Enter your Email Address to subscribe to our newsletters

Mumbai, 17 ജൂണ്‍ (H.S.)
നീറ്റ് പുനഃപരീക്ഷയില്‍ ക്രമക്കേടുകള്‍ തടയുന്നതിന്റെ ഭാഗമായി ടെലിഗ്രാമിന് ഏര്‍പ്പെടുത്തിയ വിലക്കില്‍ അതൃപ്തി പരസ്യമാക്കി കമ്പനി. ഒരാഴ്ചത്തെ വിലക്കില്‍ കടുത്ത അതൃപ്തിയാണ് ടെലിഗ്രാം സിഇഒ പാവല്‍ ദുറോവ് രേഖപ്പെടുത്തിയിരിക്കുന്നത്. പരീക്ഷാ വിവരങ്ങള്‍ ചോര്‍ത്തിയവരെ കണ്ടെത്തി ശിക്ഷിക്കുന്നതിന് പകരം രാജ്യത്തെ 15 കോടിയിലധികം വരുന്ന സാധാരണ ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിലക്ക് ഏര്‍പ്പെടുത്തിയത് കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും ഇത്തരം തട്ടിപ്പുകള്‍ മറ്റ് ആപ്പുകളിലേക്ക് മാറുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ടെലിഗ്രാം തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഒരു കടയില്‍ മോഷണം നടന്നതിന്റെ പേരില്‍ ഷോപ്പിങ് മാള്‍ മുഴുവന്‍ അടച്ചുപൂട്ടുന്നതിനോടും, ഒരാള്‍ അമിതവേഗത്തില്‍ വാഹനം ഓടിച്ചതിന് റോഡ് മുഴുവന്‍ അടച്ചിടുന്നതിനോടുമാണ് ടെലിഗ്രാം ഈ വിലക്കിനെ ഉപമിച്ചത്. ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷനും ടെലിഗ്രാമിന്റെ ഈ വാദത്തെ പിന്തുണച്ചു. പരീക്ഷാ തട്ടിപ്പുകള്‍ തടയാന്‍ ആപ്പ് നിരോധിക്കുന്നത് ഒട്ടും പ്രായോഗികമല്ലാത്ത നടപടിയാണെന്ന് അവര്‍ വ്യക്തമാക്കി.
എന്നാല്‍ ടെലിഗ്രാമിന്റെ വാദങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. മാളുകളില്‍ മോഷ്ടാക്കളെ പരസ്യമായി വിലസാന്‍ അനുവദിക്കാറില്ലെന്നും എന്നാല്‍ ടെലിഗ്രാമില്‍ തട്ടിപ്പുകാരും വിദ്വേഷ പ്രചാരകരും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് ഒരു ഉപയോക്താവ് ചൂണ്ടിക്കാട്ടിയത്. ഇതിന് മറുപടിയായി പ്ലാറ്റ്‌ഫോമിലെ ദുരുപയോഗങ്ങള്‍ തടയാന്‍ സ്വീകരിച്ച നടപടികള്‍ ടെലിഗ്രാം വിശദീകരിച്ചു. പ്രശ്‌നങ്ങളുടെ ഉറവിടം ടെലിഗ്രാം അല്ലെങ്കിലും കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ പരീക്ഷാ വിവരങ്ങള്‍ ചോര്‍ത്തിയ നൂറുകണക്കിന് ചാനലുകള്‍ നീക്കം ചെയ്തിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
---------------
Hindusthan Samachar / Sreejith S