന്തുണയ്ക്കാൻ നീക്കം നടത്തുന്നത്. ബംഗാളിൽ 64 എംഎൽഎമാരുടെ പിന്തുണയുള്ള മറ്റൊരു വിഭാഗവും മമതയ്ക്കെതിരെ രംഗത്തുണ്ട്. പാർട്ടി ചിഹ്നത്തിനും ആസ്തികൾക്കുമായി ഇരുവിഭാഗവും തമ്മിൽ കടുത്ത നിയമപോരാട്ടത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നിരിക്കുന്നത്.

---------------

Hindusthan Samachar / Roshith K


Latest News