Enter your Email Address to subscribe to our newsletters

Thiruvanathapuram, 16 ജൂണ്‍ (H.S.)
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാല രോഗവ്യാപനത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ 41 പേർ മരണമടഞ്ഞ സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച ഹൈപവർ കമ്മിറ്റി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നടപടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ജനങ്ങളുടെ ജീവൻ രക്ഷിക്കേണ്ട സമയത്ത് നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ട സർക്കാർ, ദുരന്തം സംഭവിച്ച ശേഷം കമ്മിറ്റികൾ രൂപീകരിച്ച് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണ്. നിരവധി യുവാക്കളടക്കം 41 പേർക്ക് ജീവൻ നഷ്ടമായ ശേഷമാണ് സർക്കാർ ഉണർന്നത് എന്നത് അത്യന്തം ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
മഴക്കാല രോഗങ്ങൾ കേരളത്തിന് പുതിയ കാര്യമല്ല. ഓരോ വർഷവും ഈ കാലഘട്ടത്തിൽ രോഗവ്യാപന സാധ്യത വർധിക്കുമെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. അതിനനുസരിച്ച് ആരോഗ്യവകുപ്പ് മുൻകരുതൽ പ്രവർത്തനങ്ങൾ ശക്തമാക്കുകയും തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് പ്രതിരോധ നടപടികൾ നടപ്പാക്കുകയും വേണമായിരുന്നു. എന്നാൽ സർക്കാർ അതിൽ ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്.
രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിലും പൊതുജന ബോധവത്കരണം നടത്തുന്നതിലും ആരോഗ്യ സംവിധാനങ്ങളെ സജ്ജമാക്കുന്നതിലും സർക്കാർ പരാജയപ്പെട്ടതിന്റെ ഫലമാണ് ഇന്ന് കേരളം അനുഭവിക്കുന്നത്. ജനങ്ങളുടെ ജീവൻ നഷ്ടപ്പെട്ട ശേഷം നടത്തുന്ന അവലോകന യോഗങ്ങൾക്കും കമ്മിറ്റികൾക്കും ആ നഷ്ടം നികത്താനാവില്ല.
മുഖ്യമന്ത്രി വി.ഡി. സതീശനും ആരോഗ്യമന്ത്രിയും കേരള ജനതയോട് മറുപടി പറയണം. രോഗവ്യാപന സാധ്യത മുൻകൂട്ടി കണ്ടിട്ടും എന്തുകൊണ്ടാണ് ഫലപ്രദമായ പ്രതിരോധ നടപടികൾ സ്വീകരിക്കാതിരുന്നത്? എന്തുകൊണ്ടാണ് ആരോഗ്യസംവിധാനങ്ങളെ കൂടുതൽ സജ്ജമാക്കാതിരുന്നത്? ഈ ചോദ്യങ്ങൾക്ക് സർക്കാർ വ്യക്തമായ മറുപടി നൽകേണ്ടതുണ്ട്.
ഭരണപരമായ അലംഭാവത്തിന്റെയും കെടുകാര്യസ്ഥതയുടെയും കാര്യത്തിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന് വീണ്ടും തെളിയുകയാണ്. ജനങ്ങളുടെ ജീവന് വില നൽകുന്ന ഭരണമാണ് കേരളത്തിന് വേണ്ടത്. ദുരന്തം സംഭവിച്ച ശേഷം കമ്മിറ്റികൾ പ്രഖ്യാപിക്കുന്ന ഭരണരീതിയല്ല.
കേരള ജനതയ്ക്ക് വേണ്ടത് ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്ന സർക്കാരല്ല; ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കാൻ മുൻകൈയെടുക്കുന്ന ഉത്തരവാദിത്തമുള്ള ഭരണകൂടമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S