മെസ്സിക്ക് ഹാട്രിക്; രാജകീയ തുടക്കവുമായി അർജൻറീന
Usa, 17 ജൂണ്‍ (H.S.) ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ആർ രാജകീയ തുടക്കവുമായി നിലവിലെ ചാമ്പ്യന്മാരായ അർജൻറീന. ലയണൽ മെസ്സി എന്ന മാന്ത്രികന്റെ ഇടം കാലിൽ നിന്നും വന്ന ഹാട്രിക്കിന്റെ കരുത്തിലാണ് അർജൻറീനയുടെ മിന്നും വിജയം. 3 -0 എന്ന മാർജിനിൽ ആണ് അൽജീ
Messi


Usa, 17 ജൂണ്‍ (H.S.)

ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ആർ രാജകീയ തുടക്കവുമായി നിലവിലെ ചാമ്പ്യന്മാരായ അർജൻറീന. ലയണൽ മെസ്സി എന്ന മാന്ത്രികന്റെ ഇടം കാലിൽ നിന്നും വന്ന ഹാട്രിക്കിന്റെ കരുത്തിലാണ് അർജൻറീനയുടെ മിന്നും വിജയം. 3 -0 എന്ന മാർജിനിൽ ആണ് അൽജീരിയയെ കീഴടക്കിയത്.

ആദ്യ പകുതിയിൽ ഒരു ഗോൾ നേടിയപ്പോൾ രണ്ടാം പകുതിയിലായിരുന്നു മെസ്സിയുടെ ‘ഡബിൾ’. ലോകകപ്പിൽ മെസ്സിയുടെ ആദ്യ ഹാട്രിക്കാണിത്. 16 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിലെ ഗോൾവേട്ടക്കാരിൽ ഒന്നാമതുള്ള മിറോസ്‌ലാവ് ക്ലോസയുടെ റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു.

കാൻസസ് സിറ്റി സ്റ്റേഡിയത്തെ ആവേശക്കടലാക്കിയാണ് ലയണൽ മെസ്സി അർജന്റീനയ്ക്കായി ആദ്യ ഗോൾ നേടിയത്. 17–ാം മിനിറ്റിൽ മധ്യനിര താരം റോഡ്രിഗോ ഡി പോൾ നൽകിയ മനോഹരമായ അസിസ്റ്റിൽ നിന്നാണ് മെസ്സി പന്ത് സ്വീകരിച്ചത്. പിന്നാലെ ബോക്സിന്റെ വലതു വശത്തുനിന്നും തന്റെ വിഖ്യാതമായ ശൈലിയിൽ ഇടത്തോട്ട് ഒരു കട്ട്-ഇൻ. മെസ്സിയുടെ ഷോട്ട് അൾജീരിയൻ പോസ്റ്റിന്റെ ടോപ്പ് കോർണറിലേക്കാണ് തുളച്ചുകയറിയത്. ഗോളിന് തൊട്ടുപിന്നാലെ വാർ പരിശോധന നടത്തിയെങ്കിലും ഇത്തവണ പിഴവുകളൊന്നുമില്ലാതെ ഗോൾ അനുവദിച്ചതോടെ അർജന്റീന 1-0 ന് മുന്നിലെത്തി. അഞ്ചാം മിനിറ്റിൽ മെസ്സി അടിച്ച ഒരു ഷോട്ട് ഗോൾവലയിലേക്ക് കയറിയെങ്കിലും ലൈൻസ്‌മാൻ ഓഫ്‌സൈഡ് ഫ്ലാഗ് ഉയർത്തിയതിനാൽ ഗോൾ അനുവദിച്ചിരുന്നില്ല. . .

40–ാം മിനിറ്റൽ അൽജീരിയയുടെ ശക്തമായ ഒരു മുന്നേറ്റം കീപ്പർ എമിലിയാനോ മാർട്ടിനെസ് കോർണർ വഴങ്ങി രക്ഷപ്പെടുത്തി. ഇതോടെ ഒന്നാം പകുതിയിൽ അർജന്റീന ലീഡ് നിലനിർത്തി. (1–0). രണ്ടാം പകുതിയുടെ തുടക്കത്തിൽ അർജന്റീന തങ്ങളുടെ റൈറ്റ് ബാക്ക് ഗോൺസാലോ മോണ്ടിയലിന് പകരം നാഹുവൽ മൊളീനയെ ഇറക്കി.54-ാം മിനിറ്റിൽ ലൗറേഅറാരോ മാർട്ടിനെസിന് പകരം ജൂലിയൻ അൽവാരസും, തിയാഗോ അൽമാഡയ്ക്ക് പകരം നിക്കോളാസ് ഗോൺസാലസും കളത്തിലെത്തി.

60–ാം മിനിറ്റിലാണ് മെസ്സിയുടെ രണ്ടാം ഗോൾ പിറക്കുന്നത്, അർജന്റീനയുടെയും. അലക്സിസ് മാക് അലിസ്റ്റർ ഉതിർത്ത ശക്തമായ ലോങ് റേഞ്ച് ഷോട്ട് കീപ്പർ സിദാൻ തട്ടിയകറ്റിയെങ്കിലും റീബൗണ്ട് ചെയ്ത പന്ത് ഓടിയെത്തിയ മെസ്സി മനോഹരമായി വലയിലെത്തിക്കുകയായിരുന്നു. 76-ാം മിനിറ്റിൽ മൂന്നാം ഗോൾ. പകരക്കാരനായി വന്ന നിക്കോ ഗോൺസാലസിന്റെ പാസിൽ നിന്ന് ബോക്സിനുള്ളിലേക്ക് കടന്ന മെസ്സി തന്റെ പ്രശസ്തമായ ഇടങ്കാലൻ ഷോട്ടിലൂടെ പന്ത് അൽജീരിയൻ പോസ്റ്റിന്റെ കോർണറിലേക്ക് തിരിച്ചുവിട്ടു; ലോകകപ്പ് ചരിത്രത്തിൽ മെസ്സിയുടെ ആദ്യ ഹാട്രിക്.

പിന്നാലെ മെസ്സിയെ പിൻവലിച്ച് യുവതാരം നിക്കോ പാസിനെയും, ക്രിസ്റ്റ്യൻ റൊമേറോയ്ക്ക് പകരം നിക്കോളാസ് ഓട്ടാമെൻഡിയെയും കോച്ച് ലയണൽ സ്കലോണി മൈതാനത്തിറക്കി. സ്റ്റേഡിയത്തിലെ മുഴുവൻ ആരാധകരും എഴുന്നേറ്റുനിന്ന് കയ്യടിയാണ് മെസ്സിയെ യാത്രയാക്കിയത്.

നിശ്ചിത സമയവും 5 മിനിറ്റ് അധിക സമയവും അവസാനിച്ചതോടെ റഫറി ഫൈനൽ വിസിൽ മുഴക്കി.

---------------

Hindusthan Samachar / Sreejith S


Latest News