Enter your Email Address to subscribe to our newsletters

New delhi, 17 ജൂണ്‍ (H.S.)
ശിവസേന യുബിടി വിഭാഗത്തിന്റെ ഒന്‍പത് ലോക്സഭാ എംപിമാരില്‍ ആറുപേര്‍ ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിലേക്ക് മാറുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ നീക്കളുമായി ഉദ്ധവ് താക്കറെ. ഡല്‍ഹിയില്‍ തമ്പടിച്ചഎംപിമാരുടെ വിമത നീക്കം തടയാന്‍ പാര്‍ട്ടി നേതൃത്വം അടിയന്തര വിപ്പ് പുറപ്പെടുവിച്ചു. വ്യാഴാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കാനാണ് എംപിമാര്‍ക്ക് നല്‍കിയിട്ടുള്ള കര്‍ശന നിര്‍ദേശം.
ലോക്സഭയിലെ പാര്‍ട്ടി ചീഫ് വിപ്പായ അനില്‍ ദേശായിയാണ് വിപ്പ് നല്‍കിയത്. വ്യാഴാഴ്ച രാവിലെ 11ന് പാര്‍ലമെന്റ് ഹൗസിലെ 128-എ നമ്പര്‍ ഓഫിസിലാണ് യോഗം. സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ടെന്നും എല്ലാ അംഗങ്ങളും നിര്‍ബന്ധമായും ഹാജരാകണമെന്നും നോട്ടിസില്‍ വ്യക്തമാക്കുന്നു. എംപിമാരെ നേരില്‍ കാണാനും യോഗത്തില്‍ പങ്കെടുക്കാനുമായി പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഡല്‍ഹിയില്‍ എത്തിയേക്കും. വിമതര്‍ക്കെതിരെ അയോഗ്യതാ നടപടികള്‍ സ്വീകരിക്കുന്നതിന്റെ മുന്നോടിയായാണ് വിപ്പ് നല്‍കിയതെന്നാണ് സൂചന.
ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അരവിന്ദ് സാവന്ത് കത്ത് നല്‍കി. വിമത എംപിമാര്‍ പ്രത്യേക ഗ്രൂപ്പായി അംഗീകാരം തേടുകയോ മറ്റൊരു പാര്‍ട്ടിയുമായി ലയിക്കാന്‍ ആവശ്യപ്പെടുകയോ ചെയ്താല്‍ അത് അംഗീകരിക്കരുതെന്ന് കത്തില്‍ അഭ്യര്‍ഥിച്ചു. യഥാര്‍ഥ ശിവസേനയെ പ്രതിനിധീകരിക്കുന്നത് ഏത് വിഭാഗമാണെന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S