നീറ്റ് പരീക്ഷയില് ഇനി ഒരു തട്ടിപ്പ് നടക്കരുത്; ടെലഗ്രാമിന് ഇന്ത്യയില് താല്ക്കാലിക വിലക്ക്
New delhi, 16 ജൂണ്‍ (H.S.) നീറ്റ് പുനപരീക്ഷാ നടക്കാനിരിക്കെ മെസേജിങ് ആപ്പായ ടെലഗ്രാമിന് ഇന്ത്യയില്‍ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി. നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പുനഃപരീക്ഷ പൂര്‍ത്തിയാകുന്ന ജൂണ്‍ 22 വരെയാണ് നിരോധനം. നീറ്റ് പുനഃപരീക്ഷയ്
NEET


New delhi, 16 ജൂണ്‍ (H.S.)

നീറ്റ് പുനപരീക്ഷാ നടക്കാനിരിക്കെ മെസേജിങ് ആപ്പായ ടെലഗ്രാമിന് ഇന്ത്യയില്‍ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി. നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പുനഃപരീക്ഷ പൂര്‍ത്തിയാകുന്ന ജൂണ്‍ 22 വരെയാണ് നിരോധനം. നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന വ്യാജ പ്രചാരണങ്ങള്‍ക്കും വലിയ സാമ്പത്തിക തട്ടിപ്പുകള്‍ക്കും ടെലഗ്രാം ആപ്പ് വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് താല്‍ക്കാലിക നിരോധനം.

'PAPER LEAKED NEET', 'Re-NEET 2026', 'Private Mafia', 'REE NEET MAFIAA' തുടങ്ങിയ പേരുകളിലുള്ള ടെലഗ്രാം ചാനലുകള്‍ വഴി പരീക്ഷാ ചോദ്യപേപ്പറുകള്‍ ലഭ്യമാണെന്ന് പരസ്യപ്പെടുത്തുകയും വിദ്യാര്‍ത്ഥികളില്‍നിന്നും അവരുടെ കുടുംബങ്ങളില്‍ നിന്നും തട്ടിപ്പുകാര്‍ വന്‍തോതില്‍ പണം ആവശ്യപ്പെടുകയും ചെയ്തു.

അഹമ്മദാബാദ് സൈബര്‍ ക്രൈം ബ്രാഞ്ച് ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ ഇത്തരത്തില്‍ എട്ടോളം ടെലഗ്രാം ചാനലുകള്‍ വഴി 1.5 കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയ തട്ടിപ്പ് സംഘങ്ങളെ അറസ്റ്റ് ചെയ്തിരുന്നു. ഒരു മാസത്തിനുള്ളില്‍ ഏകദേശം ആയിരത്തോളം മൊബൈല്‍ നമ്പറുകളിലേക്കാണ് ഇവര്‍ ബന്ധപ്പെട്ടത്.

വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും കബളിപ്പിക്കാന്‍ ടെലഗ്രാമിലെ എഡിറ്റ് ഫീച്ചര്‍ തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്തിരുന്നുവെന്നും കണ്ടെത്തി. പരീക്ഷയ്ക്ക് മുമ്പ് ഒരു സാധാരണ മെസ്സേജ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുകയും, പരീക്ഷ കഴിഞ്ഞയുടന്‍ യഥാര്‍ത്ഥ ചോദ്യപേപ്പര്‍ ഉള്‍പ്പെടുത്തി ആ പഴയ മെസ്സേജ് അവര്‍ എഡിറ്റ് ചെയ്യുകയും ചെയ്യും. പരീക്ഷയ്ക്ക് മുമ്പ് ചോദ്യപേപ്പര്‍ അയച്ചിരുന്നുവെന്ന് വിശ്വസിപ്പിച്ച് പണം തട്ടാന്‍ വേണ്ടിയാണിത്.

ഈ സാഹചര്യത്തിലാണ് തട്ടിപ്പുകള്‍ തടയുന്നതിനായി, ജൂണ്‍ 22 വരെ ഇന്ത്യയില്‍ ടെലഗ്രാം ആക്‌സസ് ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താനും, ജൂണ്‍ 30 വരെ മെസ്സേജുകള്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചര്‍ പ്രവര്‍ത്തനരഹിതമാക്കാനും ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്. പരീക്ഷയ്ക്ക് മുന്‍പ് ആര്‍ക്കും ചോദ്യപേപ്പര്‍ ലഭ്യമല്ലെന്നും ഇത്തരത്തിലുള്ള വാഗ്ദാനങ്ങള്‍ പൂര്‍ണ്ണമായും തട്ടിപ്പാണെന്നും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News